Monday, August 23, 2010

വെല്‍ക്കം ടു ഊട്ടിഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.


ആറടി നീളം, പാതി തിന്ന പഞ്ഞിമിട്ടായി പോലെ എണീറ്റു നില്‍ക്കുന്ന തലമുടി, ഉമിക്കരി പറ്റിപ്പിടിച്ച പോലത്തെ നനുത്ത മീശ, ഗ്യാരണ്ടി കളര്‍, അന്തര്‍മുഖന്‍, അന്തവും കമ്മി , ഇതൊക്കെയായിരിന്നു സുരേഷിന്റെ ശരീരത്തിന്റെ ഒരേകദേഷ ബയോളജി. പുതിയ റിലീസ് സിനിമകള്‍ , ക്രിക്കറ്റ് കളി (ടെസ്റ്റുള്‍പ്പെടെ) , WWF റെസ്റ്റ്ലിങ്ങ്, ഹിന്ദിപാട്ടുകള്‍ എന്നിവയായിരിന്നു ടിയാന്റെ ഏരിയാ ഓഫ് ഇന്ററസ്റ്റ്.

സുരേഷ് ഏഴാം ക്ലാസില്‍ പടിക്കുമ്പം വല്യാപ്പന്‍ കാലൊടിഞു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കടന്നപ്പം വിസിറ്റ് ചെയ്യാന്‍ പോയ വഴി തൃശൂര്‍ മൃഗശാല ഒന്നു കണ്ടൊതൊഴിച്ചാല്‍ അന്നേവരെ സുരേഷ് ഒരു ടൂറു പോലും പോയിട്ടില്ലായിരിന്നു. ഊട്ടി-മൈസൂരിലേക്കൊരു ടൂറുണ്ട് താല്‍പ്പര്യമുള്ളവര്‍ പേരു തരുവാ, എന്നു വിജയന്‍ മാഷ് പറയുമ്പോള്‍ വണ്‍‌ഡേയില്‍ ഇന്ത്യ സിംബാബ്‌വെയോടു വീണ്ടും തോറ്റു എന്ന വാര്‍ത്ത കേള്‍ക്കുന്ന ലാഘവത്തോടെയായിരിന്നു സുരേഷ് അതിനെ കണ്ടത്. കാരണം നോ മണി, സൊ നോ ഹണി, എന്ന പക്ഷക്കാരനായിരിന്നു സുരേഷ്.


ഒടുവില്‍ അറ്റകയ്യിനു, ഞങ്ങടെ കല്യാണി ടീച്ചറുടെ ഒരേയൊരു മോള്‍, ഡിഗ്രിക്കു പടിക്കുന്ന ഗ്രീഷ്മ അടക്കം 7 ചുള്ളത്തികളും ടൂറിനു വരുന്നുണ്ടെന്നും ഊട്ടി ബീച്ചില്‍ സ്വിം സ്യൂട്ടില്‍ എല്ലാവരും കൂടെ നീന്തല്‍ മത്സരമുണ്ടെന്നുമുള്ള അജീഷിന്റെ 916 ക്യാരറ്റ് നുണയില്‍ കമഴന്നടിച്ചു വീണു ടൂറിനു പേരു നല്‍കുകയായിരിന്നു പാവം സുരേഷ്. സില്ലി ബോയ്...!!!

പിറ്റേന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം ലീവെടെത്തു മണല്‍ വാരി ഉണ്ടാക്കിയ കാശ്, ടൂറിനു വിട്ടില്ലേല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു സുരേഷിന്റമ്മ സരസു ഏട്ടത്തിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് , വിജയന്‍ സാറിന്റെ മുന്നിലേക്കു പുല്ലുപോലെ എറിഞു കൊടുത്തിട്ടേ പിന്നെ സുരേഷ് ക്ലാസില്‍ വന്നുള്ളൂ.

ജീവിതത്തിലാദ്യമായി സുരേഷ് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്കാക്കി ഇന്‍സൈഡ് ചെയ്തതും ഈ ടൂറിനു വേണ്ടിയായിരിന്നു.


അങ്ങിനെ മഞ്ഞു പെയ്യുന്ന ജാനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഞങ്ങള്‍ 12 ചുള്ളന്മാരും 6 ചുള്ളത്തികളും വിജയന്‍ മാഷും കല്യാണി ടീച്ചറുമടക്കം 20 അം‌ഗ സഘം, നീലക്കുറിഞ്ഞികള്‍ പൂക്കാറുള്ള നീലഗിരിയുടെ താഴ്വാരത്തിലെ പൂന്തോട്ട നഗരം ഊട്ടിയില്‍ എത്തിച്ചേര്‍ന്നു. സൌഹൃദ ബന്ദങ്ങള്‍‍ക്കു പുതിയ മാനങ്ങള്‍ കൈവരുന്ന കലാലയ ജീവിതത്തിലെ ഈ വിനോദയാത്രയിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ മതി മറന്ന് കളിയും ചിരിയും തമാശകളുമായി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും ബോട്ട് ഹൌസിലും ഫ്ലവര്‍ ഗാര്‍ഡനിലുമെല്ലാം അടിച്ചു പൊളിച്ച് ജീവിതത്തിലെ മറക്കാനാവാത്തൊരു ദിവസം സമ്മാനിക്കുകയായിരിന്നു ഊട്ടി ഞങ്ങള്‍ക്ക്..( ഹോ മുടിഞ നെസ്റ്റാള്‍ജിയ... സെന്റി മ്യൂസിക് ബാക് ഗ്രൌണ്ടില്‍....♪ ലാ ലാലലാ ♪ )... ശോ ഒരു നിമിശം ഞാന്‍ മാറ്ററീന്നു മാറിപ്പോയി..


രാവിലെ മുതല്‍ വൈകുന്നേരം വരെ അങ്ങാടി പശുക്കളെ പോലെ അലഞ്ഞു തിരിഞു നടന്നു രാത്രിയായപ്പോള്‍, ഊട്ടിയിലെ ഒരു ചെറിയ ഹോട്ടലില്‍ ഒരു ഹാളും ഒരു റൂമുമടങുന്ന വലിയ ഒരു ഡോര്‍മെറ്ററി വിജയന്‍ മാഷ് സംഘടിപ്പിച്ചു. ഞങ്ങള്‍ ആണ്‍കുട്ടികളും വിജയന്‍ മാഷും ഹാളിലും കല്യാണി ടീച്ചറും പെണ്‍ കുട്ടികളും റൂമിലും കിടന്നു. ഞങ്ങള്‍ കിടക്കുന്ന ഹാളിന്റെ വലതു ഭാഗത്തായിരിന്നു ബാത് റൂം. ഇടതു ഭാഗത്ത് ലേഡീസിന്റെ റൂമും.


പകലുമുഴുവന്‍ അലഞു തിരിഞു നടന്നതിന്റെ ക്ഷീണവും ഊട്ടിയിലെ കൊടും തണുപ്പും കാരണം തലയിലൂടെ പുതപ്പെല്ലാം വാരിപ്പുതച്ച് “ഉത്തരാധുനികത്തിലേക്ക്” കയ്യും തിരുകി, കൂര്‍ക്കവും വലിച്ചു , ഗ്രീഷ്മേടെ കയ്യു പിടിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ കുതിരപ്പുറത്ത് സവാരി നടത്തുന്നത് സ്വപ്നവും കണ്ട് ഉറങ്ങുന്ന എന്നെ പെട്ടെന്നാണു ആരോ തട്ടിയുണര്‍ത്തിയത്. കണ്ണു പാതി തുറന്നു നോക്കുമ്പം ബാറ്റണ്‍ കയ്യില്‍ പിടിച്ച് 400 മീറ്റര്‍ റിലേക്ക് വിസിലു കാത്തുനില്‍ക്കുന്നതു പോലെ അക്ഷമനായി നില്‍ക്കുന്ന സുരേഷ്.

‘എന്ത്രാ, മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല്ലടൈ?’

‘അളിയാ, എനിക്കൊന്നു മുള്ളണം, വെരി അര്‍ജെന്റാ‍ാ!!!’

‘ആഹാ... നിനക്കു മുള്ളാനെന്തിട്രാ ഞാന്‍??? നിന്റെ മഷീന്‍ ഗണ്‍ എന്റട്ത്താ??’

‘അതല്ലളിയാ, ഈ ബാത് റൂമെവിടാ.. ഒന്നും കാണണില്ലാ, ലൈറ്റിടാന്‍ പറ്റുവോ??’

‘ലൈറ്റിട്ടാ കൊല്ലും നിന്നെ ഞാന്‍ , നിന്റെ വലതു ഭാഗത്താ ബാത് റൂം, അതിനുള്ളീ പോയീ ലൈറ്റിട്ടാ മതി, നീ പോയേച്ച് വാ !! ഞാനിവിടെ കിടന്നോണ്ട് നോക്കിയേക്കാം..!!!’ തലയിലൂടെ പുതപ്പൊന്നു കൂടെ വലിച്ചിട്ടു ഞാന്‍ പറഞു.

ഹും വെട്ട് തടുത്താലും മുട്ട് തടുക്കാന്‍ പറ്റില്ലല്ലോ..!! ഇങ്ങ് തലക്കല്‍ ചന്തുവിന്റവിടം വരെ എത്തിയ മുട്ടുകാരണം സകല കണ്ട്രോളും പോയ സുരേഷ് ഇരുട്ടില്‍ വലതും ഇടതുമറിയാതെ തപ്പി തടഞു ശബ്ദമുണ്ടാക്കാതെ ബാത് റൂമാണെന്ന് കരുതി നേരെ പോയത് , ഗേള്‍സ് കിടക്കുന്ന റൂമിലേക്കായിരിന്നു.


റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ലൈറ്റിനായ് ചുമരില്‍ തപ്പി. ശോ ലൈറ്റ് കാണുന്നില്ല. ഇനിയും പിടിച്ചു നില്ക്കാന്‍ തനിക്കു കഴിയില്ലാന്നു മനസ്സിലാക്കിയ സുരേഷ് ഒരു ബല പരീക്ഷണത്തിനു നില്‍ക്കാതെ ‘ എന്തായാലും ബാത് റൂമിലല്ലേ’ ന്നു വിചാരിച്ച് പാന്റിന്റെ സിബ്ബഴിച്ച് , മുള്ളലിന്റെ ആദ്യാക്ഷരങ്ങള്‍ പറഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് ഹിന്ദുസ്ഥാനി രാഗത്തില്‍ തന്നെ ഒരലക്കങ്ങലക്കി.. ഹാവൂ ടാര്‍ജറ്റ് അച്ചീവ്ട്..


ഊട്ടിയിലെ കൊടും തണുപ്പ് സഹിക്കാന്‍ വയ്യാത്തോണ്ട് ഉടുത്തിരുന്ന സാരിയും പുതച്ച് ഗ്രീഷ്മയേം കെട്ടിപ്പിടിച്ചുറങുകയായിരിന്നു കല്യാണി ടിച്ചര്‍. കള കളമൊഴുകുന്ന ഏതോ കൊച്ചരുവിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പം കഴിഞാഴച്ച പോയ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്വപനം കണ്ടെതാണെന്നു കരുതി ടീച്ചര്‍ ഒന്നു മലര്‍ന്നു കടന്നു. ആതിരപ്പള്ളിയുടെ മനോഹാരിതയും സ്വപനം കണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആസ്വദിച്ച് കിടന്നിരുന്ന ടീച്ചര്‍ ഒറ്റചാട്ടത്തിനു ഞെട്ടിയെണീറ്റത് വീഗാര്‍ഡ് പമ്പിനേക്കാള്‍ ശക്തിയില്‍ വരുന്ന ഈ വെള്ളച്ചാട്ടം കുറച്ച് ടീച്ചറുടെ മുഖത്തേക്ക് തന്നെ പമ്പു ചെയ്തപ്പൊഴായിരിന്നു. ഞെട്ടിയുണര്‍ന്ന് സ്ഥലകാല ബോധമുണ്ടായ ടീച്ചര്‍ ഉപ്പുരസമുള്ള ഈ വെള്ളച്ചാട്ടം എവിടുന്നാന്നൊരു പിടിയും കിട്ടാതെ മഴപെയ്തു മുകളീന്നു ചോര്‍ന്നൊലിക്കുവാണോ, അതോ തന്റെ മോള്‍ ഗ്രീഷ്മ തന്നെ ഉറക്കത്തില്‍ അറിയാതെ പണി പറ്റിച്ചതാണോ എന്നറിയാതെ കുഴങ്ങി. വെള്ളച്ചാട്ടത്തിനു കുറവില്ലെന്നു കണ്ട ടീച്ചര്‍ ഗ്രീഷ്മയെ വിളിച്ചുണര്‍ത്തി മെല്ലെ ചോദിച്ചു “ മോളെ നീ എങ്ങാനും അറിയാതെ ബെഡ്ഡില്‍ മുള്ളിയോ? ” ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി ബെഡ്ഡില്‍ മുള്ളണോന്നു ചോദിക്കുന്ന ടീച്ചറെ കാര്യമാക്കതെ ഗ്രീഷ്മ തിരിഞു കിടന്നു പറഞു “ ഈ അമ്മക്കെന്താ വട്ടായാ, അമ്മ ആ ലൈറ്റിട്ടൊന്നു നോക്കിയേ ..!!!”


ഒന്നുമറിയാതെ സുഖമായുറങ്ങുന്ന മോളല്ല കാര്യം നടത്തിയേന്നു മനസ്സിലാക്കിയ കല്യാണി ടീച്ചര്‍ മെല്ലെ തപ്പിത്തടഞ് എണീറ്റ് ലൈറ്റിട്ടതും “എന്റമ്മേ“ എന്നലറി ബോധം കെട്ടു വീണതും ഒരുമിച്ചായിരിന്നു. ടീച്ചര്‍ടെ ഈ അലര്‍ച്ച കേട്ടു ഞെട്ടി എണീറ്റു നോക്കിയ പെണ്‍കുട്ടികള്‍ കണ്ട കാഴ്ച്ച ശരീരം മുഴുവന്‍ പുതപ്പെല്ലാം പുതച്ച് മുണ്ടും പൊക്കി എന്തോ ഒരു “സാധനം“ കയ്യില്‍ പിടിച്ചു സംഭവിച്ചെതെന്താന്നു ഒരു പിടിയും കിട്ടാതെ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന സുരേഷിനേയായിരിന്നു...
---------------------------------------------------------------------------------------
നേരം വെളുത്ത് നോക്കുമ്പം ബെഡ്ഡില്‍ സുരേഷില്ല. പകരം ഒരു കുറിപ്പ് മാത്രം “ നിങ വിട്ടോ, ഞാ വന്നോളാം”


-------------------------------------------------------------------------------------

ഡിസ്ക്ലൈമര്‍ : ഈ കഥയിലെ നായകനും കഥാകാരനും തമ്മില്‍ ഒരു ബന്ദവും ഇല്ല.. ഇനി വല്ല ബന്ദവോ അസബന്ദവോ ആര്‍കെങ്കിലും തോന്നിയാല്‍ അവരോടൊരു വാക്ക് “ ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല ..”


ചിത്രം: ഗൂഗിള്‍

Monday, August 2, 2010

ആ കുത്ത് മാറിക്കൊണ്ടു...ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ ഫ്രണ്ട് മണ്ടരി മനീഷിന്റെ പോയന്റ് ഓഫ് വ്യൂ. ഹല്ലേലും 50 ഓവര്‍ ബാറ്റ് ചെയ്തിട്ടു ഒരു ബൌണ്ടറി പോലുമടിച്ചില്ലേല്‍ പിന്നെ ക്രിക്കറ്റ് കളിക്കാതിരിരിക്കുന്നതാ നല്ലതെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു കാരണം സെക്കന്റ് ബീകോമായിട്ടും ഇന്നേവരെ പ്രേമവും ഞാനും തമ്മില്‍ നയന്‍ താരയും തലയിലെ താരനും തമ്മിലുള്ള ബന്ദം പോലുമുണ്ടായിരുന്നില്ല.

ലൂസായി അടിച്ചാല്‍ കൊറേകാലം ഉപയോഗിക്കാമെന്നു പറഞ്ഞു ചുരിദാറുപോലെ നീളമുള്ള ഷര്‍ട്ടും, അധികം നീളം കൂടിയാല്‍ നിലത്തിട്ടടിച്ച് വേഗം കീറുമെന്നു പറഞു കാല്‍ മുട്ടിനു താഴെ വരെ മാത്രം നീളമുള്ള പാന്റും, ഉപയോഗിച്ചു കഴിഞ്ഞ ടൂത്ത് പേസ്റ്റ് കണക്കേ മാത്രം ലുക്കും ആഗസ്റ്റ് പതിനഞ്ചിനു കൊടിനാട്ടുന്ന തൂണു കണക്കേ ഉയരവുമുള്ള എന്നെ കണ്ടമാത്രയില്‍ പെണ്‍കുട്ട്യോള്‍ വന്നു കെട്ടിപ്പിടിച്ചു കിസ്സു ചെയ്യാന്‍ ഞാന്‍ ഷാഹിദ് കപൂറൊന്നുമല്ലല്ലോ. ഇനി ഷാഹിദ് കപൂറ് പാണ്ടിവണ്ടികേറി, മലമ്പനി പിടിച്ചു, കത്തിക്കരിഞ വിറകുകൊള്ളിയായാല്‍ പോലും ഞാനവന്റെ ലുക്കുമാവൂല്ലാന്നു എനിക്കുമറിയാം. ബട്ട് ഒരു ലുക്കില്ലെന്നു കരുതി കാമ്പസ് ലൈഫില്‍ പ്രണയിക്കാതിരുന്നാല്‍, കാത്തു കാത്തു നിന്നു ബസ്സു വന്നപ്പം കേറാന്‍ മറന്ന അവസ്ഥയാവുമെന്നാ മനീഷിന്റെ ഒപീനിയന്‍.

അങ്ങനെ പ്രണയകാര്യത്തില്‍ തികച്ചും കന്യകനായിരുന്ന എന്റെ എല്ലാ കന്യകത്വവും തകര്‍ന്നതു ഫസ്റ്റ് ബി കോമിലെ ലതിക പി മേനോനെ കണ്ടതോടെയായിരിന്നു. ഫ്രഷേര്‍സ് ഡേക്കു “വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...“ എന്ന പാട്ടു പാടി ലതിക വന്നതു ഫസ്റ്റ് ബീകോമിലേക്കായിരുന്നില്ല, എന്റെ മനസ്സിന്റെ ഫസ്റ്റ്ക്ലാസിലേക്കായിരിന്നു. കണ്ണഞ്ചിപ്പിക്കുന്ന 100 വാള്‍ട്ട്‌ ഫ്ലൂറസന്റ്‌ ബള്‍ബിന്റെ നിറം,പിന്നില്‍ നിന്നു നോക്കിയാല്‍ ജയഭാരതിയേയും, മുന്നില്‍ നിന്നു നോക്കിയാല്‍ സാനിയ മിര്‍സയേയും അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി,ആകെ മൊത്തം ഐശ്വര്യാ റായിക്ക് ഹൃതിക് റോഷനില്‍ ഉണ്ടായപോലെത്തെ ഒരു ചുള്ളത്തിയായിരിന്നു ലതിക.

പരിചയപ്പെട്ടു മൂന്നാം നാളുതന്നെ ലതിക എന്റേം മനീഷിന്റേം ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്ത് ഞങ്ങളെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ്ഡി. രാവിലേം ഉച്ചക്കും വൈകീട്ടും എന്നു വേണ്ടാ സമയം കിട്ടിയപ്പോഴെല്ലാം ഞാന്‍ ലതികക്കു സ്ക്രാപ്പയച്ചും മെസ്സേജസ് ഫോര്‍വേഡ് ചെയ്തും അവളുടെ ഫ്രന്റ്സിന്റടുത്ത് അവളെ കുറിച്ച് രസകരമായ ടെസ്റ്റിമോണിയത്സ് പറഞും അവളുടെ മനസ്സില്‍ കേറിപ്പറ്റാന്‍ ശ്രമം തുടങി.

ഊണിലും ഉറക്കത്തിലും എന്റെ മനസ്സില്‍ ലതിക, ലതികയെ കുറിച്ചു മാത്രമായി ചിന്തകള്‍. ഉമ്മ തലയിലൂടെ വെള്ളമൊഴിച്ച് വിളിച്ചുണര്‍ത്താന്‍ വൈകുന്ന എന്റെ പുലര്‍കാല വേളകളില്‍ ഞാനും ലതികയും മൌറീഷ്യസിലെ നീല തടാകത്തില്‍ സ്പീട് ബോട്ടില്‍ ഉല്ലാസ സവാരി നടത്തി, പിന്നേം വൈകിയാല്‍, മഞ്ഞണിഞ ആല്‍‌പ്സ് പര്‍വത നിരകളില്‍ രണ്ടുകയ്യിലും മഞുവാരി പരസ്പരം എറിഞ്ഞു തണുപ്പാസ്വദിക്കാന്‍ വരെ പോയി ഞങ്ങള്‍. മണല്‍ വാരി വാരിയുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മനീഷു വാങിച്ച അവന്റെ സോണി വാക്മാനില്‍ രാത്രിമുഴുവന്‍ ഞാന്‍ “വരമഞളാടിയ രാവിന്റെ മാറില്‍ ” കേട്ടു കേട്ടു ഒടുവില്‍ കാസറ്റിന്റെ ഓല ചുറ്റി പണ്ടാരടങ്ങുന്നതു വരെ ആസ്വദിച്ചു ഒടുവില്‍ എപ്പൊഴൊക്കെയോ ഉറങി. ലതികയെ കാണാന്‍ പറ്റാത്തതു കാരണം ഹോളിഡേസുകള്‍ എനിക്കു അടൂറിന്റെ സിനിമ പോലെ ഇഴഞ്ഞിഴഞും ക്ലാസുള്ള ദിവങ്ങള്‍ സിദ്ദീക് ലാല്‍ സിനിമ പോലെ ആസ്വദിച്ചു പെട്ടെന്നും കടന്നു പോയി.ടിവിയിലും സിനിമയിലും ആരെ കണ്ടാലും അവര്‍ക്കെല്ലാം ലതികയുടെ മുഖം മാത്രം, എന്തിനധികം ഏഷ്യാനെറ്റില്‍ സ്ഥിരമായി വാര്‍ത്ത വായിക്കുന്ന മായക്കും മണിചിത്ര താഴിലെ ശോഭനക്കും വരെ ലതികയുടെ മുഖമായെനിക്ക് തോന്നി.

ലതികക്കു വേണ്ടി എന്റെ ഔട്ട് ലുക്കും ഫേസ് ബുക്കും എന്തിനു എന്റെ പ്രൊഫൈല്‍ വരെ ഞാന്‍ അപ്ഡേറ്റ് ചെയ്തു . മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ നിന്ന് എന്റെ അനിയത്തീടെ കുട്ടിക്കൂറ പൌഡറും ഫേരാന്‍ ലൌലിയും അവള്‍ കാണാതെ അര ഇഞ്ചു കനത്തില്‍ തേച്ചു പിടിപ്പിച്ചു. മെക്കപ്പ് കഴിഞാ ടൈല്‍‌സ് ഇട്ട തറയില്‍ ചാണകമെഴുകിയ ഒരു ലുക്കാണെങ്കിലും അതെന്റെ ആത്മവിശ്വാസം എവറസ്റ്റിനോളം ഉയര്‍ത്തിയിരിന്നു.

വൈകീട്ടു ക്ലാസ് കഴിഞു ഞാനും മനീഷും ലതികയും കൂട്ടുകാരി സുമതിയും ബസ്സു കേറി പോവുന്നതു വരെ ബസ്സ് സ്റ്റോപ്പില്‍ അവര്‍ക്കു കാവല്‍ നിന്നു. ആ സമയങ്ങളിലെല്ലാം ഞാന്‍ ലതികയുടെ കണ്ണില്‍ നോക്കി കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞു, കാലു കൊണ്ടവള്‍ ചിത്രം വരച്ചു എന്തിനധികം ഫുട്ബോളും ക്രിക്കറ്റും വരെ കളിച്ചു. ബട്ട് എന്റെ ഉദാത്ത പ്രണയം തുറന്നു പറയാന്‍ മാത്രം എന്റെ ഹാര്‍ട്ട് ഡിസ്കിനു കപ്പാസിറ്റി ഉണ്ടായുരുന്നില്ല.

ഒടുവില്‍ എന്റെ ഈ അവസ്ഥ കണ്ടു മണ്ണു ചാരിനിന്നവന്‍ പെണ്ണുകാരണം മണ്ണായിപോവുമെന്നു തോന്നി എന്റെ പ്രണയം തുറന്നു പറയാന്‍ മനീഷു തന്നെ എനിക്കു പ്രോത്സാഹനം തന്നു കൊണ്ടിരിന്നു. പക്ഷെ ലതികയെ നെരിട്ടു കണ്ടാല്‍ “ ഐ ലവ് യു ലതികേ” എന്നു പോയിട്ടു, “നിനക്കു അയല ഇഷ്ട്ടമാണോ ലതികേ“ എന്നു ചോദിക്കാന്‍ പോലുമുള്ള ധൈര്യം എനിക്കില്ലായിരിന്നു. മാത്രല്ല ഞങ്ങടെ ക്യാമ്പസിലെ ഏറ്റവും വലിയ തരികിട സുമതി സദാസമയവും ലവളുടെ കൂടെ ഉണ്ടാവേം ചെയ്യും. സുമതിയെ കുറിച്ച് പറയുകയാണേല്‍ ആറടി നീളത്തില്‍ യൂക്കാലിപ്‌സ്‌ മരം പോലെ നീണ്ട ഒരു ഫിഗര്‍,തടിച്ചു കറുത്ത ഗ്യാരന്റി കളര്‍, കുളിക്കാറില്ലെങ്കിലും എന്നും മുടിഞ മേക്കപ്പ് കാരണം കറുത്ത ഹല്‍‌വേല്‍ പൂപ്പല്‍ പിടിച്ച കളര്‍, ഏഷണി , കുശുമ്പ്, അസൂയ എന്നീ സല്‍ഗുണ സമ്പന്ന. ഒറ്റനോട്ടത്തില്‍ കോര്‍ട്ട്‌നി വാല്‍ഷിനു , വീനസ്‌ വില്ല്യംസില്‍ ഉണ്ടായ പോലത്തെ ഒരു സാധനം. അവളെങ്ങാന്‍ അറിഞാ പിന്നെ ബിബിസിയില്‍ പോലും കൊടുക്കേണ്ടി വരില്ല എന്റെ കാര്യം. അത്രക്കു നന്നാക്കി അവളാ വാര്‍ത്ത മാര്‍ക്കറ്റിങ്ങ് നടത്തും.

ഒടുവില്‍ അറ്റ് എനി കോസ്റ്റ്, കോമ്മേര്‍സ് ഡേയുടെ അന്നു ഞാന്‍ എന്റെ പ്രണയം തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു. ഉച്ചക്കു ഭക്ഷണം കഴിച്ചു കാന്റീനില്‍ നിന്നു തനിച്ചു മന്ദം മന്ദം നടന്നു വരുന്ന ലതികയെ കണ്ടതും ഞാന്‍ തീരുമാനിച്ചു, ഇതു തന്നെ പറ്റിയ അവസരം. ലതികക്കു ഓപ്പോസിറ്റായി നടന്നു ചെന്നു “ ലതികേ എനിക്കൊരു കാര്യം പറയാനുണ്ട്” എന്നു പറയാന്‍ വാക്ക് നായില്‍, ച്ഛേ, നാക്ക് വായില്‍ നിന്നെടുത്തതും ലതിക ഇങോട്ടു കേറി എന്നോടു പറഞു “ എനിക്കു നിങ്ങളോടു കുറച്ചു സംസാരിക്കാനുണ്ട്, തിരക്കില്ലെങ്കില്‍ ഞമുക്കു കാന്റീനില്‍ പോയിരുന്നു സംസാരിക്കാം”
ഈശ്വരാ.. അഞ്ചു രൂപക്കു ഫ്ലാറ്റാവാന്‍ പോയപ്പം വഴീ നടന്ന പാട്ടു കോമ്പിറ്റീഷനു 5 കോടിയുടെ ഫ്ലാറ്റ് സമ്മാനമായി കിട്ടിയവന്റെ അവസ്ഥ..
കാന്റീനിലെ ആളൊഴിഞ്ഞ മൂലയിലിരുന്ന് വികാര നിര്‍നിമിഷയായി ലതിക 2 നിമിഷം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു.. എന്നിട്ടു എന്നോടു മെല്ലെ മെല്ലെ പറഞു...
“അതേയ്....
അതേയ്... നിങ്ങളെ..
നിങ്ങളെ ... നിങ്ങളെ എന്റെ ഫ്രണ്ട് സുമതിക്കു ഭയങ്കര ഇഷ്ട്ടാ.. ഈ കത്ത് അവളു തന്നതാ... “.
ഈശ്വരാ... എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. കാന്റീന്‍ മൊത്തം കറങുന്നതു പോലെ തൊന്നിയെനിക്കു.എന്റെ ഉണ്ടായിരുന്ന ബോധവും ഒറ്റടിക്കു പോയി.
ആ സമയത്തു കാന്റീനിലെ റേഡിയോവില്‍ : “ആകാശവാണി, കൊച്ചി കോഴിക്കോട്, തിരുവനന്തപുരം. അടുത്ത പരിപാടി പ്രശസ്ഥ കാഥികന്‍ വി ടി രാജപ്പന്‍ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസം‌ഗം “ ആ കുത്ത് മാറി കൊണ്ടു, അല്ലെങ്കില്‍ മാറികൊണ്ട കുത്ത്...“
---------------------------------------------------------------------------

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍.