Monday, July 26, 2010

ദൈവത്തിനും പേടിയോ?
ഇന്നലെ കൃത്യം പത്തു മണിക്കു ഞാന്‍ മരിച്ചു.ക്ഷമിക്കണം,ആരെയും അറിയിക്കാന്‍ കഴിഞില്ല. എല്ലാം പെട്ടെന്നായിരിന്നു. തിരക്കിനിടയില്‍ അറിയിക്കാന്‍ വിട്ടു പോയതില്‍ ഖേദിക്കുന്നു. അല്ലേലും ഇനിയെനിക്കു മരിക്കാമല്ലോ!! കാരണം ചെയ്തു തീര്‍ക്കാന്‍ അവശേഷിക്കുന്നതൊന്നുമില്ല. അവസാനമായൊരാഗ്രഹമുണ്ടായിരിന്നു ഞങ്ങളുടെ പാര്‍ട്ടിയുടെ സംസഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു, അതും കഴിഞാഴ്ച്ച സാധിച്ചു . പാര്‍ട്ടിക്കു വേണ്ടി രക്ത സാക്ഷിയാവാനെനിക്കു വളരെയധികം ആഗ്രഹമായിരിന്നു, പക്ഷെ അവസരം ഒത്തു വന്നില്ല. എന്തായാലും എല്ലാം കഴിഞ്ഞ സ്ഥിതിക്കു ഇനിയും ഈ അറുബോറന്‍ ലൈഫ് തുടരുന്നതില്‍ അര്‍ത്ഥമില്ലന്നു തോന്നി. അച്ചനും അമ്മയേയും ജേഷ്ട്ടന്‍ നോക്കും, ഭാര്യയുടേയും മകളുടെയും പേരില്‍ ഇന്‍ഷൂറന്‍സുണ്ട്, പിന്നെന്തിനു ഞാനിവിടെ ഇനി. അതുകൊണ്ട് പെട്ടെന്നു പോയി.
ആത്മഹത്യയായിരിന്നു, എങനെ എന്നു ചോദിക്കരുതു, പറഞുതരില്ല, വേദനിക്കാതെ ആരെയുമറിയിക്കാതെ പെട്ടെന്നൊരു മരണം. മരിച്ചതും ഭാര്യയും മകളും വന്ന് കെട്ടിപ്പിടിച്ചു കരഞു. ശബ്ദം കേട്ടു അച്ചനുമമ്മയുമെത്തി. അവരും കരയാന്‍ തുടങ്ങി. പിന്നെ ആകെ ബഹളമയം. ഒരു മണിക്കൂര്‍ കൊണ്ടു വീടു മരണ വീടായി. എന്റെ വീട്ടുകാരും അടുത്ത ബന്ദുക്കാരും കരയുന്നു, നാട്ടുകാരും മറ്റുള്ളവരുമെല്ലാം എന്നെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ചിലര്‍ പന്തലിടുന്നു, ചെറിയച്ചന്‍ അറിയാത്തവരെ ഫൊണ്‍ വിളിച്ചറിയിക്കുന്നു, എല്ലാരും തിരക്കിലാണു. എത്രയോ സിനിമകളില്‍ കണ്ടു മടുത്ത സ്ഥിരം കാഴ്ച്ചകള്‍. ഇതെല്ലാം കണ്ടു ബോറടിച്ച കാലനെ കാത്തു നില്‍ക്കുന്ന എന്റെ ആത്മാവു മാത്രം ഒന്നും ചെയ്യാനില്ലാതെ അവിടയിവിടെ കറങി നടന്നു.
“ ഈങ്കുലാബ് സിന്ദാബാദ്, ഈങ്കുലാബ് സിന്ദാബാദ്, വാടാ , വാടാ മുട്ടാടാമുട്ടണമെങ്കില്‍ മുട്ടിക്കോതട്ടണമെങ്കില്‍ തട്ടിക്കോചോരക്കു ചോരജീവനു ജീവന്‍”
എന്താ വഴിയില്‍ നിന്നൊരു ശബ്ദം. എന്റെ അത്മാവു അവിടെക്കു നോക്കി. ആഹാ ഞങളുടെ പാര്‍ട്ടിയുടെ പ്രകടനമാണു. ഇങനൊരു പ്രകടനത്തിന്റെ കാര്യമെന്താ ഇപ്പം??? ആരോടാ ചോദിക്കാ?? ഉം ചോദിക്കാന്‍ പറ്റില്ലല്ലോ... ആത്മാവിനു പ്രകടനത്തിലെന്തു കാര്യം???
‘ ചോരക്കു ചോര, ജീവനു ജീവന്‍.. പകരം ഞങ്ങള്‍ ചോദിക്കും”
എല്ലാം കേട്ടപ്പം കാര്യം മനസ്സിലായി. ഞങ്ങടെ പാര്‍ട്ടി സെക്രട്ടറിയുടെ അനുജനെ ഇന്നലെ ഏതോ അഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു.
ഈശ്വരാ... എന്തു നല്ല വ്യക്തിയാണു, പാര്‍ട്ടി സെക്രട്ടറി സതീഷേട്ടന്‍.. എനിക്കു ബാങ്കില്‍ ജോലി മേടിച്ചു തന്നതു സതീഷേട്ടനാണു, എന്റെ ജേഷ്ട്ടനു ലോണ്‍ ശരിയാക്കിക്കൊടുത്തതും അനുജത്തിക്ക് കോളേജില്‍ സീറ്റ് മേടിച്ചു തന്നതും സതീഷേട്ടന്റെ പാര്‍ട്ടി സ്വാദീനമുപയോഗിച്ചാണു, അദ്ദേഹത്തിനീ ഗതി വന്നല്ലോ... അദ്ദേഹത്തിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.. എനിക്കു വിഷമം തോന്നി.. എന്റെയീ മരണം നേരത്തയായില്ലേ????? ഇനി എന്തു ചെയ്യും...
ഉം കാലന്‍ വരട്ടേ പറഞു നോക്കാം...
വൈകാതെ കാലനെത്തി.. കുറേ പറഞു നോക്കിയെങ്കിലും കാലന്‍ സമ്മതിച്ചില്ല... ഡ്യൂട്ടി ഈസ് ഡ്യൂട്ടി.. കൂടെപ്പോവുകതന്നെ വേണമെന്നു കാലന്‍ നിര്‍ബ്ബന്ദിച്ചു പറഞു, അയാള്‍ക്കു തീരുമാനമെടുക്കന്‍ കഴിയില്ലത്രേ... ദൈവത്തിനോട് നേരിട്ടു പറഞാല്‍ ചിലപ്പം സമ്മതിക്കുമത്രേ..
അങനെ എന്റെ ചലനമറ്റുകിടക്കുന്ന ശരീരത്തെ തനിച്ചാക്കി ഞാന്‍ കാലനോടൊപ്പം യാത്രയായി.
ഏഴാകശവും കടന്നു ഞാന്‍ ദൈവത്തിന്റടുക്കലെത്തി. കാലന്റെ സ്പെഷ്യല്‍ റെക്കമ്മെന്റേഷന്‍ കാരണം എനിക്കു ദൈവത്തെ വേഗം തന്നെ നേരില്‍ കാണാന്‍ കഴിഞു. ഒരു പാവം മനുഷ്യന്‍.. ദൈവമാണെന്ന ഒരഹങ്കാരവുമില്ല..
“ ഉം എന്താ കാര്യം?”
“ ദൈവം, ഞാനിന്നലെ ആത്മഹത്യ ചെയ്തു”
“ഉം നല്ല കാര്യം, അതുകൊണ്ടല്ലേ ഇവിടെ എത്തിയേ ???ബാക്കി പറയൂ ”
“ ദൈവം , ദൈവം.. ആത്മഹത്യ ചെയ്യുമ്പം എനിക്കു ചെയ്തു തീര്‍ക്കാന്‍ വെറെ ഒന്നുമുണ്ടായിരുന്നില്ല”
“ ഉം , എന്നിട്ടു?”
“ പക്ഷെ ഇങോട്ടു വരാന്‍ കാലനെ കാത്തു നില്‍ക്കുംമ്പോഴാണു ഞങടെ പാറ്ട്ടി സെക്രട്ടറി സതീഷേട്ടന്റെ അനുജനെ ആരോ കൊലപ്പെടുത്തിയ വിവരം അറിഞതു”
“ ഉം അതിനു?”
“ അല്ല ദൈവം, നിങള്‍ക്കറിയാമല്ലോ സതീഷെട്ടനെ, എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ടദ്ദേഹം, അയാള്‍ക്കു വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ലാ...”
“ ഉം നിങ്ങള്‍ക്കിപ്പം എന്തു വേണം ?. അതു പറയൂ ”
“ ദൈവം എനിക്കൊരു ചാന്‍സു കൂടെ തരണം... രണ്ടേ രണ്ടു ദിവസം മതി.. സതീഷെട്ടന്റെ അനുജന്റെ കാതകരെ ഞാന്‍ കൊല്ലും, എന്നിട്ടു ഞാന്‍ വേഗം തിരിച്ചു വരും സാര്‍ ”
അതു കേട്ടതും ദൈവം നെറ്റി ചുളിച്ചു, തലയില്‍ ചൊറിഞു... “ മരിച്ചതു സതീഷന്റെ അനുജനാണോ????“ ദൈവം ചോദിച്ചു..
“ അതെ സാര്‍”
‘ ഉം നിന്റെ വികാരം ഞാന്‍ മനസ്സിലക്കുന്നു.. മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയുടെ കാര്യമാവുമ്പം എനിക്ക് എതിര്‍ത്തു പറയാനും പറ്റില്ല..ഉം പോയി വരൂ.....
മിസ്റ്ററ് കാലന്‍ ഇയാളെ തിരിച്ചു ഡ്രോപ്പ് ചെയ്യൂ”
ഇതു കേട്ടതും ഞാന്‍ ശരിക്കും ഞെട്ടി...
ദൈവമേ..... പാര്‍ട്ടി സെക്രട്ടറിയേ ദൈവത്തിനു പോലും പേടിയോ????
*****************************************************************************************************************************
കൂട്ടുകാരെ എന്റെ ഈ ചെറു കഥ ഗള്‍ഫ് മനോരമയില്‍ പ്രസിദ്ദീകരിച്ചു വന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ലിങ്ക് താഴെ:
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=7564615&programId=6722890&tabId=15&contentType=EDITORIAL&BV_ID=@@@

4 comments:

പോക്കിരി said...

ദൈവമേ..... പാര്‍ട്ടി സെക്രട്ടറിയേ ദൈവത്തിനു പോലും പേടിയോ????


ദൈവത്തിന്റ്യെ വികൃതികള്‍..

കണ്ണനുണ്ണി said...

പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പോലെ.. പാര്‍ടി സെക്രടരിക്ക് മേലെ ദൈവത്തിനും അപ്പീലില്ല എന്ന് ആക്കിയാലോ

മുക്കുവന്‍ said...

good one

Naushu said...

വളരെ നന്നായി.....