Monday, July 16, 2007

അലമ്പ്‌ ദാസന്റെ ദിവ്യ പ്രണയം.

ശരിക്കുള്ള പേരു ആലിപ്പറമ്പില്‍ കൃഷ്‌ണദാസ്‌ എന്നാണെങ്കിലും കയ്യിലിരുപ്പു കാരണം മലപ്പുറം ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും സാമാന്യം തരക്കേടില്ലാതെ തല്ലുവാങ്ങിക്കൂട്ടിയിട്ടൂള്ള, അത്രയെളുപ്പം ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു വേള്‍ഡ്‌ റെക്കോര്‍ഡ്‌ കൈവശം ഉള്ളതുകൊണ്ടാണു ഞങ്ങളവനെ അലമ്പ്‌ ദാസന്‍ എന്നു സ്നേഹത്തോടെ വിളിച്ചിരുന്നത്‌. ആ വിളികേട്ടാല്‍ ഉടന്‍ തന്നെ തിരിച്ചു "നിന്റെ അമ്മായി അമ്മടെ @@##&%&^%&^^ (നോട്ട്‌ ഓണ്‍ലി ബട്ട്‌ ആള്‍സോ)",എന്നു പറയുമെങ്കിലും അലമ്പു ദാസന്‍ ഞങ്ങടെ കാമ്പസിലെ തുടിക്കുന്ന യുവത്തത്തിന്റെ യതാര്‍ഥ പ്രതീകം തന്നെയായിരിന്നു. ആറടി നീളത്തില്‍ യൂക്കാലിപ്‌സ്‌ മരം പോലെ നീണ്ട ഒരു ഫിഗര്‍,തടിച്ചു കറുത്ത ഗ്യാരന്റി കളര്‍, കുളിക്കാറില്ലെങ്കിലും എന്നും ജെല്‍ ഇട്ടു വടിപോലെ നിക്കുന്ന മുടി, മാസത്തിലൊരിക്കല്‍ പോലും അലക്കാത്ത നരച്ച ഒരു ജീന്‍സ്‌, കയ്യില്‍ നാരാണെട്ടന്റെ ചൊക്കിലി നായയെ കെട്ടുന്ന പോലത്തെ ഒരു ഒന്നൊന്നര ചങ്ങല...,ഇത്രയുമാണു ലവന്റെ ശരീരത്തിന്റെ ഒരു ഏകദേശ "ജിയോഗ്രഫി" . ഒറ്റനോട്ടത്തില്‍ കോര്‍ട്ട്‌നി വാല്‍ഷിനു , വീനസ്‌ വില്ല്യംസില്‍ ഉണ്ടായ പോലത്തെ ഒരു സാധനം. കൂലിത്തല്ല്,കൂട്ടത്തല്ല്,ഒറ്റക്കുതല്ല്, തലക്കിണിത്തല്ലു,ഇരുട്ടടി, പകലടി, പഞ്ചഗുസ്തി, സാധാഗുസ്തി,എന്നീ എക്‍സ്ട്രാ കരിക്കുലര്‍ ആക്ട്ടിവിറ്റികള്‍ക്കുപുറമെ , കള്ളുകുടി, റമ്മി, ഇരുപത്തെട്ട്‌, ചട്ടിപ്പന്ത്‌, കബടി, നാടന്‍തല്ല് എന്നീ സ്പോര്‍ട്ട്‌സ്‌ ഇനങ്ങളിലും ദാസന്‍ അഗ്രഗണ്യനാണെങ്കിലും ഇവയൊന്നും അന്താരാഷ്ട്ര മല്‍സരമല്ലാത്തതിനാല്‍ ലോകപ്രശസ്തനാവാന്‍ ദാസനു കഴിഞ്ഞില്ല. അല്ലെങ്കില്‍ ലോക കിരീടങ്ങളില്‍ പലതും ഇന്നു ദാസന്റെ വീട്ടിലെ തൊഴുത്തിലിരുന്നേനെ..!!!


നിലവിലുള്ള വിദ്യഭ്യാസ സംബ്രദായത്തോടുള്ള അടങ്ങാത്ത രോശവും ,വിരോധവും കാരണം പത്താം ക്ലാസില്‍നിന്നു തന്നെ പഠനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, വകയിലുള്ള തന്റെ ഏതോ ഒരമ്മായീടെ മോന്‍ എം ബി യെ കഴിഞ്ഞു അമേരിക്കയിലെത്തിയ അന്നു മുതല്‍ , ന്റെമോനെയും ഒരു ബില്‍ഗേറ്റ്‌സാക്കണം എന്നുള്ള തന്റെ അമ്മേടെ ഒടുക്കത്തെ ആഗ്രഹവും , സപ്ലി ദൈവങ്ങളുടെ സകല കാരുണ്യവും ,മോറോവര്‍ ജന്മനാ സിദ്ധിച്ച കോപ്പിയടി വൈധഗ്‌ദ്യവും കൊണ്ടാണു ടിയാന്‍ പി ജി വരെ തട്ടി മുട്ടിയത്തിയത്‌. വീട്ടില്‍നിന്നും അടിച്ചു മാറ്റുന്നതിനു പുറമെ തെങ്ങുകയറ്റം, കൂലിത്തല്ല്, മണലു കോരല്‍, ജൂനിയേര്‍സിനെ വിരട്ടി പണം പിടുങ്ങല്‍ എന്നിവയായിരിന്നു ദാസന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. ക്ലാസില്‍ ഒരു വിസിറ്റിംഗ്‌ പ്രൊഫസറുടെ റോളായതു കൊണ്ട്‌ ടീച്ചേര്‍സിനു ദാസനെ കൊണ്ടുള്ള ബുദ്ദിമുട്ടു വളരെ കുറവായിരിന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, മുത്തുച്ചിപ്പി മുതല്‍ കിങ്ങിണി വരെയുള്ള മലയാള സാഹിത്യത്തിലെ എല്ലാ നല്ല പുസ്തകങ്ങളുടേയും , അവളുടെ രാവുകള്‍ മുതല്‍ ഡ്രൈവിംഗ്‌ സ്കൂള്‍ വരെയുള്ള എല്ലാ നോണ്‍ വെജ്‌ സിനിമകളുയ്ടെയും ആരും കോതിക്കുന്ന ഒരപൂര്‍വ്വ ശേഖരത്തിന്റെ ഉടമയായതു കൊണ്ട്‌ മാത്രമായിരിന്നില്ല ,കാമ്പസില്‍ ആര്‍ക്കെന്തു പ്രശ്നം വന്നാലും ആദ്യം എത്തുന്നതു ദാസനായിരിക്കുന്നതു കൊണ്ട്‌ സത്യത്തില്‍ ഞങ്ങളുടെ കാമ്പസില്‍ ദാസന്‍ തന്നെയായിരിന്നു താരം.

അങ്ങനെ അല്ലറ ചില്ലറ അലമ്പു പരിപാടികളുമായി ദാസന്‍ കാമ്പസില്‍ വിലസുന്ന സമയത്താണു തികച്ചും അപ്രതീക്ഷിതമായി നമ്മുടെ കഥാ നായിക, നവാഗതയായ ജൂനിയേര്‍സിലെ തലയെടുപ്പും താരമൂല്യവുമുള്ള ലക്ഷ്മിക്കുട്ടി ദാസന്റെ ഹൃദയത്തിലേക്കു ഒരു കുളിര്‍ മഴയായി പെയ്‌തിറങ്ങിയത്‌. ആക്‍ച്വലി ലക്ഷിമിക്കുട്ടി ഒരു പ്രസ്ഥാനം തന്നെയായിരിന്നു. മമ്പാട്‌ കെ എസ്‌ ഇ ബി ഉദ്യോഗസ്ഥന്‍ ഗോപാലേട്ടനും ഭാര്യ ശാരദ ടീച്ചര്‍ക്കും ആറുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 'ഉരുളി കമഴ്‌ത്തി' ഉണ്ടായ ഒരേ ഒരു മോള്‍, നാട്ടിലെ മുഴുവന്‍ യുവാക്കളുടെയും ഹൃദയത്തുടിപ്പ്‌, കണ്ണഞ്ചിപ്പിക്കുന്ന 100 വാള്‍ട്ട്‌ ഫ്ലൂറസന്റ്‌ ബള്‍ബിന്റെ നിറം ,ഫയറാന്‍ ലവ്‌ലി മുതല്‍ കുട്ടിക്കൂറ വരെയുള്ള എല്ലാ സൌന്ധര്യ വര്‍ധക വസ്തുക്കളുടെയും മമ്പാടിലെ ബ്രാണ്ട്‌ അംബാസിഡര്‍, പിന്നില്‍ നിന്നു നോക്കിയാല്‍ ജയഭാരതിയേയും, മുന്നില്‍ നിന്നു നോക്കിയാല്‍ സാനിയ മിര്‍സയേയും അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ... ഇന്‍ ബ്രീഫ്‌, മമ്പാടിന്റെ സ്വന്തം നയന്‍ താര തന്നെയായിരിന്നു ലക്ഷ്മിക്കുട്ടി.


അങ്ങനെ ഞാനടക്കമുള്ള സീനിയേഴ്സിലെ തണ്ടും തടിയും സൌന്ദര്യവുമുള്ള(?) ഞങ്ങടെ കാമ്പസിലെ ആണായിപ്പിറന്നവന്മാരെല്ലാം നല്ല വടിവൊത്ത കൈയ്യക്ഷരത്തില്‍ ഞങ്ങളുടെ മുന്‍കാല പ്രണയ പരിചയവും ഫാദറിന്റെ അറ്റസ്‌റ്റഡ്‌ വരുമാന സര്‍ടിഫിക്കറ്റടക്കം അറ്റാച്ച്‌ ചെയ്തു ലക്ഷ്മിക്കുട്ടീ പ്രണയത്തിനുള്ള അപ്ലിക്കേഷന്‍ സമര്‍പ്പിച്ചെങ്കിലും അതെല്ലാം പ്രാഥമിക പരിശോധനയില്‍ തന്നെ ലക്ഷ്മിക്കുട്ടി തള്ളിക്കളഞ്ഞു. അണ്‍ലക്കി ഗയ്‌സ്‌ !!! എന്നാല്‍ അതുകൊണ്ടൊന്നും വിട്ടു കൊടുക്കാന്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ ഉത്തമ പ്രതീകമായിരിന്ന ദാസനു കഴിഞ്ഞില്ല.


ഊണിലും ഉറക്കത്തിലും ലക്ഷ്മിക്കുട്ടിയെകുറിച്ചു മാത്രമായി ദാസന്റെ ചിന്ത. എങ്ങനെയെങ്കിലും അവളെയൊന്നു വളക്കണം , അതിനൊരറ്റ വഴിയെയുള്ളൂ തന്റെ ഈ അലമ്പുപരിപാടികളെല്ലാം തല്‍ക്കാലം ഒന്നു നിര്‍ത്തി ഡീസന്റാക്കുക. അങ്ങനെ ഒടുവില്‍ ലക്ഷ്മിക്കുട്ടിക്കു വേണ്ടി അലമ്പു ദാസന്‍ ഡീസന്റ്‌ ദാസനായി.അവള്‍ക്കു വേണ്ടി തന്റെ ജീവിത രീതി തന്നെ ദാസന്‍ അഴിച്ചു പണിതു.പതിനൊന്നു മണിയായാല്‍ പോലും എണീക്കാത്ത ദാസന്‍ രാവിലെ ഏഴു മണിക്കെണീറ്റു കുളിച്ചു കുറിയെല്ലാം തൊട്ടു ഒമ്പതു മണിക്കു കളസിലെത്തി. തന്റെ സ്ഥിരം അലമ്പു പരിപാടികളും അടിപിടിക്കേസുകളും ശിഷ്യന്മാരെ ഏല്‍പ്പിച്ചു,കിട്ടുന്ന സമയത്തെല്ലാം ജൂനിയേര്‍സിന്റെ ക്ലാസില്‍ചെന്നു അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തും സംശയ നിവാരണം നടത്തിയും ഷൈന്‍ ചെയ്തു. വനിതയിലേയും ആരോഗ്യമാസികയിലേയും 'ഡോകടറോടു ച്യോദിക്കാം' എന്ന പക്തി വായിക്കാനും , തണുത്ത വെള്ളം കുടിക്കാനും മാത്രം ലൈബ്രറിയില്‍ കയറിയിരുന്ന ദാസന്‍ , ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായി.അങ്ങനെ മൊത്തത്തില്‍ ദാസന്‍ ജൂനിയേര്‍സിന്റെയും ലക്ഷ്മിക്കുട്ടിയുടെയും ഇടയില്‍ ഒരു ഹീറോ ആയി. ഞങ്ങളൊരുമിച്ചാണു ചൂണ്ടയിട്ടെതെങ്കിലും അങ്ങനെ ഒടുവില്‍ വൈല്‍ഡ്‌കാര്‍ഡ്‌ എന്‍ട്രി വഴി ലക്ഷ്മിക്കുട്ടിയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനം കിട്ടിയതു ദാസനായിരിന്നു.

ലക്ഷ്മിക്കുട്ടിയുമായി വളരെ അധികം അടുത്തെങ്കിലും തന്റെ പ്രണയം അവള്‍ക്കു മുന്നില്‍ തുറന്നു പറയാന്‍ മാത്രം ദാസനു കഴിഞ്ഞില്ല. ലൈബ്രറിയിലെ ആളൊഴിഞ്ഞ മൂലയിലിരിന്നു ,അങ്ങു അമേരിക്ക - ഇറാന്‍ പ്രശ്നം മുതല്‍ ഇങ്ങു മുല്ലപ്പെരിയാര്‍ അണക്കെട്ടു വരെയൂള്ള എല്ലാ ആഗോള പ്രശ്നങ്ങളെക്കുറിച്ചും ദിവസവും മൂന്നും നാലും മണിക്കുറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ പലതും നടത്തിയെങ്കിലും തന്റെ ആത്മാര്‍ഥ പ്രണയം അവതരിപ്പിക്കാന്‍ മാത്രം ദാസനുകഴിഞ്ഞില്ല. മാത്രമല്ല പരമ്പാഗത പ്രണയാവതരണ രീതികളായ ലവ്‌ ലെറ്റര്‍, ഫോണ്‍ ഇന്‍ പ്രോഗ്രാം, ബ്രോക്കേര്‍സ്‌ എന്നിവയിലൊന്നും ദാസനു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. കാരണം ലക്ഷ്മിക്കുട്ടി എങ്ങനെ പ്രതികരിക്കുമെന്നു ലവള്‍ടച്ചന്‍ ഗോപാലേട്ടനു പോലും പറയാന്‍ പറ്റില്ല. പിന്നെ അറ്റകയ്യിനു ലവളെ മുട്ടയില്‍ ആവാഹിച്ചു പ്രണയസാക്ഷാല്‍കാരം നടത്താന്‍ ദാസനറിയാഞ്ഞിട്ടല്ല, പക്ഷെ ദാസന്‍ വേണ്ടാന്നു വെച്ചിട്ടാ...!!എന്തായാലും, മധുരിച്ചിട്ടു തുപ്പാനും കൈച്ചിട്ടിറക്കാനും വയ്യാത്തവസ്ഥയിലായി ദാസന്‍.


അങ്ങനെ ടെന്‍ഷന്‍ കാരണം ബാറില്‍ പോയി ബീറടിക്കണോ, അതോ ഓസിക്ക്‌ ഓ സി ആറടിക്കണോ എന്നാലോചിച്ചിരിക്കുമ്പോഴാണു മമ്പാട്‌ ഏരിയാ ഇന്‍ ചാര്‍ജ്‌, മമ്പാട്‌ മുത്തപ്പന്‍, ദാസന്റെ മുമ്പില്‍ ലക്ഷ്മിക്കുട്ടിയുടെ കര്‍ച്ചീഫ്‌ രൂപത്തില്‍ അവതരിച്ചത്‌. ലൈബ്രറിയില്‍ നിന്നും ലക്ഷിമിക്കുട്ടിയുടെ താഴെവീണ കര്‍ച്ചീഫ്‌ ദാസന്‍ പതുക്കെ അടിച്ചുമാറ്റി,പോക്കറ്റിലാക്കി ഹോസ്റ്റലിലെത്തിച്ചു. അങ്ങനെ ലോക പ്രണയചരിത്രത്തില്‍ ഇന്നു വരെ ഒരു കാമുകനും തന്റെ കാമുകിക്കു നല്‍കിയിട്ടില്ലാത്ത തരത്തില്‍ തന്റെ ദിവ്യ പ്രണയ സന്ദേശം കാമുകിയുടെ കര്‍ച്ചീഫില്‍ എഴുതി സമര്‍പ്പിക്കാന്‍ ദാസന്‍ തീരുമാനിച്ചു. അങ്ങനെ തന്റെ പ്രണയ സാക്ഷാല്‍കാരത്തിനായി കമ്പസിലെ അറിയപ്പെടുന്ന എഴുത്തുകാരനും ചിത്രകാരനുമായ ബുജി. സുലൈമാന്‍, മൂന്നു കുപ്പി ബീറിനു കര്‍ച്ചീഫില്‍ സന്ദേശമെഴുതാന്‍ ധാരണയായി കരാറില്‍ ഒപ്പിട്ടു. ഇതാണു പില്‍ക്കാലത്തു അറിയപ്പെട്ട പ്രസിദ്ധമായ 'കര്‍ച്ചീഫ്‌ ഉടമ്പടി'.


വെള്ള കര്‍ച്ചീഫില്‍ വളരെ മനോഹരമായി പ്രണയത്തിന്റെ പരിശുദ്ധ പ്രതീകമായ താജ്‌ മഹലും അതിന്റെ കൂടെ ദാസന്റെ പ്രണയ സന്ദേശവും പച്ച കളറില്‍ എഴുതി സുലൈമാന്‍, കരാര്‍പ്രകാരമുള്ള വര്‍ക്ക്‌ തീര്‍ത്തു. അങ്ങനെ കര്‍ച്ചീഫില്‍ സ്പ്രെ അടിച്ചു, നാലായി മടക്കി ദാസന്‍ അടുത്തദിവസം ധരിക്കനുള്ള പാന്റ്‌സിന്റെ പോക്കറ്റില്‍ വൃത്തിയായി വച്ചു.


അടുത്ത ദിവസം ഒമ്പതു മണിക്കു തന്നെ ദാസന്‍ കാമ്പസിലെത്തി , വഴിയില്‍ ലക്ഷ്മിക്കുട്ടി വരുന്നതും കാത്തിരിന്നു. കൃത്യം ഒമ്പതെ കാലിനു ലക്ഷ്മിക്കുട്ടിയെത്തി. പതിവില്ലാതെ ദാസന്റെ ഒരു ടെന്‍ഷന്‍ കണ്ടപ്പോ ലക്ഷ്മിക്കുട്ടിക്കു എന്തോ പന്തികേടു തോന്നി. എങ്കിലും അതുമറച്ചവള്‍ ച്യോദിച്ചു :

" എന്താ ദാസാ ? ദാസനെന്താ ഇവിടെ നില്‍ക്കുന്നെ?"

'ഏയ്‌ ഒന്നുമില്ല, ഞാന്‍ ലഷ്മിക്കുട്ടിയെ കാത്തു നില്‍ക്കുകയായയിരിന്നു'

'എന്നെയോ? എന്താ ഇത്ര വിശേഷിച്ച്‌??''

‘അതെയ്‌ ഞാന്‍ ഒരു പാടു നാളായി ഒരു കാര്യം പറയണമെന്നു വിചാരിക്കുന്നു, പക്ഷെ ഇതു വരെ അവസരം കിട്ടിയില്ല. ഇനിയും പറയാതിരിക്കാന്‍ എനിക്കാവില്ല'

'എന്താ ഇത്ര വലിയ കാര്യം, പറഞ്ഞോളൂ'

'നേരിട്ടു പറയാന്‍ എനിക്കാവില്ല, എല്ലാം ഇതിലുണ്ട്‌'

എന്നു പറഞ്ഞു ദാസന്‍ തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ടു ഒറ്റവലിക്കു കര്‍ച്ചീഫ്‌ പുറത്തെടുത്തു ലക്ഷ്മിക്കുട്ടിക്കു നേരെ നീട്ടി.

അടുത്ത നിമിഷം രണ്ടു പേരും ഒരുമിച്ചു ഞെട്ടി !!!!

കര്‍ച്ചീഫിനു പകരം ദാസന്റെ കയ്യില്‍ തന്റെ റൂമേറ്റായ മണ്ടരി മനീഷിന്റെ ഈറ്റവും പുതിയ വെള്ള അണ്ടര്‍ വയര്‍ !!!! !!!! വി ഐ പി ഫ്രഞ്ചി !!!

ഈശ്വരാ ലോകത്താദ്യമായി ഒരു കാമുകന്‍ തന്റെ പ്രണയിനിക്കു ഒരു ജട്ടി പ്രണയോപഹാരമായി നല്‍കിയിരിക്കുന്നു.പെട്ടെന്നു ദാസനു ഭൂമിയും ആകാശവും എല്ലാം ഒരുമിച്ചു കറങ്ങുന്നതു പോലെ ഒരു തോന്നല്‍.
അതെ ദാസന്റെ ഉണ്ടായിരിന്ന ബോധവും പോയി.......കണ്ണു തുറന്നപ്പോള്‍ മുമ്പില്‍ ലക്ഷ്മിക്കുട്ടിയില്ല പകരം മുകളില്‍ ഹോസ്റ്റലിലെ 103 നമ്പര്‍ റൂമ്മിലെ കറങ്ങുന്ന ഫാന്‍ മാത്രം..

വാല്‍: ദൈവത്തിന്റെ കാര്യം അല്ലെ? പണ്ടേ അങ്ങേര്‍ അങ്ങനെയാണല്ലോ? പവങ്ങള്‍ക്കിട്ടല്ലെ താങ്ങൂ...അല്ലാതെ മണ്ടരി മനീഷിനെ കുറ്റം പറയാന്‍ പറ്റോ?? വൈകീട്ടു വന്നാല്‍ എന്നും തന്റെ അണ്ടര്‍ വെയര്‍ ഊരി പന്റ്‌സിന്റെ പോക്കറ്റില്‍ തിരുകുന്നതു ലവനു പുതിയകാര്യമൊന്നുമല്ലല്ലോ? എന്നിട്ടും അവനെങ്ങനെ പറ്റീ അത്‌?? ആ !!!