Monday, July 16, 2007

അലമ്പ്‌ ദാസന്റെ ദിവ്യ പ്രണയം.

ശരിക്കുള്ള പേരു ആലിപ്പറമ്പില്‍ കൃഷ്‌ണദാസ്‌ എന്നാണെങ്കിലും കയ്യിലിരുപ്പു കാരണം മലപ്പുറം ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും സാമാന്യം തരക്കേടില്ലാതെ തല്ലുവാങ്ങിക്കൂട്ടിയിട്ടൂള്ള, അത്രയെളുപ്പം ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു വേള്‍ഡ്‌ റെക്കോര്‍ഡ്‌ കൈവശം ഉള്ളതുകൊണ്ടാണു ഞങ്ങളവനെ അലമ്പ്‌ ദാസന്‍ എന്നു സ്നേഹത്തോടെ വിളിച്ചിരുന്നത്‌. ആ വിളികേട്ടാല്‍ ഉടന്‍ തന്നെ തിരിച്ചു "നിന്റെ അമ്മായി അമ്മടെ @@##&%&^%&^^ (നോട്ട്‌ ഓണ്‍ലി ബട്ട്‌ ആള്‍സോ)",എന്നു പറയുമെങ്കിലും അലമ്പു ദാസന്‍ ഞങ്ങടെ കാമ്പസിലെ തുടിക്കുന്ന യുവത്തത്തിന്റെ യതാര്‍ഥ പ്രതീകം തന്നെയായിരിന്നു. ആറടി നീളത്തില്‍ യൂക്കാലിപ്‌സ്‌ മരം പോലെ നീണ്ട ഒരു ഫിഗര്‍,തടിച്ചു കറുത്ത ഗ്യാരന്റി കളര്‍, കുളിക്കാറില്ലെങ്കിലും എന്നും ജെല്‍ ഇട്ടു വടിപോലെ നിക്കുന്ന മുടി, മാസത്തിലൊരിക്കല്‍ പോലും അലക്കാത്ത നരച്ച ഒരു ജീന്‍സ്‌, കയ്യില്‍ നാരാണെട്ടന്റെ ചൊക്കിലി നായയെ കെട്ടുന്ന പോലത്തെ ഒരു ഒന്നൊന്നര ചങ്ങല...,ഇത്രയുമാണു ലവന്റെ ശരീരത്തിന്റെ ഒരു ഏകദേശ "ജിയോഗ്രഫി" . ഒറ്റനോട്ടത്തില്‍ കോര്‍ട്ട്‌നി വാല്‍ഷിനു , വീനസ്‌ വില്ല്യംസില്‍ ഉണ്ടായ പോലത്തെ ഒരു സാധനം. കൂലിത്തല്ല്,കൂട്ടത്തല്ല്,ഒറ്റക്കുതല്ല്, തലക്കിണിത്തല്ലു,ഇരുട്ടടി, പകലടി, പഞ്ചഗുസ്തി, സാധാഗുസ്തി,എന്നീ എക്‍സ്ട്രാ കരിക്കുലര്‍ ആക്ട്ടിവിറ്റികള്‍ക്കുപുറമെ , കള്ളുകുടി, റമ്മി, ഇരുപത്തെട്ട്‌, ചട്ടിപ്പന്ത്‌, കബടി, നാടന്‍തല്ല് എന്നീ സ്പോര്‍ട്ട്‌സ്‌ ഇനങ്ങളിലും ദാസന്‍ അഗ്രഗണ്യനാണെങ്കിലും ഇവയൊന്നും അന്താരാഷ്ട്ര മല്‍സരമല്ലാത്തതിനാല്‍ ലോകപ്രശസ്തനാവാന്‍ ദാസനു കഴിഞ്ഞില്ല. അല്ലെങ്കില്‍ ലോക കിരീടങ്ങളില്‍ പലതും ഇന്നു ദാസന്റെ വീട്ടിലെ തൊഴുത്തിലിരുന്നേനെ..!!!


നിലവിലുള്ള വിദ്യഭ്യാസ സംബ്രദായത്തോടുള്ള അടങ്ങാത്ത രോശവും ,വിരോധവും കാരണം പത്താം ക്ലാസില്‍നിന്നു തന്നെ പഠനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, വകയിലുള്ള തന്റെ ഏതോ ഒരമ്മായീടെ മോന്‍ എം ബി യെ കഴിഞ്ഞു അമേരിക്കയിലെത്തിയ അന്നു മുതല്‍ , ന്റെമോനെയും ഒരു ബില്‍ഗേറ്റ്‌സാക്കണം എന്നുള്ള തന്റെ അമ്മേടെ ഒടുക്കത്തെ ആഗ്രഹവും , സപ്ലി ദൈവങ്ങളുടെ സകല കാരുണ്യവും ,മോറോവര്‍ ജന്മനാ സിദ്ധിച്ച കോപ്പിയടി വൈധഗ്‌ദ്യവും കൊണ്ടാണു ടിയാന്‍ പി ജി വരെ തട്ടി മുട്ടിയത്തിയത്‌. വീട്ടില്‍നിന്നും അടിച്ചു മാറ്റുന്നതിനു പുറമെ തെങ്ങുകയറ്റം, കൂലിത്തല്ല്, മണലു കോരല്‍, ജൂനിയേര്‍സിനെ വിരട്ടി പണം പിടുങ്ങല്‍ എന്നിവയായിരിന്നു ദാസന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. ക്ലാസില്‍ ഒരു വിസിറ്റിംഗ്‌ പ്രൊഫസറുടെ റോളായതു കൊണ്ട്‌ ടീച്ചേര്‍സിനു ദാസനെ കൊണ്ടുള്ള ബുദ്ദിമുട്ടു വളരെ കുറവായിരിന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, മുത്തുച്ചിപ്പി മുതല്‍ കിങ്ങിണി വരെയുള്ള മലയാള സാഹിത്യത്തിലെ എല്ലാ നല്ല പുസ്തകങ്ങളുടേയും , അവളുടെ രാവുകള്‍ മുതല്‍ ഡ്രൈവിംഗ്‌ സ്കൂള്‍ വരെയുള്ള എല്ലാ നോണ്‍ വെജ്‌ സിനിമകളുയ്ടെയും ആരും കോതിക്കുന്ന ഒരപൂര്‍വ്വ ശേഖരത്തിന്റെ ഉടമയായതു കൊണ്ട്‌ മാത്രമായിരിന്നില്ല ,കാമ്പസില്‍ ആര്‍ക്കെന്തു പ്രശ്നം വന്നാലും ആദ്യം എത്തുന്നതു ദാസനായിരിക്കുന്നതു കൊണ്ട്‌ സത്യത്തില്‍ ഞങ്ങളുടെ കാമ്പസില്‍ ദാസന്‍ തന്നെയായിരിന്നു താരം.

അങ്ങനെ അല്ലറ ചില്ലറ അലമ്പു പരിപാടികളുമായി ദാസന്‍ കാമ്പസില്‍ വിലസുന്ന സമയത്താണു തികച്ചും അപ്രതീക്ഷിതമായി നമ്മുടെ കഥാ നായിക, നവാഗതയായ ജൂനിയേര്‍സിലെ തലയെടുപ്പും താരമൂല്യവുമുള്ള ലക്ഷ്മിക്കുട്ടി ദാസന്റെ ഹൃദയത്തിലേക്കു ഒരു കുളിര്‍ മഴയായി പെയ്‌തിറങ്ങിയത്‌. ആക്‍ച്വലി ലക്ഷിമിക്കുട്ടി ഒരു പ്രസ്ഥാനം തന്നെയായിരിന്നു. മമ്പാട്‌ കെ എസ്‌ ഇ ബി ഉദ്യോഗസ്ഥന്‍ ഗോപാലേട്ടനും ഭാര്യ ശാരദ ടീച്ചര്‍ക്കും ആറുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 'ഉരുളി കമഴ്‌ത്തി' ഉണ്ടായ ഒരേ ഒരു മോള്‍, നാട്ടിലെ മുഴുവന്‍ യുവാക്കളുടെയും ഹൃദയത്തുടിപ്പ്‌, കണ്ണഞ്ചിപ്പിക്കുന്ന 100 വാള്‍ട്ട്‌ ഫ്ലൂറസന്റ്‌ ബള്‍ബിന്റെ നിറം ,ഫയറാന്‍ ലവ്‌ലി മുതല്‍ കുട്ടിക്കൂറ വരെയുള്ള എല്ലാ സൌന്ധര്യ വര്‍ധക വസ്തുക്കളുടെയും മമ്പാടിലെ ബ്രാണ്ട്‌ അംബാസിഡര്‍, പിന്നില്‍ നിന്നു നോക്കിയാല്‍ ജയഭാരതിയേയും, മുന്നില്‍ നിന്നു നോക്കിയാല്‍ സാനിയ മിര്‍സയേയും അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ... ഇന്‍ ബ്രീഫ്‌, മമ്പാടിന്റെ സ്വന്തം നയന്‍ താര തന്നെയായിരിന്നു ലക്ഷ്മിക്കുട്ടി.


അങ്ങനെ ഞാനടക്കമുള്ള സീനിയേഴ്സിലെ തണ്ടും തടിയും സൌന്ദര്യവുമുള്ള(?) ഞങ്ങടെ കാമ്പസിലെ ആണായിപ്പിറന്നവന്മാരെല്ലാം നല്ല വടിവൊത്ത കൈയ്യക്ഷരത്തില്‍ ഞങ്ങളുടെ മുന്‍കാല പ്രണയ പരിചയവും ഫാദറിന്റെ അറ്റസ്‌റ്റഡ്‌ വരുമാന സര്‍ടിഫിക്കറ്റടക്കം അറ്റാച്ച്‌ ചെയ്തു ലക്ഷ്മിക്കുട്ടീ പ്രണയത്തിനുള്ള അപ്ലിക്കേഷന്‍ സമര്‍പ്പിച്ചെങ്കിലും അതെല്ലാം പ്രാഥമിക പരിശോധനയില്‍ തന്നെ ലക്ഷ്മിക്കുട്ടി തള്ളിക്കളഞ്ഞു. അണ്‍ലക്കി ഗയ്‌സ്‌ !!! എന്നാല്‍ അതുകൊണ്ടൊന്നും വിട്ടു കൊടുക്കാന്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ ഉത്തമ പ്രതീകമായിരിന്ന ദാസനു കഴിഞ്ഞില്ല.


ഊണിലും ഉറക്കത്തിലും ലക്ഷ്മിക്കുട്ടിയെകുറിച്ചു മാത്രമായി ദാസന്റെ ചിന്ത. എങ്ങനെയെങ്കിലും അവളെയൊന്നു വളക്കണം , അതിനൊരറ്റ വഴിയെയുള്ളൂ തന്റെ ഈ അലമ്പുപരിപാടികളെല്ലാം തല്‍ക്കാലം ഒന്നു നിര്‍ത്തി ഡീസന്റാക്കുക. അങ്ങനെ ഒടുവില്‍ ലക്ഷ്മിക്കുട്ടിക്കു വേണ്ടി അലമ്പു ദാസന്‍ ഡീസന്റ്‌ ദാസനായി.അവള്‍ക്കു വേണ്ടി തന്റെ ജീവിത രീതി തന്നെ ദാസന്‍ അഴിച്ചു പണിതു.പതിനൊന്നു മണിയായാല്‍ പോലും എണീക്കാത്ത ദാസന്‍ രാവിലെ ഏഴു മണിക്കെണീറ്റു കുളിച്ചു കുറിയെല്ലാം തൊട്ടു ഒമ്പതു മണിക്കു കളസിലെത്തി. തന്റെ സ്ഥിരം അലമ്പു പരിപാടികളും അടിപിടിക്കേസുകളും ശിഷ്യന്മാരെ ഏല്‍പ്പിച്ചു,കിട്ടുന്ന സമയത്തെല്ലാം ജൂനിയേര്‍സിന്റെ ക്ലാസില്‍ചെന്നു അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തും സംശയ നിവാരണം നടത്തിയും ഷൈന്‍ ചെയ്തു. വനിതയിലേയും ആരോഗ്യമാസികയിലേയും 'ഡോകടറോടു ച്യോദിക്കാം' എന്ന പക്തി വായിക്കാനും , തണുത്ത വെള്ളം കുടിക്കാനും മാത്രം ലൈബ്രറിയില്‍ കയറിയിരുന്ന ദാസന്‍ , ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായി.അങ്ങനെ മൊത്തത്തില്‍ ദാസന്‍ ജൂനിയേര്‍സിന്റെയും ലക്ഷ്മിക്കുട്ടിയുടെയും ഇടയില്‍ ഒരു ഹീറോ ആയി. ഞങ്ങളൊരുമിച്ചാണു ചൂണ്ടയിട്ടെതെങ്കിലും അങ്ങനെ ഒടുവില്‍ വൈല്‍ഡ്‌കാര്‍ഡ്‌ എന്‍ട്രി വഴി ലക്ഷ്മിക്കുട്ടിയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനം കിട്ടിയതു ദാസനായിരിന്നു.

ലക്ഷ്മിക്കുട്ടിയുമായി വളരെ അധികം അടുത്തെങ്കിലും തന്റെ പ്രണയം അവള്‍ക്കു മുന്നില്‍ തുറന്നു പറയാന്‍ മാത്രം ദാസനു കഴിഞ്ഞില്ല. ലൈബ്രറിയിലെ ആളൊഴിഞ്ഞ മൂലയിലിരിന്നു ,അങ്ങു അമേരിക്ക - ഇറാന്‍ പ്രശ്നം മുതല്‍ ഇങ്ങു മുല്ലപ്പെരിയാര്‍ അണക്കെട്ടു വരെയൂള്ള എല്ലാ ആഗോള പ്രശ്നങ്ങളെക്കുറിച്ചും ദിവസവും മൂന്നും നാലും മണിക്കുറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ പലതും നടത്തിയെങ്കിലും തന്റെ ആത്മാര്‍ഥ പ്രണയം അവതരിപ്പിക്കാന്‍ മാത്രം ദാസനുകഴിഞ്ഞില്ല. മാത്രമല്ല പരമ്പാഗത പ്രണയാവതരണ രീതികളായ ലവ്‌ ലെറ്റര്‍, ഫോണ്‍ ഇന്‍ പ്രോഗ്രാം, ബ്രോക്കേര്‍സ്‌ എന്നിവയിലൊന്നും ദാസനു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. കാരണം ലക്ഷ്മിക്കുട്ടി എങ്ങനെ പ്രതികരിക്കുമെന്നു ലവള്‍ടച്ചന്‍ ഗോപാലേട്ടനു പോലും പറയാന്‍ പറ്റില്ല. പിന്നെ അറ്റകയ്യിനു ലവളെ മുട്ടയില്‍ ആവാഹിച്ചു പ്രണയസാക്ഷാല്‍കാരം നടത്താന്‍ ദാസനറിയാഞ്ഞിട്ടല്ല, പക്ഷെ ദാസന്‍ വേണ്ടാന്നു വെച്ചിട്ടാ...!!എന്തായാലും, മധുരിച്ചിട്ടു തുപ്പാനും കൈച്ചിട്ടിറക്കാനും വയ്യാത്തവസ്ഥയിലായി ദാസന്‍.


അങ്ങനെ ടെന്‍ഷന്‍ കാരണം ബാറില്‍ പോയി ബീറടിക്കണോ, അതോ ഓസിക്ക്‌ ഓ സി ആറടിക്കണോ എന്നാലോചിച്ചിരിക്കുമ്പോഴാണു മമ്പാട്‌ ഏരിയാ ഇന്‍ ചാര്‍ജ്‌, മമ്പാട്‌ മുത്തപ്പന്‍, ദാസന്റെ മുമ്പില്‍ ലക്ഷ്മിക്കുട്ടിയുടെ കര്‍ച്ചീഫ്‌ രൂപത്തില്‍ അവതരിച്ചത്‌. ലൈബ്രറിയില്‍ നിന്നും ലക്ഷിമിക്കുട്ടിയുടെ താഴെവീണ കര്‍ച്ചീഫ്‌ ദാസന്‍ പതുക്കെ അടിച്ചുമാറ്റി,പോക്കറ്റിലാക്കി ഹോസ്റ്റലിലെത്തിച്ചു. അങ്ങനെ ലോക പ്രണയചരിത്രത്തില്‍ ഇന്നു വരെ ഒരു കാമുകനും തന്റെ കാമുകിക്കു നല്‍കിയിട്ടില്ലാത്ത തരത്തില്‍ തന്റെ ദിവ്യ പ്രണയ സന്ദേശം കാമുകിയുടെ കര്‍ച്ചീഫില്‍ എഴുതി സമര്‍പ്പിക്കാന്‍ ദാസന്‍ തീരുമാനിച്ചു. അങ്ങനെ തന്റെ പ്രണയ സാക്ഷാല്‍കാരത്തിനായി കമ്പസിലെ അറിയപ്പെടുന്ന എഴുത്തുകാരനും ചിത്രകാരനുമായ ബുജി. സുലൈമാന്‍, മൂന്നു കുപ്പി ബീറിനു കര്‍ച്ചീഫില്‍ സന്ദേശമെഴുതാന്‍ ധാരണയായി കരാറില്‍ ഒപ്പിട്ടു. ഇതാണു പില്‍ക്കാലത്തു അറിയപ്പെട്ട പ്രസിദ്ധമായ 'കര്‍ച്ചീഫ്‌ ഉടമ്പടി'.


വെള്ള കര്‍ച്ചീഫില്‍ വളരെ മനോഹരമായി പ്രണയത്തിന്റെ പരിശുദ്ധ പ്രതീകമായ താജ്‌ മഹലും അതിന്റെ കൂടെ ദാസന്റെ പ്രണയ സന്ദേശവും പച്ച കളറില്‍ എഴുതി സുലൈമാന്‍, കരാര്‍പ്രകാരമുള്ള വര്‍ക്ക്‌ തീര്‍ത്തു. അങ്ങനെ കര്‍ച്ചീഫില്‍ സ്പ്രെ അടിച്ചു, നാലായി മടക്കി ദാസന്‍ അടുത്തദിവസം ധരിക്കനുള്ള പാന്റ്‌സിന്റെ പോക്കറ്റില്‍ വൃത്തിയായി വച്ചു.


അടുത്ത ദിവസം ഒമ്പതു മണിക്കു തന്നെ ദാസന്‍ കാമ്പസിലെത്തി , വഴിയില്‍ ലക്ഷ്മിക്കുട്ടി വരുന്നതും കാത്തിരിന്നു. കൃത്യം ഒമ്പതെ കാലിനു ലക്ഷ്മിക്കുട്ടിയെത്തി. പതിവില്ലാതെ ദാസന്റെ ഒരു ടെന്‍ഷന്‍ കണ്ടപ്പോ ലക്ഷ്മിക്കുട്ടിക്കു എന്തോ പന്തികേടു തോന്നി. എങ്കിലും അതുമറച്ചവള്‍ ച്യോദിച്ചു :

" എന്താ ദാസാ ? ദാസനെന്താ ഇവിടെ നില്‍ക്കുന്നെ?"

'ഏയ്‌ ഒന്നുമില്ല, ഞാന്‍ ലഷ്മിക്കുട്ടിയെ കാത്തു നില്‍ക്കുകയായയിരിന്നു'

'എന്നെയോ? എന്താ ഇത്ര വിശേഷിച്ച്‌??''

‘അതെയ്‌ ഞാന്‍ ഒരു പാടു നാളായി ഒരു കാര്യം പറയണമെന്നു വിചാരിക്കുന്നു, പക്ഷെ ഇതു വരെ അവസരം കിട്ടിയില്ല. ഇനിയും പറയാതിരിക്കാന്‍ എനിക്കാവില്ല'

'എന്താ ഇത്ര വലിയ കാര്യം, പറഞ്ഞോളൂ'

'നേരിട്ടു പറയാന്‍ എനിക്കാവില്ല, എല്ലാം ഇതിലുണ്ട്‌'

എന്നു പറഞ്ഞു ദാസന്‍ തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ കയ്യിട്ടു ഒറ്റവലിക്കു കര്‍ച്ചീഫ്‌ പുറത്തെടുത്തു ലക്ഷ്മിക്കുട്ടിക്കു നേരെ നീട്ടി.

അടുത്ത നിമിഷം രണ്ടു പേരും ഒരുമിച്ചു ഞെട്ടി !!!!

കര്‍ച്ചീഫിനു പകരം ദാസന്റെ കയ്യില്‍ തന്റെ റൂമേറ്റായ മണ്ടരി മനീഷിന്റെ ഈറ്റവും പുതിയ വെള്ള അണ്ടര്‍ വയര്‍ !!!! !!!! വി ഐ പി ഫ്രഞ്ചി !!!

ഈശ്വരാ ലോകത്താദ്യമായി ഒരു കാമുകന്‍ തന്റെ പ്രണയിനിക്കു ഒരു ജട്ടി പ്രണയോപഹാരമായി നല്‍കിയിരിക്കുന്നു.പെട്ടെന്നു ദാസനു ഭൂമിയും ആകാശവും എല്ലാം ഒരുമിച്ചു കറങ്ങുന്നതു പോലെ ഒരു തോന്നല്‍.
അതെ ദാസന്റെ ഉണ്ടായിരിന്ന ബോധവും പോയി.......കണ്ണു തുറന്നപ്പോള്‍ മുമ്പില്‍ ലക്ഷ്മിക്കുട്ടിയില്ല പകരം മുകളില്‍ ഹോസ്റ്റലിലെ 103 നമ്പര്‍ റൂമ്മിലെ കറങ്ങുന്ന ഫാന്‍ മാത്രം..

വാല്‍: ദൈവത്തിന്റെ കാര്യം അല്ലെ? പണ്ടേ അങ്ങേര്‍ അങ്ങനെയാണല്ലോ? പവങ്ങള്‍ക്കിട്ടല്ലെ താങ്ങൂ...അല്ലാതെ മണ്ടരി മനീഷിനെ കുറ്റം പറയാന്‍ പറ്റോ?? വൈകീട്ടു വന്നാല്‍ എന്നും തന്റെ അണ്ടര്‍ വെയര്‍ ഊരി പന്റ്‌സിന്റെ പോക്കറ്റില്‍ തിരുകുന്നതു ലവനു പുതിയകാര്യമൊന്നുമല്ലല്ലോ? എന്നിട്ടും അവനെങ്ങനെ പറ്റീ അത്‌?? ആ !!!

Sunday, June 24, 2007

കിന്നാരത്തുമ്പികള്‍ [ റിവ്യൂ]

2003 ല്‍ മലയാള സിനിമയിലെ തല തൊട്ടപ്പന്മാരായ സൂപ്പര്‍ സ്റ്റാറുകളുടെവരെ ബിഗ്ബജറ്റ്‌ സിനിമകള്‍ എട്ടും എട്ടും പതിനാറു നിലയില്‍ പൊട്ടി മലയാള സിനിമാവ്യവസായം മൊത്തം ചിക്കന്‍ ഗുനിയ ബാധിച്ച പത്തനംതിട്ട ജില്ല പോലെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, നമ്മ പെരിയണ്ണ രജനിയെപ്പോലെ വന്നു തന്റെ ഒരു ചെറിയ സാന്നിദ്ധ്യം കൊണ്ടു മാത്രം സിനിമകളെ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റാക്കിയ "മലയാളത്തിന്റെ പ്രിയപ്പെട്ട" നായിക ഷക്കീല തന്റെ മുഴുവന്‍ 'അഭിനയശേഷിയും' പുറത്തെടുത്തഭിനയിച്ച , മെഗാഹിറ്റ്‌ ചലചിത്രം കിന്നാരത്തുമ്പികളിലെ മനുഷ്യന്റെ എല്ലാ കണ്ട്രോളും കളയുന്ന കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ ,വള്ളിപുള്ളി തെറ്റാതെ ശ്വാസമടക്കിപ്പിടിച്ചു വായിക്കാനാണു ബസ്സിനുപോലും കാത്തു നില്‍ക്കതെ ഓട്ടോ പിടിച്ചു നിങ്ങള്‍ ഇവിടെ എത്തിയതെങ്കില്‍ …. ക്ഷമിക്കണം, നിങ്ങള്‍ക്കു തെറ്റി..ബു ഹ ഹ ഹ ..പറ്റിച്ചേ !!!



മമ്പാട്‌ എം ഇ എസില്‍ സ്ഥിരം അലമ്പുപരിപടികളോടെ , അര്‍മ്മാദിച്ചു നടക്കുന്ന കാലത്താണു ഒമാനില്‍ മുഴുവനായി ആഞ്ഞടിച്ച ഗോനു ചുഴലിക്കാറ്റിനെപ്പോലെ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ കേരളമാകെ ഒരു തരംഗമായി ആഞ്ഞടിച്ചതു. ആ തരംഗത്തിന്റെ വലിയ ഓളങ്ങള്‍ ഇങ്ങു മലപ്പുറത്തിന്റെ ഒരു മൂലയിലുള്ള ഞങ്ങടെ കാമ്പസിലും ഒട്ടും ശക്തികുറയാതെ തന്നെ ആഞ്ഞു വീശി. ഹോസ്റ്റെല്‍ മെസ്സില്‍ നിന്നും മൂന്നു നേരവും ഒരു മുടക്കവും കൂടാതെ നല്ലോം വെട്ടി വിഴുങ്ങുക, വൈകുന്നേരം വരെ കാണാന്‍ കൊള്ളുന്ന ലവളന്മാരുമായി ലൈബ്രറിയിലിരിന്നു ആഗോളപ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, ദിവസവും രാത്രിയില്‍ ലാഡീസ്‌ ഹോസ്റ്റലിലെ സഹപാടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക എന്നീ 'സല്‍ഗുണ'ങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കാകെ ഉണ്ടായിരിന്ന ചീത്ത സ്വഭാവം എന്നു പറയുന്നതു പുതിയ റിലീസു ചിത്രങ്ങള്‍ റിലീസിന്റെ അന്നു തന്നെ ഒരു വഴിപാടു പോലെ മുടങ്ങാതെ കാണുക എന്നുള്ളതായിരിന്നു.

നല്ല കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാന്‍ പാടില്ല എന്നാണല്ലോ? അതു കൊണ്ടാണു നിലമ്പൂര്‍ രാജേശ്വരിയില്‍ കിന്നാരത്തുമ്പികള്‍ റിലാസായ അന്നു തന്നെ ക്ലാസു കട്ടു ചെയ്തു ഞങ്ങളഞ്ചംഗ സഘം അവിടെ എത്തിയത്‌. ചെന്നയില്‍ രജനിയുടെ ശിവജി റിലീസായപ്പോള്‍ പോലും ഇത്രയും തിരക്കുണ്ടായിട്ടുണ്ടാവില്ല, അത്രക്കു തിരക്കു. ടിക്കറ്റു കിട്ടിയില്ല എന്നു മാത്രമല്ല, പട പേടിച്ചു പന്തളത്തു ചെന്നപ്പം അവിടെ പന്തളം കുമാരന്റെ ഗാനമേള ,എന്നു പറഞ്ഞതു പോലെ സംഘത്തിലൊരുത്തന്റെ പുന്നാര അമ്മാവന്‍ ടിക്കറ്റിനു വെണ്ടി ഒരു വടക്കന്‍ വീര ഗാഥയിലെ മമ്മൂട്ടിയെ പോലെ അങ്കം വെട്ടുന്ന കാഴ്ച്ച ഞങ്ങളിലവശേഷിച്ചിരുന്ന ആവേശത്തേയും ചോര്‍ത്തിക്കളഞ്ഞു.



------------------------------

അന്നൊരു തിങ്കളാഴ്ച്ചയായിരിന്നു. 9.30 നുള്ള 'മിനിമോള്‍' മമ്പാട്‌ ലാന്റ്‌ ചെയ്‌തതു നെട്ടിപ്പിക്കുന്ന ഒരു ഹോട്ട്‌ ന്യൂസുമായിട്ടായിരിന്നു. ബോയ്‌സ്‌ ഹോസ്റ്റലില്‍ കേട്ടവര്‍ കേട്ടവരെല്ലാം അതു കേട്ടു നെട്ടി. പിന്നെ പരസ്പ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കിട്ടു. ഞങ്ങടെ ഹോസ്റ്റലിന്റെ അഭിമാന താരമായ മണ്ടരി മനീഷ്‌ ഒടുവില്‍ അതു നേടിയിരിക്കുന്നു. അതെ അവന്റെ നിരന്തരമായ കഠിന പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു,അവന്റെ നിശ്ചയ ദാര്‍ഡ്യത്തിനു മുമ്പില്‍ അവര്‍ മുട്ടു മടക്കിയിരിക്കുന്നു. വകയിലെ എതോ ഒരമ്മാവന്‍ പണ്ടെങ്ങോ ഇന്ത്യയില്‍ വന്നു ഒരു കോലുമുട്ടായി വാങ്ങിയതിന്റെ പേരില്‍ ഇന്ത്യന്‍ വംശജ എന്നു പറഞ്ഞു ബഹിരാകാശയാത്ര കഴിഞ്ഞു വന്ന സുനിതാ വില്യംസിനു ഇന്ത്യക്കാര്‍ കൊടുത്ത പ്രാര്‍ഥനയേക്കാള്‍ ഇരട്ടി പ്രാര്‍ഥനയോടെയും ആശംസകളോടെയുമാണു ഹോസ്റ്റലുകാര്‍ മനീഷിനെ സ്വീകരിച്ചത്‌. കാര്യം മറ്റൊന്നുമല്ല, റിലീസായിട്ടു വെറും മൂന്നാഴ്ച മാത്രമായിട്ടുള്ള കേരളമാകെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചലചിത്ര കാവ്യം കിന്നാരത്തുമ്പികളുടെ വ്യാജ സിഡി ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ മനീഷ്‌ അദിവിദഗ്ദമായി സഘടിപ്പിച്ചിരിക്കുന്നു. മൂന്നാഴ്ച്ചക്കാലമായി ഉറക്കത്തിലും കറക്കത്തിലും ഞങ്ങള്‍ ആലോചിച്ചു നടക്കുന്ന ഞങ്ങളുടെ ആ സ്വപ്നം ഒടുവില്‍ സഫലമാവാന്‍ പോകുന്നു.



പക്ഷെ എങ്ങനെ കാണും, ഹോസ്റ്റലില്‍ വെച്ചു കാണാമെന്നു വെച്ചാല്‍ അന്തേവാസികള്‍ അവിടെ 'ഉത്രട്ടാതി വെള്ളം കളിയും' അതിനോടനുബന്ദിച്ചുള്ള 'മഹോത്സവവും' നടത്തി ആകെ ഉള്ള ഇമേജും കൂടി നശിപ്പിച്ചു കയ്യില്‍ തരും. അതു കൊണ്ടാണു ഞങ്ങളെയെല്ലാവരേയും ഓറ്റയടിക്കു നാളത്തെ ബില്‍ഗേറ്റ്‌സുമാരാക്കാം എന്ന ഉദ്ദേശത്തോടെ കോമ്മേര്‍സ്‌ ഡിപ്പര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ തന്നെ ഞങ്ങള്‍ ഈ അണ്‍ ഓദറൈസ്ഡ്‌ ഓപറേഷനു തിരഞ്ഞടുത്തത്‌. കാമ്പസിലെ മുഴുവന്‍ അലമ്പുപരിപാടികളും കൊട്ടേഷന്‍ ഇടുത്തു നടക്കുന്ന ഞങ്ങള്‍ക്കു ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമിന്റെ ഒരു കോപ്പി കീ ഉണ്ടാക്കുക എന്നതു ഒരു പ്രശനമേ ആയിരിന്നില്ല.



അന്നൊരു വെള്ളിയാഴ്ചയായിരിന്നു, സമയം രാതി പന്ത്രണ്ടു മണി. അമാവാസി ദിനമായതിനാലാവണം ആസ് യൂശ്വല്‍ ഭയങ്കര ഇരുട്ട്‌, അതെ ഇന്നാണു ഞങ്ങള്‍ “ മിഷന്‍ കിന്നാരത്തുമ്പികള്‍ “ പ്ലാന്‍ ചെയ്തിരിക്കുന്നതു. മണ്ടരി മനീഷിന്റെ നേത്രുതത്തില്‍ ഞങ്ങള്‍ അഞ്ചംഗ സഘം ആയുധങ്ങളുമായി (സീഡി, കീ ) ഡിപ്പാര്‍ട്ട്‌മന്റ്‌ റൂം ലക്ഷ്യമാക്കി നടന്നു. ഒരില അനങ്ങിയാല്‍ പോലും ചാടി എണീറ്റു "അങ്കെ യാറടാ തിരുട്ടു പയലുകളെ" എന്നു ചോദിക്കുന്ന വാച്ചര്‍ മുത്തുവിനെയും പറ്റിച്ചു, ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിനടുത്തെത്തി.



വാതിലു തുറക്കാന്‍ നോക്കിയ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു സ്തംഭിച്ചു നിന്നു.വാതില്‍ തുറന്നു കിടക്കുന്നു, മാത്രമല്ല, ആരോ ആ ഇരുണ്ട വെളിച്ചത്തില്‍ കമ്പ്യൂട്ടറില്‍ ഇരുന്നു എന്തോ സ്പ്പീടില്‍ ടൈപ്പ്‌ ചെയ്യുന്നു. ദോണ്ടെ ഒരു ഹൈട്ടെക്‌ കള്ളന്‍ , തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു !! ഈശ്വരാ ഈ പാവങ്ങളോടെന്തിനീ ബലപരീക്ഷണം, തിരിഞ്ഞോടാം... പെട്ടെന്നെന്റെ തലയിലെ എല്ലാ ബള്‍ബുകളും ഒറ്റയടിക്കു കത്തി . അല്ല , ഇതൊരു പരീക്ഷണമല്ല, പിന്നെയോ ??? ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാണുള്ള ഒരപൂര്‍വ്വ അവസരമാണു, ഇവനെ പിടിച്ചു കൊടുത്താല്‍ നാളെ മുതല്‍ കാമ്പസില്‍ ഞങ്ങളാണു താരങ്ങള്‍, സ്വീകരണം, അനുമോദനങ്ങള്‍, ധീരതക്കുള്ള അവാര്‍ഡ്‌ ,അതുവഴി അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറഞ്ഞു നില്‍ക്കുന്ന ,ജൂനിയെര്‍സിലെ ലവളന്മാര്‍ക്കു കൊടുത്ത എന്റെ രണ്ടപ്ലിക്കേഷനും ഒറ്റയടിക്കു സാന്‍ക്ഷനാവും. പിന്നെ ഉത്സാഹം തന്നെ ഉത്സാഹം...ഒരു നിമിഷം സ്വപ്നലോകത്തായിപ്പോയ എന്നെ ഉണര്‍ത്തി ഞങ്ങളുടെ ഓപെറാഷന്‍ ടീമിന്റെ ക്യാപറ്റന്‍ ലഫ്റ്റനന്റ്‌ കേണല്‍ മണ്ടരി മനീഷ്‌ അലറി " അറ്റാക്ക്‌" .


കേട്ട പാതി കേള്‍ക്കാത്ത പാതി , "നിന്റെ അമ്മായി അമ്മേടെ തേങ്ങാക്കൊല , നീ ഞങ്ങടെ കോളേജീ കേറി കക്കുന്നോടാ" എന്നു ച്യോദിച്ചു ഞാന്‍ ഉടുത്തിരുന്ന കള്ളിമുണ്ട്‌ സ്ഫടികത്തിലെ മോഹന്‍ലാലിനെപോലെ വലിച്ചൂരി കള്ളന്റെ തലയില്‍ കൂടിയിട്ടു അവന്റെ 'അണ്ടകടാകം' നോക്കി ഒരു അലക്കങ്ങുകൊടുത്തു. ജീവിതത്തിലന്നു വരെ ഒരു കള്ളനെപ്പോയിട്ടു ഒരു കുള്ളനെപ്പോലും തൊട്ടു നോവിക്കാത്തെ എന്റെ ഈ അമിതാവേശം കണ്ടു ബാക്കിയുള്ളവന്മാരും കൂടിചേര്‍ന്നു ,അലക്കിയ ഷര്‍ട്ടു പിഴിയുന്ന കണക്കെ ലെവനെയങ്ങു പിഴിഞ്ഞു. സംഭവിചെതെന്തന്നറിയിന്നതിനു മുന്‍പുതന്നെ ശരീരത്തിലെ സകല പരിപ്പുകളും കലങ്ങിയ കള്ളന്‍ , "എന്റമ്മേ" എന്നലറി ഭൂമി ദേവിയെ സാഷ്‌ട്ടാങ്കം പ്രണാമിച്ചു കമന്നടിച്ചു താഴെ വീണു. കാള മൈക്കിലെ ശബ്‌ദം പോലെയുള്ള ആ അലര്‍ച്ച കേട്ടതും , അഞ്ചാറു പേരെ ഓരുമിച്ചടിച്ചിട്ടു ബെന്‍സ്‌ വാസുവിലെ ജയനെപ്പോലെ നെഞ്ചും വിരിച്ചു നിന്നിരിന്ന ഞങ്ങളെല്ലാവരും ഒരു മിച്ചു നെട്ടി. നല്ല പരിചയമുള്ള ശബ്‌ദം. ഈശ്വരാ ഈ ശബ്‌ദം മുമ്പെവിടെയോ കേട്ടിട്ടൂണ്ടല്ലോ?? എത്രയും പെട്ടെന്നു തന്നെ ലവന്റെ മുഖത്തെ തുണി മാറ്റി , ഇരുട്ടില്‍ മുഖം വ്യക്തമായില്ലെങ്കിലും ആ രൂപം ഞങ്ങള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു, ഞങ്ങളുടെ പ്രിയപ്പെട്ട , എല്ലാമെല്ലാമായ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൈജു സാര്‍ !!! ഈശ്വരാ..ഞങ്ങടെ ബൈജു സാര്‍, ക്രൂരന്മാരായ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കൊരപരാധം, 24കാരറ്റ് സല്‍സ്വഭാവി, വൈകുന്നേരത്തെ ചായക്കു രണ്ടു പരിപ്പു വട എന്ന ഞങ്ങളുടെ സ്‌ട്രോങ്ങ്‌ ഡിമാന്റ്‌ മാനേജു കമ്മറ്റിയില്‍ അവതരിച്ചു പാസാക്കിയ മഹാന്‍, മെന്‍സ്‌ ഹോസ്റ്റലുകാര്‍ ലാഡീസ്‌ ഹോസ്റ്റലിന്റെ മതിലുചടുന്നു എന്നു ലാഡീസ്‌ വാര്‍ഡന്‍ കംബ്ലേന്റ്‌ പറഞ്ഞപ്പോള്‍ നിങ്ങള്‍ വേണങ്കി ഞങ്ങടെ മതിലും ചാടിക്കോ എന്നു പ്രഖ്യാപിച്ച ധീരന്‍, ലാഡീസ്‌ ടീച്ചര്‍മാരുടെ ആരാധനാ പുരുഷന്‍... ഈശ്വരാ ആ തങ്കപ്പെട്ട മനുഷ്യനെയാണോ ഞങ്ങള്‍ ലോകകപ്പു ഫൂട്ബോള്‍ കളിക്കുന്ന ആവേശത്തോടെ പന്തു തട്ടിയത്‌. ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. എന്തായാലും പറ്റിപ്പോയി , ഇനി ആലോചിച്ചിട്ടു കര്യമില്ല.. " ശെല്‍വാ , പളനി, വേലു എന്നടാ പാത്തിട്ടിരിക്കിറത്‌, തൂക്കിപ്പോട്ട്‌ വാങ്കടൈ" എന്നുള്ള മനീഷിന്റെ ബുദ്ദിപൂര്‍വമായ ഡയലോഗ്‌ കേട്ടതും നിലത്തു വീണുകിടക്കുന്ന മുണ്ടും പെറുക്കി ഞങ്ങളോടി.ആ ഓട്ടം അവസാനിച്ചത്‌ ഹോസ്റ്റലിലെ 103 -)o നമ്പര്‍ റൂമിലായിരിന്നു.


അടുത്ത ദിവസം രാവിലെ മെസ്സ്‌ ഹാളില്‍ ഞങ്ങളെക്കാത്തിരുന്നത്‌, ചൂടുള്ള ആ വാര്‍ത്തയായിരിന്നു. ഇന്നലെ രാത്രി ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമില്‍ ഈമെയില്‍ ചെക്കു ചെയ്യാന്‍ പോയ ബൈജു സാറെ മൂന്നാലു അണ്ണാച്ചി കള്ളന്മാര്‍ ചേര്‍ന്നു മര്‍ദ്ദിച്ചു, കഴുത്തുളുക്കിയ ബൈജു സാര്‍ ഒരാഴ്ച ബെഡ്‌ റെസ്റ്റിലാണു.



കൃത്യം ഒരാഴ്ച്ച കഴിഞ്ഞു.വെള്ളിയാഴ്ച്ച രാത്രി മൂക്കുമുട്ടെ തട്ടി അന്നത്തെ അവസാന കലാപരിപാടിയായ ചീട്ട്‌ കളി തകൃതിയായി നടന്നു കോണ്ടിക്കുമ്പോള്‍ വതിലില്‍ ആരോമുട്ടുന്നതു കേട്ടു. വാതില്‍ തുറന്ന ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു നെട്ടി..അതെ സാക്ഷാല്‍ ബൈജു സാര്‍ , കഴുത്തില്‍ ഒരു വടവും (കഴുത്തിന്റെ ആട്ടം നിറുത്താന്‍ ഇടുന്ന വെള്ള സ്‌പോഞ്ചിന്റെ സാധനം), കയ്യില്‍ ഒരു കവറുമായി നില്‍ക്കുന്നു. റൂമില്‍ കയറിയ ബൈജു സാര്‍ എന്റെ കയ്യില്‍ ആ കവര്‍ ഏല്‍പ്പിച്ചു, രോഗിയായ ബൈജുസാറിനു ‘അന്നദാന‘മായി കിട്ടിയ ഫ്രൂ‍ട്ട്സായിരിക്കുമെന്നുകരുതി ധ്രിതിയില്‍ കവര്‍ തുറന്ന ഞാന്‍ ശരിക്കും നെട്ടി...
.
.
.
.
.
.
.

നഷ്‌ട്ടപ്പെട്ടു എന്നു കരുതിയ കിന്നാരത്തുമ്പികളുടെ രണ്ടാം സീഡി !!!!




-----------------------------






വാല്‍ : അതിനു ശേഷം ഇന്നേവരെ ഒരു ഷക്കീലപ്പടവും ഞാന്‍ കണ്ടിട്ടില്ല..സത്യായിട്ടും...ബൈജു സാറാണെ സത്യം..





ഡിസ്‌ക്ലൈമര്‍ : 'ജീവിച്ചു പോയവരോ മരിച്ചിരിക്കുന്നവരോ ' ആയ ആരെങ്കിലും വന്നു ഈ കഥയിലെ കഥാപാത്രമാണെന്നോ,അല്ലെന്നോ പറയുകയും എനിക്കെതിരെ ബൂലോക കോടതിയില്‍ പീഡനക്കേസ്‌ ഫയലുചെയ്യുകയും ചെയ്താല്‍ എനിക്കൊരു കുന്തോല്ലാ... ഹല്ല പിന്നെ...

ഓ ടോ: ബൈജു സാറെ ക്ഷമീ..പറ്റിപ്പോയി, അതും , ഇതും....

Friday, June 8, 2007

ക്ലോറോഫോം [ വീണ്ടും ചില റാഗിങ്ങ് കഥകള്‍)

വര്‍ഷം 2003. എന്റെ നാട്ടുകാരെയും വീട്ടുകാരെയും എന്തിനധികം എന്നെതന്നെ നെട്ടിച്ചു കൊണ്ടാണു , നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ പോലെ ഞാനും ബി.കോം ഫാസ്റ്റ്‌ ക്ലാസുകാരനായ റിസള്‍ട്ട്‌ വന്നത്‌. ഇതു കേട്ട ഉടന്‍ തന്നെ എന്റെ ഫാദര്‍ ഡിസൂസയുടെ ബോധം പോയെന്നു സ്ഥിരീകരിക്കാത്ത റീപ്പോര്‍ട്ടുണ്ടെങ്കിലും ,ബാംഗ്ലൂര്‍ പഠനം എന്ന എന്റെ ചിരകാല അഭിലാഷത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള അപേക്ഷ പ്രാധമിക ഘട്ടത്തില്‍ തന്നെ അദ്ധേഹം തള്ളിക്കളഞ്ഞു. ഈശ്വരാ.... നാട്ടുകരോടും കൂട്ടുകരോടും ബാംഗ്ഗ്ലൂരിലേക്കു പോവ്വാണെന്നു പറഞ്ഞും പോയി,ഇനിപ്പം എന്താ എന്നാലോചിച്കു നിക്കുമ്പോഴാണു മമ്പാട്‌ എം ഇ എസില്‍ നിന്നും പിജിക്കുള്ള അഡ്മിഷന്‍ കാര്‍ട്‌ വന്നത്‌.ഹാവൂ സധാമാനായി, ബാംഗ്ഗ്ലൂരിലേക്കണന്നു പറഞ്ഞു മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയതു മമ്പാട്‌ കോളേജിലാ.


മമ്പാട്‌ എം ഇ എസ്‌..മനോഹരമായ കാമ്പസ്‌, അതിലും മനോഹരമായ പെണ്‍കുട്ടികള്‍, ഈശ്വരാ ഞാന്‍ ഇവിടെ എത്താന്‍ സ്വല്‍പ്പം വൈകിപ്പോയോ എന്നു തോന്നിയ നിമിശങ്ങള്‍....എവിടെതിരിഞ്ഞാലും 'ഫുള്‍ കവറേജും' അപാര 'റയിഞ്ചും', പക്ഷെ എന്റെ സന്തോഷത്തിനു ആയുസു വളരെ കുറവായരിന്നു.വാളടുത്തവന്‍ വാളുവെച്ചു ചാവും എന്നാണല്ലോ? അതെ മമ്പാട്‌ പി ജി ഹോസ്റ്റലില്‍ എനിക്കു നേരിടെണ്ടിവന്ന റാഗിങ്ങുകള്‍ അതുവരെയുള്ള എന്റെ എല്ലാ റഗിങ്ങ്‌ അനുഭവങ്ങളേയും സങ്കല്‍പ്പങ്ങളേയും തകിടമ്മറിക്കുന്ന തരത്തിലുള്ളതായിരിന്നു.


ഹോസ്റ്റലില്‍ വലതു കാല്‍ വെചു കേറിച്ചെന്ന എനിക്കു തന്ന ഗംഭീര സീകരണത്തിനുള്ള നന്ദി പ്രകടനമെന്ന നിലക്കാണു സീനിയേര്‍സിലെ ഒരുത്തന്‍, ബാത്‌ റൂമില്‍ മറന്നു വെച്ച വാച്ചെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പും കൂടാതെ പോയത്‌. അടഞ്ഞിരിന്ന വാതില്‍ മെല്ലെ തുറന്നു അകത്തു കടന്ന ഉടന്‍ തന്നെ ഒരു വലിയ ബക്കറ്റു വള്ളവും, ഒരു വലിയ സ്റ്റില്‍ ബക്കറ്റും ഒരു സിംബലടിച്ച ശബ്ദത്തോടെ എന്റെ തലയില്‍ വന്നു പതിച്ചു.സംഭവിച്ചെതെന്താണെന്നു മനസ്സിലായപ്പ്പ്പോഴേക്കും , കുഞ്ചാക്കോ ബോബനെപ്പോലെ ഇന്‍സൈടെല്ലാം ചെയ്തു ലുക്ക്‌ ആയി നിന്നിരിന്ന ഞാന്‍ പൊട്ടകിണറ്റില്‍ വീണ കോഴിയെ പോലെയായിരിന്നു.പുതിയ അന്തെവാസിയെ സീകരിക്കാനുള്ള ആചാര വെടി മുഴങ്ങിയിരിക്കുന്നു, അതെ അതൊരു തുടക്കമായിരിന്നു, തുടക്കം മാത്രം.....


ക്ലാസു കഴിഞ്ഞുവന്ന എന്നെ കാത്തിരിന്നതു രസമുള്ള ഒരുപാടു 'കലാ' പരിപാടികളായിരിന്നു.എന്തിനാണെന്നറിയില്ല,തടിയന്‍ നാസിം ഒരുത്തനെ കസേര വലിച്ചടിക്കുന്നതു കണ്ടു, ഏതോ പെണ്ണിന്റെ പേരു പറഞ്ഞു തുടങ്ങിയ 2 മണിക്കൂര്‍ നീണ്ട ആ ഘോരയുദ്ദം ഞങ്ങള്‍ ജൂനിയെര്‍സിന്റെ എല്ലാ ദൈര്യവും ഒറ്റായ്ടിക്കു ചോര്‍ത്തിക്കളഞ്ഞു. അതൊരു ആസൂത്രിധ 'കൂമാട്ട'മായിരിന്നെന്ന് അറിഞ്ഞപ്പോഴെക്കും അവര്‍ ഞങ്ങളുടെ മേല്‍ സമ്പൂര്‍ണ്ണ ആദിപത്യം നേടിയിരിന്നു.ആചാരങ്ങളുടേയും അനാചാരങ്ങളുടേയും,എന്നാല്‍ രസകരവുമായിരിന്ന വലിയ ഒരു നിയമാവലി തന്നെ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരിന്നു. നിയ്മാവലി എന്നു പറഞ്ഞാല്‍ രാവിലെ ആറുമണിക്കെണീറ്റു, ആറടിമാത്രം താഴ്ച്ചയുള്ള (ഭാഗ്യം) ഹോസ്റ്റല്‍ കിണറ്റില്‍ ചാടിക്കുളിക്കണം (ഇല്ലെങ്കില്‍ പിന്നെ അന്നു കുളിക്കാന്‍ പെര്‍മിഷന്‍ ഇല്ല),രാത്രി 12 ആയാല്‍ തെങ്ങില്‍ നിന്നും തേങ്ങ ഇട്ടു വെട്ടി സീനിയെര്‍സിനു കൊണ്ടു കൊടുക്കണം, സീനിയേര്‍സിനെ വിസിറ്റ്‌ ചെയ്യാന്‍ വരുന്ന വിശിഷ്ട വ്യക്തികള്‍ക്കു, എസ്പെഷലി പെണ്‍കുട്ടികള്‍ക്കു, അടക്കാപ്പഴം, മാങ്ങ സപ്പോട്ട, ഇവയൊക്കെ പറിച്ചു കൊടുക്കണം,എന്നിവ അതില്‍ ചിലതു മാത്രം. നല്ല തല്ലു നാട്ടില്‍തന്നെ കിട്ടുമെന്നുള്ളതു കൊണ്ടും,ഞമ്മളും ഒരുനാള്‍ സീനിയേര്‍സു ആകുമെന്നുള്ള ആശ്വാസം കൊണ്ടും, മോറോവര്‍ ഇതെല്ലാം ക്ലാസിലറിഞ്ഞാലുള്ള നാണക്കെടോര്‍ത്തും ഞങ്ങള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നടന്നു. എന്നാല്‍ യതാര്‍ഥ അങ്കം വരാനിരിക്കുന്നതെ ഉണ്ടായിരിന്നുള്ളൂ..


മെസ്സില്‍ സ്പെഷല്‍ ബിരിയാണിയുള്ള ഒരു വ്യായാഴ്ച്ച, കഴുത്തു മുട്ടെ ബിരിയാണിയും തട്ടി, ആസ്വദിച്ചു കൂര്‍ക്കവും വലിച്ചു , ജൂനിയെര്‍സിലെ "ലവളേയും" സ്വപ്നം കണ്ടുറങ്ങുകയായിരിന്ന എന്നെ ആരോ ചവിട്ടി വിളിക്കുന്നതു പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോള്‍ റൂമില്‍ നല്ല ഇരുട്ട്‌ , ഒന്നും വ്യക്തമായി കാണാന്‍ വയ്യെങ്കിലും തടിച്ചിരുണ്ട ഒരു രൂപം കയ്യില്‍ ഒരു കത്തിയും പിടിച്ചു മുഖത്തു ഒരു കറുത്ത തുണിയല്ലാം കെട്ടി എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. ഈശ്വരാ സ്വപ്നമോ യാഥാര്‍ത്യമോ എന്നറിയാത്ത നിമിഷങ്ങള്‍. ഒന്നലറി വിളിക്കണമെന്നുണ്ട്‌,ഒന്നലറി നോക്കി, ഇല്ലാ ശബ്ദ്ദം പുറത്തു വരുന്നില്ല, ശേഷിച്ചിരിന്ന ധൈര്യവും "ചോര്‍ന്നു" പോകുന്നതു പോലെ തോന്നി(അയ്യെ!).എങ്കിലും ഉള്ള ധൈര്യം വെച്ചു അഴിഞ്ഞു പോയ ഉടുമുണ്ടും കയ്യില്‍ പിടിച്ചു , “അമ്മേ “ എന്നലറി ഒടിയ ഞാന്‍ അതിനേക്കാള്‍ സ്പീടില്‍ പിന്നീലോട്ടു വന്നു ഭൂമിയുടെ ഗുരുത്വാഗര്‍ഷണം ശരിക്കും ആസ്വദിച്ചു തലയടിച്ചു തറയില്‍ വീണു. ബോധം ഒന്നു പോയി തിരിച്ചു വന്നപ്പോഴാണു എന്റെ കാലും ഞാന്‍ കിടക്കുന്ന കട്ടിലും തമ്മില്‍ ഒരു കയറുപയോഗിച്ചു കെട്ടിയിരിക്കുന്നു എന്ന നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌. ഉടന്‍ തന്നെ റൂമിലെ ബള്‍ബുകളെല്ലാം മിന്നിക്കത്തി, ഒപ്പം ഒരു കൂട്ടച്ചിരിയും. അതെ റഗിങ്ങിന്റെ അതിനൂതന രീതി ഏറ്റവും വിജയകരമായി എന്റെ സീനിയേര്‍സ്സ്‌ എന്നില്‍ പരീക്ഷിച്ചിരിക്കുന്നു എന്നെനിക്കു മനസ്സിലായി.


ആ ആഘാതം പൂര്‍ണ്ണമായു വിട്ടുമാറും മുമ്പുതന്നെ അടുത്ത ഷോക്കും എനിക്കു കിട്ടി. അടുത്ത ദിവസം നേരത്തെ ഉറങ്ങാന്‍ കിടന്ന എന്നെ സീനിയേര്‍സ്‌ രണ്ടുപേര്‍ വന്നു മുകളില്‍ അവരുടെ റൂമിലേക്കു കൊണ്ടുപോയി. ചെയുതു പോയ തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു കെട്ടിപ്പിടിച്ചു മുത്തം തരാനായിരിക്കുമെന്നു കരുതിയ എനിക്കു തെറ്റി. അവിടെ നാലു പേര്‍ എന്നെയും കാത്തു നില്‍ക്കുന്നുണ്ടയിരിന്നു. വളരെ സ്നെഹത്തോടെ എന്നെ സീകരിച്ചു ഒരു കസേരയിലിരുത്തി അവര്‍ കാര്യം അവതരിപ്പിച്ചു,


"ടാ ദോണ്ടെ ഇതുണ്ടല്ലോ, കുറച്ചു ക്ലോറോഫോമാ, ഞങ്ങള്‍ കെമിസ്ട്ട്രി ലാബില്‍ നിന്നു കൊണ്ടോന്നതാ, സാധനം ഞങ്ങള്‍ ടയ്‌ല്യൂട്ട്‌ ചെയ്തിട്ടുണ്ട്‌, അതു കൊണ്ടു വല്യാ പ്രശ്നോന്നൂല്ലാ. ഇവിടെ പുതിയതായി വരുന്ന എല്ലാവര്‍ക്കും ഞങ്ങ കൊടുക്കുന്നതാ ഇതു"


" ഇതിപ്പോ ഞങ്ങള്‍ നിന്നെ മണപ്പിക്കും, കുഴപ്പൊന്നൂല്ലാ, ഒരു രണ്ട്‌ മണിക്കൂര്‍ നീ ഒന്നു മയങ്ങും അതു കഴിഞ്ഞാല്‍ നീ ഓകെ ആകും, ജൂനിയേര്‍സില്‍ ബാക്കിള്ളോര്‍ക്കെല്ലാം ഞങ്ങള്‍ ഇതു കൊടുത്തു, ഇനി നീ മാത്രമെ ഉള്ളൂ"


ഈശ്വരാ ..എനിക്കു തല കറങ്ങുന്നതു പോലെ തോന്നി, ഉള്ള ശബ്ദം മുഴുവന്‍ പുറത്തെടുതു ഞാന്‍ അലറി" ഇല്ല , ഞാന്‍ സമ്മതിക്കില്ല" ആരു കേള്‍ക്കാന്‍ ?,ഒരുത്തന്‍ വന്നു എന്റെ ഷര്‍ട്ടഴിച്ചു എനിക്കു വെള്ള ഷര്‍ട്ടു ഇട്ടു തന്നു,എന്നിട്ടു ഒരുവെള്ളക്കടലാസ്‌ എനിക്കുനേരെ നീട്ടിയിട്ടു പറഞ്ഞു :


"നീ ശബ്ദം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യോല്ലാ, നീ ഈ കടലാസില്‍ ഒന്നു ഒപ്പിട്ടെ, ഇതു ഇനി നിര്‍ഭാഗ്യത്തിനു നിനക്കു വല്ലതും പറ്റിയാല്‍ തന്നെ ഞങ്ങള്‍ അതിനു ഉത്തരവാദികളല്ലാ എന്നു തെളിയിക്കാനാ " ഒരു കുപ്പിയില്‍ നീല നിറത്തില്‍ ഒരു സാധന്‍ കൊടുന്നു എന്റെ മുന്നില്‍ വെച്ചിട്ടു , അവരെല്ലാം ഒരോ വെള്ള തോര്‍ത്തെടുത്തു അവരുടേ മൂക്കും വായയും ഓപെറേഷന്‍ തിയേറ്ററിലെ ഡോക്ട്ടറെ പോലെ മൂടിക്കെട്ടി. ഇത്രയും ആയപ്പോ എനിക്കുറപ്പായി. ഇതു കൈവിട്ട കളിയാണു , എന്റെ ജീവന്‍ വെച്ചാണു ലവന്മാരുടേ വിളയാട്ടം. ബാലന്‍ കെ നായരുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെട്ട സീമയെ പോലെ നിസ്സംഗയായി ഞാന്‍ നിന്നു വിയര്‍ത്തു.


എന്റെ മനസ്സില്‍ ഒരു നൂറുക്കൂട്ടം കാര്യങ്ങള്‍ ഓടിവന്നു, ഈശ്വരാ എനിക്കെന്തെങ്കിലും പറ്റിയാല്‍ നാളത്തെ പത്രങ്ങള്‍ക്കതൊരു ചൂടുള്ള വാര്‍ത്തയാരിക്കും ,‘റാഗിങ്ങ്‌ : യുവാവ്‌ ധാരുണമായി കൊലചെയ്യപ്പെട്ടു‘, അല്ലെങ്കില്‍ , ‘സ്വപനങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവന്‍ യാത്രയായി‘ ...മാത്രമല്ല ഇപ്പോ മരിച്ച ഒറപ്പായിട്ടും ഞാന്‍ നരകത്തിലായിരിക്കും , അതെനിക്കു പ്രശ്നമല്ല, പക്ഷെ എന്റെ സ്വപ്നങ്ങള്‍, ആഗ്രങ്ങള്‍ എല്ലാം പാതി വഴിയില്‍..


'രണ്ടാം നിലയില്‍ ഫാദറിനു കുളിക്കാന്‍ ഒരു സിമ്മിമ്പൂള്‍, ഉമ്മാക്ക്‌ ഓലക്കൊടി ഇട്ടുവെക്കാന്‍ ഒരു മേര്‍സിഡസ്‌ ബെന്‍സ്‌, ആടിനെ കെട്ടാന്‍ ഒരു സ്കോര്‍പ്പിയോ, പെങ്ങള്‍ അമേരിക്കയില്‍ എം ബി എ , പത്തക്ക ശമ്പളം,അടിപൊളി ജോലി....ഈശ്വരാ എന്റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട്‌ തകര്‍ന്നു തരിപ്പിണമാകാന്‍ പോകുന്നു.


എന്നിലെ സിംഹം ചാടി ഏണീറ്റു " ഞാന്‍ മരിച്ചാ എന്റെ ഉമ്മാനേം ഉപ്പാനേം ആരു നോക്കും, എനിക്കു പടിക്കണം , എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റണം, ഞാന്‍ മരിച്ചാല്‍ എന്റെ കുടുംബം ആനാഥമാകും" ഞാന്‍ അലറി.ആരു കേള്‍ക്കാന്‍, എല്ലാം ഐസുകട്ടയില്‍ പെയിന്റടിച്ച പോലെ ചീറ്റി പോയി. അവരില്‍ ഒരാള്‍ വന്നു എന്റെ കൈ പുറകിലോട്ടു വലിച്ചു കെട്ടി, മറ്റൊരുത്തന്‍ കുറച്ചു പഞ്ഞിയെടുത്തു അതില്‍ ക്ലോറോഫോം ഒഴിച്ചു തയ്യാറായിനിന്നു.


" ഇതു ഞങ്ങള്‍ നിന്നെ മണപ്പിക്കുകയാണു, നല്ലവണ്ണം മൂക്കിലോട്ടു വലിച്ചു കയറ്റുക, പത്തുമിനുട്ടു കഴിയുമ്പോല്‍ നീ താനെ മയങ്ങിക്കോളും , രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നീ ഉണരേം ചെയ്യും"


ഇതു പറയലും അവരെന്നെ ക്ലോറോഫോം മണപ്പിക്കുകയും ചെയ്തു, ഒരെറ്റ ശാസം പോലും ഉള്ളിലേക്കെടുക്കാതെ ഒരു മിനുട്ടു ഞാന്‍ പിടിച്ചു നിന്നു. പക്ഷെ അറിയാതെ ഒരു ശ്വാസം ഉള്ളിലെക്കു പോയി.ടര്‍ജറ്റ്‌ അച്ചീവ്ട്‌, പത്തു മിനുട്ടിനുള്ളില്‍ നീ മയങ്ങും എന്നു പറഞ്ഞു എന്നെ തനിച്ചാക്കി അവരെല്ലാം റൂമില്‍ നിന്നും പോയി, പത്തു മിനിട്ടു കഴിഞ്ഞു, അരമണിക്കൂറായി, ഒരുമണിക്കൂറായി, പക്ഷെ ഒന്നും സംഭവിക്കുന്നില്ല, ഒടുവില്‍ അറിയാത ഞാന്‍ ഉറങ്ങിപ്പോയി.രാവിലെ ഉറക്കമൊണര്‍ന്ന ഞാന്‍ ചാടി എണിറ്റു എന്റെ കയ്യും കാലും എല്ലാം തപ്പി നോക്കി, അതെ മരിച്ചിട്ടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.സന്തോഷം കൊണ്ടു ഞാ ന്‍തുള്ളിച്ചാടി......


.


.


.


.


.


.


.


അല്ലെങ്കിലും , ആഫ്ട്ടര്‍ ഷേവു മണത്തു ഈലോകത്താരും ഇതുവരെ മരിച്ചിട്ടില്ല എന്ന നഗ്ന സത്യം,മുഖത്തു എപ്പോഴെങ്കിലും വരുന്ന ഒന്നോരണ്ടോ രോമം ചുടുവെള്ളമുപയോഗിച്ചു കഴുകിക്കളയുന്ന , ആഫ്ട്ടര്‍ ഷേവിന്റെ മണമറിയാത്ത എനിക്കറിയാത്തതു ഒരുതെറ്റല്ലല്ലോ..???

Monday, May 28, 2007

ചട്ടകോമീറ്റര്‍





“അമ്മേ ഓടിവായേ, സുമേ,രമേ, സൌമ്യേ ഓടിവായേ, ദോണ്ടേ ഈ വാസു എന്റെ..........” എന്നുള്ള ലീലയുടെ കാള മൈക്കിലെ ശബ്ദം പോലെയുള്ള കരച്ചില്‍ കേട്ടു കൂട്ടികളെല്ലാം അങോട്ടു നോക്കി. അവിടെയതാ നമ്മുടെ ക്ലാസ് ടീച്ചര്‍ ശോശാമ ടീച്ചറുടെ പുന്നാര മോള്‍ ലീല അന്നു രാവിലെ മുഖത്തു വാരിപ്പൊത്തിയ കണ്മഷിയും പൌഡറും എല്ലാം മുഖത്താകെ തേച്ചു പിടിപ്പിച്ചു മുടിയെല്ലാം കാറ്റില്‍ പറത്തി കയ്യില്‍ ഒരു കോമ്പസും പിടിച്ച് മണിച്ചിത്രത്താഴിലെ ശോഭന നിക്കുന്ന കണക്കെ നിക്കുന്നു.കണ്ണില്‍ നിന്നും കണ്ണുനീര്‍ ഭാരതപ്പുഴ കരകവിഞൊഴുകും പോലെ നിറഞൊഴുകുന്നു. അവളുടെ തൊട്ടടുത്തു തന്നെ പുതിയതായി വാങ്ങിയ ഷൂ ഇട്ടു കല്ല്യാണത്തിനു പോകൂമ്പോള്‍ ചാണകത്തില്‍ ചവിട്ടിയ മുഖഭാവവുമായി ഞാന്‍ തല കുനിച്ചു നില്‍ക്കുന്നു. ദൈവമെ എന്തു പറ്റി വാസു അവളയെങ്ങാനും പീഡിപ്പിച്ചോ അതോ പേഡിപ്പിച്ചോ? ലോക പീഡന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പീ‍ഡന കഥ ചരിത്രത്താളുകളില്‍ എഴുതിവെക്കാന്‍ വെമ്പുന്ന മുഖ ഭാവത്തോടെ ക്ലാസിലെ എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു.

അന്നു ഞാന്‍ മണ്ണാര്‍ക്കാടു പോലീസ് സ്റ്റേഷനടുത്തുള്ള യു . പി സ്കൂളില്‍ ഏഴാം ക്ലാസില്‍ അഭ്യാസം നടത്തുന്നു. കയ്യില്‍ കിട്ടുന്ന ചില്ലറ കാശിനു കൂടെയുള്ളവര്‍ക്കെല്ലാം ഉണ്ടപ്പൊരിയും കോലൈസും വാങിക്കൊടുത്തു സ്വന്തമായി അഞ്ചാറു അംഗരക്ഷകരെയും വെച്ച് ഞാന്‍ ഉഗ്രപ്രതാപിയായി വാഴുന്ന കാലം.


ഞങ്ങളുടെ ക്ലാസിലായിരുന്നു ശോശാമ ടീച്ചറുടെ പുന്നാര മോള്‍ ലീല പഠിച്ചിരുന്നത്.തനി പഠിപ്പിസ്റ്റായിരുന്ന അവള്‍‍ക്കു ,ഞങളുടെ സ്കൂളിലെ മുഴുവന്‍ അടിപിടി കേസുകളും കൊട്ടേഷന്‍ എടുത്തു നടക്കുന്ന എന്നെ കാണുന്നതു തന്നെ കലിയായിരിന്നു. അങ്ങനെയിരിക്കെയാണു ലീല പുതിയതായി ഒരു ബാഗ് മേടിച്ചത്. ഉച്ച കഞിക്കുള്ള പാത്രം ഇട്ടുകൊണ്ടുവരുന്ന ഒരു കവര്‍ മാത്രം സ്വന്തമായിയുള്ള എനിക്കാ ബാഗ് വളരെ അധികം ഇഷ്ട്ടമായി. ആ ഇഷ്ട്ടം കാരണം എന്റെ കയ്യിലെ കോമ്പസു കൊണ്ട് ഞാന്‍ ലീല യുടെ ബാഗില്‍ ഒരു ചെറിയ ചിത്രം വരച്ചു. ബാഗാത്രെ ബാഗ്, നൂറ്റന്‍പതു രൂപയുടെ ജെനുവിന്‍ ലെതറായിട്ടെന്താ, സാധനം കീറി.നമ്മളെ കൊണ്ട് അത്രെ അല്ലെ ചെയ്യാന്‍ പറ്റൂ.
അങ്ങനെ ഹെഡ്‌മാഷും , ശോശാമ ടീച്ചറും, മറ്റു മൂന്നു ടീ‍ച്ചര്‍മാരും ചെര്‍ന്ന അഞ്ചംഗ കമ്മിറ്റിക്കു മുന്നില്‍ എന്നെ വിചാരണ ചെയ്തു. “ടീച്ചറെ ഞാന്‍ അറിഞു കൊണ്ട് ചെയ്തല്ലാ, മനപ്പൂര്‍വ്വം പറ്റിയതാ“ എന്നു ഒരു പാടു പറഞ്ഞു,..“എടാ, നിന്നെ ഒന്നും ഉപദേശിച്ചിട്ടു ഒരു കാര്യവും ഇല്ല,കാര്ണം നായ് കാട്ടം എത്ര കഴുകിയാലും നന്നാവില്ലാ“ എന്നു പറഞു എന്റെ ചന്തിക്കു ടീച്ചര്‍ വലിച്ചു നീട്ടി ‍നാലടി. കുറച്ചു കഴിഞു തപ്പി നോക്കിയപ്പോള്‍ റോഡിലെ ഹമ്പിന്റെ രൂപത്തില്‍ നാലു വര.അതോടെ ഞാന്‍ അന്നോളം ഉണ്ടാക്കി വെച്ച എന്റെ എല്ലാ ഇമേജും കമ്പ്ലീറ്റ് ഇല്ലാ‍തായി, മാത്രമല്ല അന്നുമുതല്‍ക്ക് ടീച്ചര്‍ക്കെന്നെ കാണുമ്പോ എന്തൊ ഒരു ചതുര്‍ഥിയാ.അതു കൊണ്ട് തന്നെ,ടീച്ചറുടെ ക്ലസ്സില്‍ ഞാന്‍ മിണ്ടാറില്ല.. എന്തിനാ വെറുതെ അടികൊടുത്ത് വടി മേടിക്കുന്നെ.


പതിവുപോലെ അന്നും ശോശാമ ടീച്ചര്‍ ക്ലാസിലെത്തി,സയന്‍സ് പഠിപ്പിക്കാന്‍. അന്നും ടീച്ചര്‍ വന്ന ഉടനെ എന്നെ ഒന്നു ഇരുത്തി നോക്കി. ഹും പടക്കക്കച്ചവടക്കാരന്റെ നായയെ ഇടക്ക കൊട്ടി പേടിപ്പിക്കുന്നു ,എന്നു മനസ്സില്‍ കരുതി ഞാന്‍ അതു കര്യമാക്കാതെ മിണ്ടാണ്ടിരിന്നു . ടീച്ചര്‍ ക്ലാസ്സു തുടങി.“കുട്ടികളെ ഞാന്‍ നിങ്ങളൊടു,ഇന്നലെ പടിപ്പിച്ച പാഠത്തിലെ കുറച്ചു ചോദ്യങള്‍ ചോദിക്കാ‍ന്‍ പോവുകയാണ്..അറിയുന്നവര്‍ എണീറ്റു നിക്കുക“…


“ആദ്യ ചൊദ്യം: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്റെ പേരെന്താണ്??? “


ചുറ്റുപാടും ഒന്നു തിരിഞു നോക്കിയപ്പോള്‍ ആരും എണീറ്റുനില്‍ക്കുന്നില്ല, ഈശ്വരാ…ഉത്തരം ആര്‍ക്കും അറിയില്ല, എത്ര നിസ്സാരമായ ചോദ്യം.പക്ഷെ ആര്‍ക്കും അറിയില്ല .എന്റെ തലയിലെ എല്ലാ ബള്‍ബ്ബുകളും ഒരേ സമയം മിന്നിക്കത്തി , രണ്ട് നിമിഷത്തിനകം ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ക്ലാസിലെ പുലികള്‍ക്കു പോലും അറിയാത്ത ആ ഉത്തരം‍ എനിക്കറിയാം. ഈശ്വരാ..ഇതു തന്നെ അവസരം. ടീച്ചറുടെ ദേഷ്യം മാറ്റേം ചെയ്യാം, നഷ്ട്ടപ്പെട്ട എന്റെ ഇമേജ് തിരിച്ചു പിടിക്കേം ചെയ്യാം, മോറോവര്‍ ലീലയുടെ മുന്നില്‍ ഒന്നു ആളാവുകേം ചെയ്യാം. ഞാന്‍ മെല്ലെ എണീറ്റു നിന്നു. ലോകാല്‍ഭുതങ്ങളെല്ലാം ഒരുമിച്ചു കണ്ട ആശ്ചര്യത്തോടേ മുഴുവന്‍ കുട്ടികളും എന്നെ തുറിച്ച് നോക്കുന്നു.,ഇവന്‍ ഇതെങനെ പടിച്ചു എന്ന ഭാവത്തില്‍..

ടീച്ചര്‍ക്കു വളരെ സന്തോഷമായി. ഒരാളെങ്കിലും ഉണ്ടല്ലോ. ടീച്ചര്‍ കൂട്ടികളൊടു പറഞു” നിങ്ങള്‍ എല്ലാവരും വാസുവിനെ കണ്ട് പടിക്കണം,അവന്‍ കളിച്ചു നടന്നാലും പഠിക്കും“, . എനിക്കെന്നോടു തന്നെ ബഹുമാനം തോന്നിയ എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം,എന്നെ പരിഹസിച്ചവരോടെനിക്കു പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഞാന്‍ ലീലയെ ഒന്നു ഇടങ്കണ്ണിട്ടു നോക്കി, അവളുടെ മുഖത്തൊരു പുഛ്‌ചഭാവം.
“വാസൂ നീ ആ ഉത്തരം ഉറക്കെ ഇവര്‍ക്കൊന്നു പറഞു കൊടുത്തെ “

ഞാനെന്റെ പരമാവധി ശബ്ദ്ത്തില്‍ ക്ലാസു മുഴുവന്‍ കേള്‍ക്കുമാര്‍ ഉത്തരം പറഞു.” ചട്ടകം” !!!


ഇതു കേട്ടതും കുട്ടികള്‍ എല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ഞെട്ടിത്തരിച്ച ടീച്ചര്‍ ദേഷ്യത്തൊടെ എന്നെ തുറിച്ചു നോക്കി. എന്നിട്ടു ച്യോദിച്ചു” വസു നിനക്കു ഞാന്‍ ചോദിച്ച ചോദ്യം എന്താണെന്നു അറിയോ???


““ഓ അറിയാം“.,


“എന്താ ഞാന്‍‍ ചോദിച്ചെ ? പറഞേ…“


“ഞാന്‍ മെല്ലെ പറഞു: “ഉപ്പുമാവു ഇളക്കുന്ന ഉപകരണത്തിന്റെ പേരല്ലെ?

.
.
.
.
.
.
.
അന്നു മുതല്‍ ക്ലാസ്സില്‍ എനിക്കു പുതിയ വിളിപ്പേരായി
“ ചട്ടകോമീറ്റര്‍ ”

Monday, May 14, 2007

വാസു കണ്ട ദുബായ്....


ഇന്നുരാവിലെ നേരത്തെ എണീ‍റ്റു.ബര്‍ദുബായില്‍ സത് വ വരെ ഒന്നു പോണം. താലൂകാഫീസിലോട്ടാ, റേഷന്‍ കാര്‍ട് ഒന്നു പുതുക്കണം, അല്ലെങ്കില്‍ ഈ മാസത്തെ മണ്ണെണ്ണ കിട്ടില്ല.മഴക്കാലമാ വരാന്‍ പോകുന്നതു, പവര്‍ കട്ടു തുടങും. മാത്രമല്ല ഇടിയും മഴയും പെയ്താല്‍ ലൈന്‍ അടിച്ചു പോകും, പിന്നെ ഫീസ് കെട്ടണമെങ്കില്‍ DEWA യില്‍ വിളിച്ചാല്‍ അറബിയിലുള്ള തെറിയായിരിക്കും മറുപടി.

കുളികഴിഞു വീടിനു പുറത്തിറങിയപ്പോള്‍ മഴക്കാര്‍ മൂ‍ടിയിരിക്കുന്നു,വര്‍ഷക്കലം തുടങാന്‍ ആയിരിക്കുന്നു. തിരിചു പോയി കുട എടുത്തു കയ്യില്‍ വെച്ചു. ഇനി സത് വയിലേക്കു ബസ് കിട്ടണമെങ്കില്‍ ഫിഷ് റൌണ്ടബൌട്ടില്‍ പോണാം. പക്ഷെ അതു വരെ എങനെ പോകും? ലോകല്‍ ബസ്സിനെല്ലാം മുടിഞ തിരക്കാ, തൂങിപ്പിടിച്ചൊക്കയാ ആള്‍ക്കാര്‍ പോകുന്നതു.മാത്രമല്ല സ്കൂള്‍ കുട്ടികളെ ക്ണ്ടാല്‍ ഒരു ബസും നിര്‍ത്തുകയും ഇല്ല. ഓ..ഭാഗ്യത്തിനു ഒരു ഓട്ടോ കിട്ടി. മൂന്നു ദിര്‍ഹംസായി , ഈശ്വരാ കണക്കു കൂട്ടിയാല്‍ മുപ്പത്തിആര്‍ രൂപയോളം.ജീവിക്കാന്‍ നാല്ല ബുദ്ദി മുട്ടുതന്നെ.

സ്റ്റാന്റിലെത്തി ഓട്ടോ ഇറങിയതും അനൌന്‍സ്മെന്റ് കേട്ടു ,” യാത്രക്കാരുടെ ശ്രദ്ദക്ക് : കറാമ വഴി സത് വയിലേക്കു പോകുന്ന മിനിമോള്‍ സ്റ്റാന്റിന്റെ വലതു ഭാഗത്തു നിന്നും ഇപ്പോള്‍ പുറപ്പെടുന്നതാണു” . ഓടി അവിടെ എത്തിയപ്പോഴെക്കും ബസ് നീങാന്‍ തുടങിയിരിക്കുന്നു. മുന്നില്‍ ചാടി കൈ കാട്ടി, ഡ്രൈവര്‍ ഒന്നു ചവിട്ടി നിര്‍ത്തിയപ്പോള്‍ ചാടിക്കേറി. ടിക്കറ്റെടുത്ത് പിന്നില്‍ ഒരു ചൈനക്കാരന്റെ കൂടെ ഇരുന്നു. ഈ ചൈനക്കാര്‍ എന്തൊരു കളറാ...ഞാനും അയളും തമ്മില്‍ രാവും പകലും വ്യത്യാസം. പുറത്ത് നോക്കി കാഴ്ച്ചയും കണ്ടിരിന്നു.എത്ര വലിയ കെട്ടിടങ്ങളാ. ഒരു ബില്‍ഡിങില്‍ ദുബായിലെ ഇപ്പോഴത്തെ രാജാവിന്റെ വലിയ ഫോട്ടൊ വെച്ചിരിക്കുന്നു. നല്ല ഭം ഗിയുള്ള മുഖം. ഒന്നു നേരിട്ടു കണാന്‍ പറ്റുമോ ആവോ?മറ്റൊന്നിനും അല്ല, ഒരു പതിനായിരം ദിര്‍ഹംസു കടം ചോദിക്കാനായിരിന്നു.നമുക്കും ജീവിക്കണ്ടെ? റോടരികലുള്ള തെങ്ങുകളില്‍ മുഴുവന്‍, നിറയെ തേങ്ങ, ഇടക്കിടങു ഒന്നു രണ്ടു ഈന്തപ്പനയും.

കുറച്ചു ചെന്നപ്പോള്‍ ഒരു വെള്ള നിറത്തില്‍ നീളന്‍ ജുബ്ബയിട്ട ഒരാള്‍ ബസ് കൈ കാട്ടി നിര്‍ത്തി ബസില്‍ കയറി.കേറിയ ആള്‍ CID ആ‍ണു എന്നു പുറകില്‍ നിന്നാരോ പറയുന്ന കേട്ടു.“പട്ടണ പ്രവേശം” എന്ന സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനേയുമാണു ഞാന്‍ ആകെ കണ്ടിട്ടുളള CID കള്‍ , എന്തായലും നേരിട്ടു കാണുന്നതു ഇതു ആദ്യമായിട്ടാ.മുന്നിലുള്ള ഒന്നു രണ്ടു പേരോടു ഐഡി കാര്‍ടും വേറെ എന്തൊക്കെയുമോ ചോദിക്കുന്നതു കേട്ടു. അറബിയിലായതു കൊണ്ട് മുഴുവന്‍ മനസ്സിലായില്ല. ഈശ്വരാ ...എന്റെഅടുത്തൊട്ടെങ്കിലും വന്നാല്‍ കുഴങ്ങിയതു തന്നെ. എങോട്ടാ പോകുന്നതു എന്നു ചോദിച്ചാല്‍ എന്തു പറയും? മണ്ണണ്ണക്കു അറബിയില്‍ എന്താ പറയുക..ഈശരാ..ഈ വിസകണ്ടു പിടിച്ചവനു മണ്ണണ്ണക്കുള്ള അറബിയും കൂടി കണ്ടു പിടിച്ചൂടാര്‍ന്നോ , എന്നു മനസ്സില്‍ കരുതി. ഭഗ്യം അയാള്‍ അടുത്തു വന്നില്ല. ഒരു മണിക്കൂര്‍ കൊണ്ട് ബസ് സത് വയില്‍ എത്തി.

ബസിറങിയതും കോരിചെരിയുന്ന മഴ, കുട എടുത്തതു ഭാഗ്യായി. ഒരഞ്ച് മിനുറ്റ് നടക്കണം താലൂകോഫീസിലേക്ക്. മെല്ലെ നടക്കുന്നതിനിടയിലണു അതു ശ്രദ്ദിച്ചതു , ഒരു ഫിലിപ്പൈന്‍കാരന്‍ കടത്തിണ്ണയില്‍ നിന്നും കൈ കാട്ടി വിളിക്കുന്നു. ചെന്നു നോക്കിയപ്പോള്‍ അദ്ദെഹവും താലൂക്കാഫീസിലോട്ടാ. ഒരു ലിഫ്റ്റ് കൊടുത്തു അവ്നെയും കൂടെ ക്കൂട്ടി.അറിയവുന്ന ഇം ഗ്ലീഷില്‍ സംസാരിച്ച് അവനോടു പേരും മറ്റു കര്യങളും മന്‍സ്സിലാക്കി. പേരു ടോണി , താളൂക്കാഫിസിലോട്ടു എന്തിനാണെന്നു ചിദിച്ചപ്പോള്‍ അവന്‍ പറഞു, നൈഫ് റോട്ടില്‍ പാര്‍ക്കിനോട് ചേര്‍ന്നു അവന്‍ അഞ്ച് സെന്റെ സ്ഥലം വാങ്ങിയിട്ടുണ്ടത്രെ, അതിന്റെ പട്ടയം വാങാന ഇപ്പോള്‍ വന്നിരിക്കുന്നെ. എന്തായാലും ഒരു കൂട്ടായി.അവിടെ ചെന്നപ്പോള്‍ മൂടിഞ തിരക്കാ, ഈ ഐഡന്റിന്റി കാര്‍ട് എടുക്കാന്‍ വന്നതാ ആളുകളെള്‍ല്ലാം. എന്തു ചെയ്യണം എന്നറിയാതെ നില്ക്കുന്ന സമയത്താ ഒരു മലയാളി വന്നു കര്യമനെഷിച്ചു. സാംസാരത്തില്‍ നിന്നും ഈ ഓഫീസ് കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുന്ന ബ്രോക്കറാണു അയാള്‍ എന്നു മനസ്സിലായി. ഇരുപതു ദിര്‍ഹംസാ ചാര്‍ജ്, എന്തായാലും കാര്യം വേഗം നടക്കും. കാശും കാര്‍ടും അയാളെ ഏല്‍പ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ കാര്യം കഴിഞു തിരിച്ചു മടങാമെന്നയി.

എല്ലാം കഴിഞെറങിയപ്പോള്‍ സമയം പന്ത്രണ്ട് കഴിഞിരിക്കുന്നു. മഴമാറി, പൊരി വെയില്‍....സത് വാ ബസ് സ്റ്റാന്റിലെക്കു നടന്നു. ദാഹം തോന്നിയതിനാല്‍ സ്റ്റാന്റില്‍ നിന്നും ഒരുനാരങാവെള്ളം കുടിച്ചു. നാലു ദിര്‍ഹംസ്, എന്നു വെച്ചാല്‍ നാല്‍പ്പത്തെട്ടു രൂപ,ഈശ്വരാ.. നാട്ടിലണെങ്കില്‍ നല്ല ഒരു ചിക്കന്‍ ബിരിയാണി തന്നെ കഴിക്കാം. ആളൊചിചിട്ടു കര്യമില്ല.സ്വര്‍ണ്ണം കുഴിക്കാന്‍ ഒരു തൂമ്പായും എടുത്തു പോന്നതല്ലെ ദുബായിലോട്ട്..എന്താ ചെയ്യാ..അനുഭവിക്കന്നെ..വരുമ്പോള്‍ നാസര്‍ സ്ക്ക്വയര്‍ വഴി വരണം, അവിടെ കടല കച്ചവടം നടത്തുന്ന കബീര്‍നെ ഒന്നു കണണം.മത്രല്ല പറ്റിയാ സബക്കാ കടവില്‍ ഇറ്ങി അബറയില്‍ ഒന്നു മുങീ കുളിക്കേംചെയ്യാം, ഒരു പാടു നാളയി വിചരിക്കുന്നു, ഒന്നു മുങിക്കുളിക്കണം എന്നു.അവിടെ ആണുങളുടെ കടവില്‍ വലിയ തിരക്കുണ്ടവില്ല..

അങിനെ വിചരിച്ചു നാസര്‍ സ്ക്ക്വയറീലേക്കുള്ള ബസില്‍ കയറി ഇരുന്നു. ഈശ്വരാ കയറിയതു ഫാസ്റ്റ് പാസഞ്ചറിലായിരിന്നു, ചാര്‍ജ് നാലു ദിര്‍ഹംസ്. നട്ടിലാണെങ്കില്‍ പാലക്കാട് പോയി ഒരു സിനിമയും കണ്ടു വരാം..കലികാ‍ലം തന്നെ. ബസ് നീങി , റോട്ടിലെ കാഴ്ചകള്‍ കണ്ടിരിക്കെ ഒരു കീ കീ ശബ്ദം കേള്‍ക്കുന്നു, ശബ്ദം കൂടി കൂടി വരുന്നു.യാത്രക്കാരേല്ലാം ശബ്ദംഎവിടന്നാ വരുന്നെ എന്നു നോക്കാന്‍ തുടങി, “ബോംബായിരുക്കും” കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചു പറഞു.ഈ ശ്വരാ പട പേടിച്ച് പന്തളത്തു ചെന്നപ്പം അവിടെ പന്തളം കുമാരന്റെ ഗാനമേള. എന്നു പറഞ അവസ്ഥ. ആ കീ കീ ശബ്ദം കൂടി കൂടി വന്നു, കുറച്ച് കഴിഞപ്പോള്‍ ആ ശബ്ദം എന്റെ സീറ്റിന്റെ അടിയില്‍ നിന്നാണെന്നു മനസ്സിലായി. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു. ഈശ്വരാ അറബി പോലീസു വന്നാല്‍ കുനിഞു നിര്‍ത്തി മുതുകിനിട്ടു താങും, അറബിയില്‍ എണ്ണൂന്നതു കൊണ്ട് എത്രണ്ണം കിട്ടിഎന്നു പോലും അറിയാന്‍ പറ്റില്ല്. പേടിച്ചു വിറച്ചു ഞാനൊന്നും അറിഞ്ഞിട്ടില്ലെ എന്നു ഉച്ചത്തില്‍ കരഞു ചാടി എണീറ്റു നോക്കിയപ്പോള്‍ സമയം രാവിലെ എട്ടുമണി, കീ കീ എന്നുള്ള മൊബൈലിന്റെ അലാറം ഓഫാക്കി ഒരു ദീര്‍ഘ നിശ്വാസം വിട്ടു പുതപ്പു മാറ്റി ബാത് റൂമിലേക്ക് നടന്നു.