Sunday, June 24, 2007

കിന്നാരത്തുമ്പികള്‍ [ റിവ്യൂ]

2003 ല്‍ മലയാള സിനിമയിലെ തല തൊട്ടപ്പന്മാരായ സൂപ്പര്‍ സ്റ്റാറുകളുടെവരെ ബിഗ്ബജറ്റ്‌ സിനിമകള്‍ എട്ടും എട്ടും പതിനാറു നിലയില്‍ പൊട്ടി മലയാള സിനിമാവ്യവസായം മൊത്തം ചിക്കന്‍ ഗുനിയ ബാധിച്ച പത്തനംതിട്ട ജില്ല പോലെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, നമ്മ പെരിയണ്ണ രജനിയെപ്പോലെ വന്നു തന്റെ ഒരു ചെറിയ സാന്നിദ്ധ്യം കൊണ്ടു മാത്രം സിനിമകളെ ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റാക്കിയ "മലയാളത്തിന്റെ പ്രിയപ്പെട്ട" നായിക ഷക്കീല തന്റെ മുഴുവന്‍ 'അഭിനയശേഷിയും' പുറത്തെടുത്തഭിനയിച്ച , മെഗാഹിറ്റ്‌ ചലചിത്രം കിന്നാരത്തുമ്പികളിലെ മനുഷ്യന്റെ എല്ലാ കണ്ട്രോളും കളയുന്ന കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ ,വള്ളിപുള്ളി തെറ്റാതെ ശ്വാസമടക്കിപ്പിടിച്ചു വായിക്കാനാണു ബസ്സിനുപോലും കാത്തു നില്‍ക്കതെ ഓട്ടോ പിടിച്ചു നിങ്ങള്‍ ഇവിടെ എത്തിയതെങ്കില്‍ …. ക്ഷമിക്കണം, നിങ്ങള്‍ക്കു തെറ്റി..ബു ഹ ഹ ഹ ..പറ്റിച്ചേ !!!



മമ്പാട്‌ എം ഇ എസില്‍ സ്ഥിരം അലമ്പുപരിപടികളോടെ , അര്‍മ്മാദിച്ചു നടക്കുന്ന കാലത്താണു ഒമാനില്‍ മുഴുവനായി ആഞ്ഞടിച്ച ഗോനു ചുഴലിക്കാറ്റിനെപ്പോലെ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ കേരളമാകെ ഒരു തരംഗമായി ആഞ്ഞടിച്ചതു. ആ തരംഗത്തിന്റെ വലിയ ഓളങ്ങള്‍ ഇങ്ങു മലപ്പുറത്തിന്റെ ഒരു മൂലയിലുള്ള ഞങ്ങടെ കാമ്പസിലും ഒട്ടും ശക്തികുറയാതെ തന്നെ ആഞ്ഞു വീശി. ഹോസ്റ്റെല്‍ മെസ്സില്‍ നിന്നും മൂന്നു നേരവും ഒരു മുടക്കവും കൂടാതെ നല്ലോം വെട്ടി വിഴുങ്ങുക, വൈകുന്നേരം വരെ കാണാന്‍ കൊള്ളുന്ന ലവളന്മാരുമായി ലൈബ്രറിയിലിരിന്നു ആഗോളപ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, ദിവസവും രാത്രിയില്‍ ലാഡീസ്‌ ഹോസ്റ്റലിലെ സഹപാടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക എന്നീ 'സല്‍ഗുണ'ങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കാകെ ഉണ്ടായിരിന്ന ചീത്ത സ്വഭാവം എന്നു പറയുന്നതു പുതിയ റിലീസു ചിത്രങ്ങള്‍ റിലീസിന്റെ അന്നു തന്നെ ഒരു വഴിപാടു പോലെ മുടങ്ങാതെ കാണുക എന്നുള്ളതായിരിന്നു.

നല്ല കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാന്‍ പാടില്ല എന്നാണല്ലോ? അതു കൊണ്ടാണു നിലമ്പൂര്‍ രാജേശ്വരിയില്‍ കിന്നാരത്തുമ്പികള്‍ റിലാസായ അന്നു തന്നെ ക്ലാസു കട്ടു ചെയ്തു ഞങ്ങളഞ്ചംഗ സഘം അവിടെ എത്തിയത്‌. ചെന്നയില്‍ രജനിയുടെ ശിവജി റിലീസായപ്പോള്‍ പോലും ഇത്രയും തിരക്കുണ്ടായിട്ടുണ്ടാവില്ല, അത്രക്കു തിരക്കു. ടിക്കറ്റു കിട്ടിയില്ല എന്നു മാത്രമല്ല, പട പേടിച്ചു പന്തളത്തു ചെന്നപ്പം അവിടെ പന്തളം കുമാരന്റെ ഗാനമേള ,എന്നു പറഞ്ഞതു പോലെ സംഘത്തിലൊരുത്തന്റെ പുന്നാര അമ്മാവന്‍ ടിക്കറ്റിനു വെണ്ടി ഒരു വടക്കന്‍ വീര ഗാഥയിലെ മമ്മൂട്ടിയെ പോലെ അങ്കം വെട്ടുന്ന കാഴ്ച്ച ഞങ്ങളിലവശേഷിച്ചിരുന്ന ആവേശത്തേയും ചോര്‍ത്തിക്കളഞ്ഞു.



------------------------------

അന്നൊരു തിങ്കളാഴ്ച്ചയായിരിന്നു. 9.30 നുള്ള 'മിനിമോള്‍' മമ്പാട്‌ ലാന്റ്‌ ചെയ്‌തതു നെട്ടിപ്പിക്കുന്ന ഒരു ഹോട്ട്‌ ന്യൂസുമായിട്ടായിരിന്നു. ബോയ്‌സ്‌ ഹോസ്റ്റലില്‍ കേട്ടവര്‍ കേട്ടവരെല്ലാം അതു കേട്ടു നെട്ടി. പിന്നെ പരസ്പ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കിട്ടു. ഞങ്ങടെ ഹോസ്റ്റലിന്റെ അഭിമാന താരമായ മണ്ടരി മനീഷ്‌ ഒടുവില്‍ അതു നേടിയിരിക്കുന്നു. അതെ അവന്റെ നിരന്തരമായ കഠിന പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു,അവന്റെ നിശ്ചയ ദാര്‍ഡ്യത്തിനു മുമ്പില്‍ അവര്‍ മുട്ടു മടക്കിയിരിക്കുന്നു. വകയിലെ എതോ ഒരമ്മാവന്‍ പണ്ടെങ്ങോ ഇന്ത്യയില്‍ വന്നു ഒരു കോലുമുട്ടായി വാങ്ങിയതിന്റെ പേരില്‍ ഇന്ത്യന്‍ വംശജ എന്നു പറഞ്ഞു ബഹിരാകാശയാത്ര കഴിഞ്ഞു വന്ന സുനിതാ വില്യംസിനു ഇന്ത്യക്കാര്‍ കൊടുത്ത പ്രാര്‍ഥനയേക്കാള്‍ ഇരട്ടി പ്രാര്‍ഥനയോടെയും ആശംസകളോടെയുമാണു ഹോസ്റ്റലുകാര്‍ മനീഷിനെ സ്വീകരിച്ചത്‌. കാര്യം മറ്റൊന്നുമല്ല, റിലീസായിട്ടു വെറും മൂന്നാഴ്ച മാത്രമായിട്ടുള്ള കേരളമാകെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചലചിത്ര കാവ്യം കിന്നാരത്തുമ്പികളുടെ വ്യാജ സിഡി ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ മനീഷ്‌ അദിവിദഗ്ദമായി സഘടിപ്പിച്ചിരിക്കുന്നു. മൂന്നാഴ്ച്ചക്കാലമായി ഉറക്കത്തിലും കറക്കത്തിലും ഞങ്ങള്‍ ആലോചിച്ചു നടക്കുന്ന ഞങ്ങളുടെ ആ സ്വപ്നം ഒടുവില്‍ സഫലമാവാന്‍ പോകുന്നു.



പക്ഷെ എങ്ങനെ കാണും, ഹോസ്റ്റലില്‍ വെച്ചു കാണാമെന്നു വെച്ചാല്‍ അന്തേവാസികള്‍ അവിടെ 'ഉത്രട്ടാതി വെള്ളം കളിയും' അതിനോടനുബന്ദിച്ചുള്ള 'മഹോത്സവവും' നടത്തി ആകെ ഉള്ള ഇമേജും കൂടി നശിപ്പിച്ചു കയ്യില്‍ തരും. അതു കൊണ്ടാണു ഞങ്ങളെയെല്ലാവരേയും ഓറ്റയടിക്കു നാളത്തെ ബില്‍ഗേറ്റ്‌സുമാരാക്കാം എന്ന ഉദ്ദേശത്തോടെ കോമ്മേര്‍സ്‌ ഡിപ്പര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ തന്നെ ഞങ്ങള്‍ ഈ അണ്‍ ഓദറൈസ്ഡ്‌ ഓപറേഷനു തിരഞ്ഞടുത്തത്‌. കാമ്പസിലെ മുഴുവന്‍ അലമ്പുപരിപാടികളും കൊട്ടേഷന്‍ ഇടുത്തു നടക്കുന്ന ഞങ്ങള്‍ക്കു ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമിന്റെ ഒരു കോപ്പി കീ ഉണ്ടാക്കുക എന്നതു ഒരു പ്രശനമേ ആയിരിന്നില്ല.



അന്നൊരു വെള്ളിയാഴ്ചയായിരിന്നു, സമയം രാതി പന്ത്രണ്ടു മണി. അമാവാസി ദിനമായതിനാലാവണം ആസ് യൂശ്വല്‍ ഭയങ്കര ഇരുട്ട്‌, അതെ ഇന്നാണു ഞങ്ങള്‍ “ മിഷന്‍ കിന്നാരത്തുമ്പികള്‍ “ പ്ലാന്‍ ചെയ്തിരിക്കുന്നതു. മണ്ടരി മനീഷിന്റെ നേത്രുതത്തില്‍ ഞങ്ങള്‍ അഞ്ചംഗ സഘം ആയുധങ്ങളുമായി (സീഡി, കീ ) ഡിപ്പാര്‍ട്ട്‌മന്റ്‌ റൂം ലക്ഷ്യമാക്കി നടന്നു. ഒരില അനങ്ങിയാല്‍ പോലും ചാടി എണീറ്റു "അങ്കെ യാറടാ തിരുട്ടു പയലുകളെ" എന്നു ചോദിക്കുന്ന വാച്ചര്‍ മുത്തുവിനെയും പറ്റിച്ചു, ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിനടുത്തെത്തി.



വാതിലു തുറക്കാന്‍ നോക്കിയ ഞങ്ങള്‍ ആ കാഴ്ച്ച കണ്ടു സ്തംഭിച്ചു നിന്നു.വാതില്‍ തുറന്നു കിടക്കുന്നു, മാത്രമല്ല, ആരോ ആ ഇരുണ്ട വെളിച്ചത്തില്‍ കമ്പ്യൂട്ടറില്‍ ഇരുന്നു എന്തോ സ്പ്പീടില്‍ ടൈപ്പ്‌ ചെയ്യുന്നു. ദോണ്ടെ ഒരു ഹൈട്ടെക്‌ കള്ളന്‍ , തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു !! ഈശ്വരാ ഈ പാവങ്ങളോടെന്തിനീ ബലപരീക്ഷണം, തിരിഞ്ഞോടാം... പെട്ടെന്നെന്റെ തലയിലെ എല്ലാ ബള്‍ബുകളും ഒറ്റയടിക്കു കത്തി . അല്ല , ഇതൊരു പരീക്ഷണമല്ല, പിന്നെയോ ??? ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാണുള്ള ഒരപൂര്‍വ്വ അവസരമാണു, ഇവനെ പിടിച്ചു കൊടുത്താല്‍ നാളെ മുതല്‍ കാമ്പസില്‍ ഞങ്ങളാണു താരങ്ങള്‍, സ്വീകരണം, അനുമോദനങ്ങള്‍, ധീരതക്കുള്ള അവാര്‍ഡ്‌ ,അതുവഴി അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറഞ്ഞു നില്‍ക്കുന്ന ,ജൂനിയെര്‍സിലെ ലവളന്മാര്‍ക്കു കൊടുത്ത എന്റെ രണ്ടപ്ലിക്കേഷനും ഒറ്റയടിക്കു സാന്‍ക്ഷനാവും. പിന്നെ ഉത്സാഹം തന്നെ ഉത്സാഹം...ഒരു നിമിഷം സ്വപ്നലോകത്തായിപ്പോയ എന്നെ ഉണര്‍ത്തി ഞങ്ങളുടെ ഓപെറാഷന്‍ ടീമിന്റെ ക്യാപറ്റന്‍ ലഫ്റ്റനന്റ്‌ കേണല്‍ മണ്ടരി മനീഷ്‌ അലറി " അറ്റാക്ക്‌" .


കേട്ട പാതി കേള്‍ക്കാത്ത പാതി , "നിന്റെ അമ്മായി അമ്മേടെ തേങ്ങാക്കൊല , നീ ഞങ്ങടെ കോളേജീ കേറി കക്കുന്നോടാ" എന്നു ച്യോദിച്ചു ഞാന്‍ ഉടുത്തിരുന്ന കള്ളിമുണ്ട്‌ സ്ഫടികത്തിലെ മോഹന്‍ലാലിനെപോലെ വലിച്ചൂരി കള്ളന്റെ തലയില്‍ കൂടിയിട്ടു അവന്റെ 'അണ്ടകടാകം' നോക്കി ഒരു അലക്കങ്ങുകൊടുത്തു. ജീവിതത്തിലന്നു വരെ ഒരു കള്ളനെപ്പോയിട്ടു ഒരു കുള്ളനെപ്പോലും തൊട്ടു നോവിക്കാത്തെ എന്റെ ഈ അമിതാവേശം കണ്ടു ബാക്കിയുള്ളവന്മാരും കൂടിചേര്‍ന്നു ,അലക്കിയ ഷര്‍ട്ടു പിഴിയുന്ന കണക്കെ ലെവനെയങ്ങു പിഴിഞ്ഞു. സംഭവിചെതെന്തന്നറിയിന്നതിനു മുന്‍പുതന്നെ ശരീരത്തിലെ സകല പരിപ്പുകളും കലങ്ങിയ കള്ളന്‍ , "എന്റമ്മേ" എന്നലറി ഭൂമി ദേവിയെ സാഷ്‌ട്ടാങ്കം പ്രണാമിച്ചു കമന്നടിച്ചു താഴെ വീണു. കാള മൈക്കിലെ ശബ്‌ദം പോലെയുള്ള ആ അലര്‍ച്ച കേട്ടതും , അഞ്ചാറു പേരെ ഓരുമിച്ചടിച്ചിട്ടു ബെന്‍സ്‌ വാസുവിലെ ജയനെപ്പോലെ നെഞ്ചും വിരിച്ചു നിന്നിരിന്ന ഞങ്ങളെല്ലാവരും ഒരു മിച്ചു നെട്ടി. നല്ല പരിചയമുള്ള ശബ്‌ദം. ഈശ്വരാ ഈ ശബ്‌ദം മുമ്പെവിടെയോ കേട്ടിട്ടൂണ്ടല്ലോ?? എത്രയും പെട്ടെന്നു തന്നെ ലവന്റെ മുഖത്തെ തുണി മാറ്റി , ഇരുട്ടില്‍ മുഖം വ്യക്തമായില്ലെങ്കിലും ആ രൂപം ഞങ്ങള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു, ഞങ്ങളുടെ പ്രിയപ്പെട്ട , എല്ലാമെല്ലാമായ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൈജു സാര്‍ !!! ഈശ്വരാ..ഞങ്ങടെ ബൈജു സാര്‍, ക്രൂരന്മാരായ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കൊരപരാധം, 24കാരറ്റ് സല്‍സ്വഭാവി, വൈകുന്നേരത്തെ ചായക്കു രണ്ടു പരിപ്പു വട എന്ന ഞങ്ങളുടെ സ്‌ട്രോങ്ങ്‌ ഡിമാന്റ്‌ മാനേജു കമ്മറ്റിയില്‍ അവതരിച്ചു പാസാക്കിയ മഹാന്‍, മെന്‍സ്‌ ഹോസ്റ്റലുകാര്‍ ലാഡീസ്‌ ഹോസ്റ്റലിന്റെ മതിലുചടുന്നു എന്നു ലാഡീസ്‌ വാര്‍ഡന്‍ കംബ്ലേന്റ്‌ പറഞ്ഞപ്പോള്‍ നിങ്ങള്‍ വേണങ്കി ഞങ്ങടെ മതിലും ചാടിക്കോ എന്നു പ്രഖ്യാപിച്ച ധീരന്‍, ലാഡീസ്‌ ടീച്ചര്‍മാരുടെ ആരാധനാ പുരുഷന്‍... ഈശ്വരാ ആ തങ്കപ്പെട്ട മനുഷ്യനെയാണോ ഞങ്ങള്‍ ലോകകപ്പു ഫൂട്ബോള്‍ കളിക്കുന്ന ആവേശത്തോടെ പന്തു തട്ടിയത്‌. ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. എന്തായാലും പറ്റിപ്പോയി , ഇനി ആലോചിച്ചിട്ടു കര്യമില്ല.. " ശെല്‍വാ , പളനി, വേലു എന്നടാ പാത്തിട്ടിരിക്കിറത്‌, തൂക്കിപ്പോട്ട്‌ വാങ്കടൈ" എന്നുള്ള മനീഷിന്റെ ബുദ്ദിപൂര്‍വമായ ഡയലോഗ്‌ കേട്ടതും നിലത്തു വീണുകിടക്കുന്ന മുണ്ടും പെറുക്കി ഞങ്ങളോടി.ആ ഓട്ടം അവസാനിച്ചത്‌ ഹോസ്റ്റലിലെ 103 -)o നമ്പര്‍ റൂമിലായിരിന്നു.


അടുത്ത ദിവസം രാവിലെ മെസ്സ്‌ ഹാളില്‍ ഞങ്ങളെക്കാത്തിരുന്നത്‌, ചൂടുള്ള ആ വാര്‍ത്തയായിരിന്നു. ഇന്നലെ രാത്രി ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമില്‍ ഈമെയില്‍ ചെക്കു ചെയ്യാന്‍ പോയ ബൈജു സാറെ മൂന്നാലു അണ്ണാച്ചി കള്ളന്മാര്‍ ചേര്‍ന്നു മര്‍ദ്ദിച്ചു, കഴുത്തുളുക്കിയ ബൈജു സാര്‍ ഒരാഴ്ച ബെഡ്‌ റെസ്റ്റിലാണു.



കൃത്യം ഒരാഴ്ച്ച കഴിഞ്ഞു.വെള്ളിയാഴ്ച്ച രാത്രി മൂക്കുമുട്ടെ തട്ടി അന്നത്തെ അവസാന കലാപരിപാടിയായ ചീട്ട്‌ കളി തകൃതിയായി നടന്നു കോണ്ടിക്കുമ്പോള്‍ വതിലില്‍ ആരോമുട്ടുന്നതു കേട്ടു. വാതില്‍ തുറന്ന ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു നെട്ടി..അതെ സാക്ഷാല്‍ ബൈജു സാര്‍ , കഴുത്തില്‍ ഒരു വടവും (കഴുത്തിന്റെ ആട്ടം നിറുത്താന്‍ ഇടുന്ന വെള്ള സ്‌പോഞ്ചിന്റെ സാധനം), കയ്യില്‍ ഒരു കവറുമായി നില്‍ക്കുന്നു. റൂമില്‍ കയറിയ ബൈജു സാര്‍ എന്റെ കയ്യില്‍ ആ കവര്‍ ഏല്‍പ്പിച്ചു, രോഗിയായ ബൈജുസാറിനു ‘അന്നദാന‘മായി കിട്ടിയ ഫ്രൂ‍ട്ട്സായിരിക്കുമെന്നുകരുതി ധ്രിതിയില്‍ കവര്‍ തുറന്ന ഞാന്‍ ശരിക്കും നെട്ടി...
.
.
.
.
.
.
.

നഷ്‌ട്ടപ്പെട്ടു എന്നു കരുതിയ കിന്നാരത്തുമ്പികളുടെ രണ്ടാം സീഡി !!!!




-----------------------------






വാല്‍ : അതിനു ശേഷം ഇന്നേവരെ ഒരു ഷക്കീലപ്പടവും ഞാന്‍ കണ്ടിട്ടില്ല..സത്യായിട്ടും...ബൈജു സാറാണെ സത്യം..





ഡിസ്‌ക്ലൈമര്‍ : 'ജീവിച്ചു പോയവരോ മരിച്ചിരിക്കുന്നവരോ ' ആയ ആരെങ്കിലും വന്നു ഈ കഥയിലെ കഥാപാത്രമാണെന്നോ,അല്ലെന്നോ പറയുകയും എനിക്കെതിരെ ബൂലോക കോടതിയില്‍ പീഡനക്കേസ്‌ ഫയലുചെയ്യുകയും ചെയ്താല്‍ എനിക്കൊരു കുന്തോല്ലാ... ഹല്ല പിന്നെ...

ഓ ടോ: ബൈജു സാറെ ക്ഷമീ..പറ്റിപ്പോയി, അതും , ഇതും....

Friday, June 8, 2007

ക്ലോറോഫോം [ വീണ്ടും ചില റാഗിങ്ങ് കഥകള്‍)

വര്‍ഷം 2003. എന്റെ നാട്ടുകാരെയും വീട്ടുകാരെയും എന്തിനധികം എന്നെതന്നെ നെട്ടിച്ചു കൊണ്ടാണു , നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ പോലെ ഞാനും ബി.കോം ഫാസ്റ്റ്‌ ക്ലാസുകാരനായ റിസള്‍ട്ട്‌ വന്നത്‌. ഇതു കേട്ട ഉടന്‍ തന്നെ എന്റെ ഫാദര്‍ ഡിസൂസയുടെ ബോധം പോയെന്നു സ്ഥിരീകരിക്കാത്ത റീപ്പോര്‍ട്ടുണ്ടെങ്കിലും ,ബാംഗ്ലൂര്‍ പഠനം എന്ന എന്റെ ചിരകാല അഭിലാഷത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള അപേക്ഷ പ്രാധമിക ഘട്ടത്തില്‍ തന്നെ അദ്ധേഹം തള്ളിക്കളഞ്ഞു. ഈശ്വരാ.... നാട്ടുകരോടും കൂട്ടുകരോടും ബാംഗ്ഗ്ലൂരിലേക്കു പോവ്വാണെന്നു പറഞ്ഞും പോയി,ഇനിപ്പം എന്താ എന്നാലോചിച്കു നിക്കുമ്പോഴാണു മമ്പാട്‌ എം ഇ എസില്‍ നിന്നും പിജിക്കുള്ള അഡ്മിഷന്‍ കാര്‍ട്‌ വന്നത്‌.ഹാവൂ സധാമാനായി, ബാംഗ്ഗ്ലൂരിലേക്കണന്നു പറഞ്ഞു മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയതു മമ്പാട്‌ കോളേജിലാ.


മമ്പാട്‌ എം ഇ എസ്‌..മനോഹരമായ കാമ്പസ്‌, അതിലും മനോഹരമായ പെണ്‍കുട്ടികള്‍, ഈശ്വരാ ഞാന്‍ ഇവിടെ എത്താന്‍ സ്വല്‍പ്പം വൈകിപ്പോയോ എന്നു തോന്നിയ നിമിശങ്ങള്‍....എവിടെതിരിഞ്ഞാലും 'ഫുള്‍ കവറേജും' അപാര 'റയിഞ്ചും', പക്ഷെ എന്റെ സന്തോഷത്തിനു ആയുസു വളരെ കുറവായരിന്നു.വാളടുത്തവന്‍ വാളുവെച്ചു ചാവും എന്നാണല്ലോ? അതെ മമ്പാട്‌ പി ജി ഹോസ്റ്റലില്‍ എനിക്കു നേരിടെണ്ടിവന്ന റാഗിങ്ങുകള്‍ അതുവരെയുള്ള എന്റെ എല്ലാ റഗിങ്ങ്‌ അനുഭവങ്ങളേയും സങ്കല്‍പ്പങ്ങളേയും തകിടമ്മറിക്കുന്ന തരത്തിലുള്ളതായിരിന്നു.


ഹോസ്റ്റലില്‍ വലതു കാല്‍ വെചു കേറിച്ചെന്ന എനിക്കു തന്ന ഗംഭീര സീകരണത്തിനുള്ള നന്ദി പ്രകടനമെന്ന നിലക്കാണു സീനിയേര്‍സിലെ ഒരുത്തന്‍, ബാത്‌ റൂമില്‍ മറന്നു വെച്ച വാച്ചെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പും കൂടാതെ പോയത്‌. അടഞ്ഞിരിന്ന വാതില്‍ മെല്ലെ തുറന്നു അകത്തു കടന്ന ഉടന്‍ തന്നെ ഒരു വലിയ ബക്കറ്റു വള്ളവും, ഒരു വലിയ സ്റ്റില്‍ ബക്കറ്റും ഒരു സിംബലടിച്ച ശബ്ദത്തോടെ എന്റെ തലയില്‍ വന്നു പതിച്ചു.സംഭവിച്ചെതെന്താണെന്നു മനസ്സിലായപ്പ്പ്പോഴേക്കും , കുഞ്ചാക്കോ ബോബനെപ്പോലെ ഇന്‍സൈടെല്ലാം ചെയ്തു ലുക്ക്‌ ആയി നിന്നിരിന്ന ഞാന്‍ പൊട്ടകിണറ്റില്‍ വീണ കോഴിയെ പോലെയായിരിന്നു.പുതിയ അന്തെവാസിയെ സീകരിക്കാനുള്ള ആചാര വെടി മുഴങ്ങിയിരിക്കുന്നു, അതെ അതൊരു തുടക്കമായിരിന്നു, തുടക്കം മാത്രം.....


ക്ലാസു കഴിഞ്ഞുവന്ന എന്നെ കാത്തിരിന്നതു രസമുള്ള ഒരുപാടു 'കലാ' പരിപാടികളായിരിന്നു.എന്തിനാണെന്നറിയില്ല,തടിയന്‍ നാസിം ഒരുത്തനെ കസേര വലിച്ചടിക്കുന്നതു കണ്ടു, ഏതോ പെണ്ണിന്റെ പേരു പറഞ്ഞു തുടങ്ങിയ 2 മണിക്കൂര്‍ നീണ്ട ആ ഘോരയുദ്ദം ഞങ്ങള്‍ ജൂനിയെര്‍സിന്റെ എല്ലാ ദൈര്യവും ഒറ്റായ്ടിക്കു ചോര്‍ത്തിക്കളഞ്ഞു. അതൊരു ആസൂത്രിധ 'കൂമാട്ട'മായിരിന്നെന്ന് അറിഞ്ഞപ്പോഴെക്കും അവര്‍ ഞങ്ങളുടെ മേല്‍ സമ്പൂര്‍ണ്ണ ആദിപത്യം നേടിയിരിന്നു.ആചാരങ്ങളുടേയും അനാചാരങ്ങളുടേയും,എന്നാല്‍ രസകരവുമായിരിന്ന വലിയ ഒരു നിയമാവലി തന്നെ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരിന്നു. നിയ്മാവലി എന്നു പറഞ്ഞാല്‍ രാവിലെ ആറുമണിക്കെണീറ്റു, ആറടിമാത്രം താഴ്ച്ചയുള്ള (ഭാഗ്യം) ഹോസ്റ്റല്‍ കിണറ്റില്‍ ചാടിക്കുളിക്കണം (ഇല്ലെങ്കില്‍ പിന്നെ അന്നു കുളിക്കാന്‍ പെര്‍മിഷന്‍ ഇല്ല),രാത്രി 12 ആയാല്‍ തെങ്ങില്‍ നിന്നും തേങ്ങ ഇട്ടു വെട്ടി സീനിയെര്‍സിനു കൊണ്ടു കൊടുക്കണം, സീനിയേര്‍സിനെ വിസിറ്റ്‌ ചെയ്യാന്‍ വരുന്ന വിശിഷ്ട വ്യക്തികള്‍ക്കു, എസ്പെഷലി പെണ്‍കുട്ടികള്‍ക്കു, അടക്കാപ്പഴം, മാങ്ങ സപ്പോട്ട, ഇവയൊക്കെ പറിച്ചു കൊടുക്കണം,എന്നിവ അതില്‍ ചിലതു മാത്രം. നല്ല തല്ലു നാട്ടില്‍തന്നെ കിട്ടുമെന്നുള്ളതു കൊണ്ടും,ഞമ്മളും ഒരുനാള്‍ സീനിയേര്‍സു ആകുമെന്നുള്ള ആശ്വാസം കൊണ്ടും, മോറോവര്‍ ഇതെല്ലാം ക്ലാസിലറിഞ്ഞാലുള്ള നാണക്കെടോര്‍ത്തും ഞങ്ങള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും നടന്നു. എന്നാല്‍ യതാര്‍ഥ അങ്കം വരാനിരിക്കുന്നതെ ഉണ്ടായിരിന്നുള്ളൂ..


മെസ്സില്‍ സ്പെഷല്‍ ബിരിയാണിയുള്ള ഒരു വ്യായാഴ്ച്ച, കഴുത്തു മുട്ടെ ബിരിയാണിയും തട്ടി, ആസ്വദിച്ചു കൂര്‍ക്കവും വലിച്ചു , ജൂനിയെര്‍സിലെ "ലവളേയും" സ്വപ്നം കണ്ടുറങ്ങുകയായിരിന്ന എന്നെ ആരോ ചവിട്ടി വിളിക്കുന്നതു പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോള്‍ റൂമില്‍ നല്ല ഇരുട്ട്‌ , ഒന്നും വ്യക്തമായി കാണാന്‍ വയ്യെങ്കിലും തടിച്ചിരുണ്ട ഒരു രൂപം കയ്യില്‍ ഒരു കത്തിയും പിടിച്ചു മുഖത്തു ഒരു കറുത്ത തുണിയല്ലാം കെട്ടി എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. ഈശ്വരാ സ്വപ്നമോ യാഥാര്‍ത്യമോ എന്നറിയാത്ത നിമിഷങ്ങള്‍. ഒന്നലറി വിളിക്കണമെന്നുണ്ട്‌,ഒന്നലറി നോക്കി, ഇല്ലാ ശബ്ദ്ദം പുറത്തു വരുന്നില്ല, ശേഷിച്ചിരിന്ന ധൈര്യവും "ചോര്‍ന്നു" പോകുന്നതു പോലെ തോന്നി(അയ്യെ!).എങ്കിലും ഉള്ള ധൈര്യം വെച്ചു അഴിഞ്ഞു പോയ ഉടുമുണ്ടും കയ്യില്‍ പിടിച്ചു , “അമ്മേ “ എന്നലറി ഒടിയ ഞാന്‍ അതിനേക്കാള്‍ സ്പീടില്‍ പിന്നീലോട്ടു വന്നു ഭൂമിയുടെ ഗുരുത്വാഗര്‍ഷണം ശരിക്കും ആസ്വദിച്ചു തലയടിച്ചു തറയില്‍ വീണു. ബോധം ഒന്നു പോയി തിരിച്ചു വന്നപ്പോഴാണു എന്റെ കാലും ഞാന്‍ കിടക്കുന്ന കട്ടിലും തമ്മില്‍ ഒരു കയറുപയോഗിച്ചു കെട്ടിയിരിക്കുന്നു എന്ന നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌. ഉടന്‍ തന്നെ റൂമിലെ ബള്‍ബുകളെല്ലാം മിന്നിക്കത്തി, ഒപ്പം ഒരു കൂട്ടച്ചിരിയും. അതെ റഗിങ്ങിന്റെ അതിനൂതന രീതി ഏറ്റവും വിജയകരമായി എന്റെ സീനിയേര്‍സ്സ്‌ എന്നില്‍ പരീക്ഷിച്ചിരിക്കുന്നു എന്നെനിക്കു മനസ്സിലായി.


ആ ആഘാതം പൂര്‍ണ്ണമായു വിട്ടുമാറും മുമ്പുതന്നെ അടുത്ത ഷോക്കും എനിക്കു കിട്ടി. അടുത്ത ദിവസം നേരത്തെ ഉറങ്ങാന്‍ കിടന്ന എന്നെ സീനിയേര്‍സ്‌ രണ്ടുപേര്‍ വന്നു മുകളില്‍ അവരുടെ റൂമിലേക്കു കൊണ്ടുപോയി. ചെയുതു പോയ തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു കെട്ടിപ്പിടിച്ചു മുത്തം തരാനായിരിക്കുമെന്നു കരുതിയ എനിക്കു തെറ്റി. അവിടെ നാലു പേര്‍ എന്നെയും കാത്തു നില്‍ക്കുന്നുണ്ടയിരിന്നു. വളരെ സ്നെഹത്തോടെ എന്നെ സീകരിച്ചു ഒരു കസേരയിലിരുത്തി അവര്‍ കാര്യം അവതരിപ്പിച്ചു,


"ടാ ദോണ്ടെ ഇതുണ്ടല്ലോ, കുറച്ചു ക്ലോറോഫോമാ, ഞങ്ങള്‍ കെമിസ്ട്ട്രി ലാബില്‍ നിന്നു കൊണ്ടോന്നതാ, സാധനം ഞങ്ങള്‍ ടയ്‌ല്യൂട്ട്‌ ചെയ്തിട്ടുണ്ട്‌, അതു കൊണ്ടു വല്യാ പ്രശ്നോന്നൂല്ലാ. ഇവിടെ പുതിയതായി വരുന്ന എല്ലാവര്‍ക്കും ഞങ്ങ കൊടുക്കുന്നതാ ഇതു"


" ഇതിപ്പോ ഞങ്ങള്‍ നിന്നെ മണപ്പിക്കും, കുഴപ്പൊന്നൂല്ലാ, ഒരു രണ്ട്‌ മണിക്കൂര്‍ നീ ഒന്നു മയങ്ങും അതു കഴിഞ്ഞാല്‍ നീ ഓകെ ആകും, ജൂനിയേര്‍സില്‍ ബാക്കിള്ളോര്‍ക്കെല്ലാം ഞങ്ങള്‍ ഇതു കൊടുത്തു, ഇനി നീ മാത്രമെ ഉള്ളൂ"


ഈശ്വരാ ..എനിക്കു തല കറങ്ങുന്നതു പോലെ തോന്നി, ഉള്ള ശബ്ദം മുഴുവന്‍ പുറത്തെടുതു ഞാന്‍ അലറി" ഇല്ല , ഞാന്‍ സമ്മതിക്കില്ല" ആരു കേള്‍ക്കാന്‍ ?,ഒരുത്തന്‍ വന്നു എന്റെ ഷര്‍ട്ടഴിച്ചു എനിക്കു വെള്ള ഷര്‍ട്ടു ഇട്ടു തന്നു,എന്നിട്ടു ഒരുവെള്ളക്കടലാസ്‌ എനിക്കുനേരെ നീട്ടിയിട്ടു പറഞ്ഞു :


"നീ ശബ്ദം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യോല്ലാ, നീ ഈ കടലാസില്‍ ഒന്നു ഒപ്പിട്ടെ, ഇതു ഇനി നിര്‍ഭാഗ്യത്തിനു നിനക്കു വല്ലതും പറ്റിയാല്‍ തന്നെ ഞങ്ങള്‍ അതിനു ഉത്തരവാദികളല്ലാ എന്നു തെളിയിക്കാനാ " ഒരു കുപ്പിയില്‍ നീല നിറത്തില്‍ ഒരു സാധന്‍ കൊടുന്നു എന്റെ മുന്നില്‍ വെച്ചിട്ടു , അവരെല്ലാം ഒരോ വെള്ള തോര്‍ത്തെടുത്തു അവരുടേ മൂക്കും വായയും ഓപെറേഷന്‍ തിയേറ്ററിലെ ഡോക്ട്ടറെ പോലെ മൂടിക്കെട്ടി. ഇത്രയും ആയപ്പോ എനിക്കുറപ്പായി. ഇതു കൈവിട്ട കളിയാണു , എന്റെ ജീവന്‍ വെച്ചാണു ലവന്മാരുടേ വിളയാട്ടം. ബാലന്‍ കെ നായരുടെയും സംഘത്തിന്റെയും കയ്യില്‍ അകപ്പെട്ട സീമയെ പോലെ നിസ്സംഗയായി ഞാന്‍ നിന്നു വിയര്‍ത്തു.


എന്റെ മനസ്സില്‍ ഒരു നൂറുക്കൂട്ടം കാര്യങ്ങള്‍ ഓടിവന്നു, ഈശ്വരാ എനിക്കെന്തെങ്കിലും പറ്റിയാല്‍ നാളത്തെ പത്രങ്ങള്‍ക്കതൊരു ചൂടുള്ള വാര്‍ത്തയാരിക്കും ,‘റാഗിങ്ങ്‌ : യുവാവ്‌ ധാരുണമായി കൊലചെയ്യപ്പെട്ടു‘, അല്ലെങ്കില്‍ , ‘സ്വപനങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവന്‍ യാത്രയായി‘ ...മാത്രമല്ല ഇപ്പോ മരിച്ച ഒറപ്പായിട്ടും ഞാന്‍ നരകത്തിലായിരിക്കും , അതെനിക്കു പ്രശ്നമല്ല, പക്ഷെ എന്റെ സ്വപ്നങ്ങള്‍, ആഗ്രങ്ങള്‍ എല്ലാം പാതി വഴിയില്‍..


'രണ്ടാം നിലയില്‍ ഫാദറിനു കുളിക്കാന്‍ ഒരു സിമ്മിമ്പൂള്‍, ഉമ്മാക്ക്‌ ഓലക്കൊടി ഇട്ടുവെക്കാന്‍ ഒരു മേര്‍സിഡസ്‌ ബെന്‍സ്‌, ആടിനെ കെട്ടാന്‍ ഒരു സ്കോര്‍പ്പിയോ, പെങ്ങള്‍ അമേരിക്കയില്‍ എം ബി എ , പത്തക്ക ശമ്പളം,അടിപൊളി ജോലി....ഈശ്വരാ എന്റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട്‌ തകര്‍ന്നു തരിപ്പിണമാകാന്‍ പോകുന്നു.


എന്നിലെ സിംഹം ചാടി ഏണീറ്റു " ഞാന്‍ മരിച്ചാ എന്റെ ഉമ്മാനേം ഉപ്പാനേം ആരു നോക്കും, എനിക്കു പടിക്കണം , എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റണം, ഞാന്‍ മരിച്ചാല്‍ എന്റെ കുടുംബം ആനാഥമാകും" ഞാന്‍ അലറി.ആരു കേള്‍ക്കാന്‍, എല്ലാം ഐസുകട്ടയില്‍ പെയിന്റടിച്ച പോലെ ചീറ്റി പോയി. അവരില്‍ ഒരാള്‍ വന്നു എന്റെ കൈ പുറകിലോട്ടു വലിച്ചു കെട്ടി, മറ്റൊരുത്തന്‍ കുറച്ചു പഞ്ഞിയെടുത്തു അതില്‍ ക്ലോറോഫോം ഒഴിച്ചു തയ്യാറായിനിന്നു.


" ഇതു ഞങ്ങള്‍ നിന്നെ മണപ്പിക്കുകയാണു, നല്ലവണ്ണം മൂക്കിലോട്ടു വലിച്ചു കയറ്റുക, പത്തുമിനുട്ടു കഴിയുമ്പോല്‍ നീ താനെ മയങ്ങിക്കോളും , രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നീ ഉണരേം ചെയ്യും"


ഇതു പറയലും അവരെന്നെ ക്ലോറോഫോം മണപ്പിക്കുകയും ചെയ്തു, ഒരെറ്റ ശാസം പോലും ഉള്ളിലേക്കെടുക്കാതെ ഒരു മിനുട്ടു ഞാന്‍ പിടിച്ചു നിന്നു. പക്ഷെ അറിയാതെ ഒരു ശ്വാസം ഉള്ളിലെക്കു പോയി.ടര്‍ജറ്റ്‌ അച്ചീവ്ട്‌, പത്തു മിനുട്ടിനുള്ളില്‍ നീ മയങ്ങും എന്നു പറഞ്ഞു എന്നെ തനിച്ചാക്കി അവരെല്ലാം റൂമില്‍ നിന്നും പോയി, പത്തു മിനിട്ടു കഴിഞ്ഞു, അരമണിക്കൂറായി, ഒരുമണിക്കൂറായി, പക്ഷെ ഒന്നും സംഭവിക്കുന്നില്ല, ഒടുവില്‍ അറിയാത ഞാന്‍ ഉറങ്ങിപ്പോയി.രാവിലെ ഉറക്കമൊണര്‍ന്ന ഞാന്‍ ചാടി എണിറ്റു എന്റെ കയ്യും കാലും എല്ലാം തപ്പി നോക്കി, അതെ മരിച്ചിട്ടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.സന്തോഷം കൊണ്ടു ഞാ ന്‍തുള്ളിച്ചാടി......


.


.


.


.


.


.


.


അല്ലെങ്കിലും , ആഫ്ട്ടര്‍ ഷേവു മണത്തു ഈലോകത്താരും ഇതുവരെ മരിച്ചിട്ടില്ല എന്ന നഗ്ന സത്യം,മുഖത്തു എപ്പോഴെങ്കിലും വരുന്ന ഒന്നോരണ്ടോ രോമം ചുടുവെള്ളമുപയോഗിച്ചു കഴുകിക്കളയുന്ന , ആഫ്ട്ടര്‍ ഷേവിന്റെ മണമറിയാത്ത എനിക്കറിയാത്തതു ഒരുതെറ്റല്ലല്ലോ..???