Monday, July 26, 2010

ദൈവത്തിനും പേടിയോ?




ഇന്നലെ കൃത്യം പത്തു മണിക്കു ഞാന്‍ മരിച്ചു.ക്ഷമിക്കണം,ആരെയും അറിയിക്കാന്‍ കഴിഞില്ല. എല്ലാം പെട്ടെന്നായിരിന്നു. തിരക്കിനിടയില്‍ അറിയിക്കാന്‍ വിട്ടു പോയതില്‍ ഖേദിക്കുന്നു. അല്ലേലും ഇനിയെനിക്കു മരിക്കാമല്ലോ!! കാരണം ചെയ്തു തീര്‍ക്കാന്‍ അവശേഷിക്കുന്നതൊന്നുമില്ല. അവസാനമായൊരാഗ്രഹമുണ്ടായിരിന്നു ഞങ്ങളുടെ പാര്‍ട്ടിയുടെ സംസഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു, അതും കഴിഞാഴ്ച്ച സാധിച്ചു . പാര്‍ട്ടിക്കു വേണ്ടി രക്ത സാക്ഷിയാവാനെനിക്കു വളരെയധികം ആഗ്രഹമായിരിന്നു, പക്ഷെ അവസരം ഒത്തു വന്നില്ല. എന്തായാലും എല്ലാം കഴിഞ്ഞ സ്ഥിതിക്കു ഇനിയും ഈ അറുബോറന്‍ ലൈഫ് തുടരുന്നതില്‍ അര്‍ത്ഥമില്ലന്നു തോന്നി. അച്ചനും അമ്മയേയും ജേഷ്ട്ടന്‍ നോക്കും, ഭാര്യയുടേയും മകളുടെയും പേരില്‍ ഇന്‍ഷൂറന്‍സുണ്ട്, പിന്നെന്തിനു ഞാനിവിടെ ഇനി. അതുകൊണ്ട് പെട്ടെന്നു പോയി.
ആത്മഹത്യയായിരിന്നു, എങനെ എന്നു ചോദിക്കരുതു, പറഞുതരില്ല, വേദനിക്കാതെ ആരെയുമറിയിക്കാതെ പെട്ടെന്നൊരു മരണം. മരിച്ചതും ഭാര്യയും മകളും വന്ന് കെട്ടിപ്പിടിച്ചു കരഞു. ശബ്ദം കേട്ടു അച്ചനുമമ്മയുമെത്തി. അവരും കരയാന്‍ തുടങ്ങി. പിന്നെ ആകെ ബഹളമയം. ഒരു മണിക്കൂര്‍ കൊണ്ടു വീടു മരണ വീടായി. എന്റെ വീട്ടുകാരും അടുത്ത ബന്ദുക്കാരും കരയുന്നു, നാട്ടുകാരും മറ്റുള്ളവരുമെല്ലാം എന്നെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ചിലര്‍ പന്തലിടുന്നു, ചെറിയച്ചന്‍ അറിയാത്തവരെ ഫൊണ്‍ വിളിച്ചറിയിക്കുന്നു, എല്ലാരും തിരക്കിലാണു. എത്രയോ സിനിമകളില്‍ കണ്ടു മടുത്ത സ്ഥിരം കാഴ്ച്ചകള്‍. ഇതെല്ലാം കണ്ടു ബോറടിച്ച കാലനെ കാത്തു നില്‍ക്കുന്ന എന്റെ ആത്മാവു മാത്രം ഒന്നും ചെയ്യാനില്ലാതെ അവിടയിവിടെ കറങി നടന്നു.
“ ഈങ്കുലാബ് സിന്ദാബാദ്, ഈങ്കുലാബ് സിന്ദാബാദ്, വാടാ , വാടാ മുട്ടാടാമുട്ടണമെങ്കില്‍ മുട്ടിക്കോതട്ടണമെങ്കില്‍ തട്ടിക്കോചോരക്കു ചോരജീവനു ജീവന്‍”
എന്താ വഴിയില്‍ നിന്നൊരു ശബ്ദം. എന്റെ അത്മാവു അവിടെക്കു നോക്കി. ആഹാ ഞങളുടെ പാര്‍ട്ടിയുടെ പ്രകടനമാണു. ഇങനൊരു പ്രകടനത്തിന്റെ കാര്യമെന്താ ഇപ്പം??? ആരോടാ ചോദിക്കാ?? ഉം ചോദിക്കാന്‍ പറ്റില്ലല്ലോ... ആത്മാവിനു പ്രകടനത്തിലെന്തു കാര്യം???
‘ ചോരക്കു ചോര, ജീവനു ജീവന്‍.. പകരം ഞങ്ങള്‍ ചോദിക്കും”
എല്ലാം കേട്ടപ്പം കാര്യം മനസ്സിലായി. ഞങ്ങടെ പാര്‍ട്ടി സെക്രട്ടറിയുടെ അനുജനെ ഇന്നലെ ഏതോ അഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു.
ഈശ്വരാ... എന്തു നല്ല വ്യക്തിയാണു, പാര്‍ട്ടി സെക്രട്ടറി സതീഷേട്ടന്‍.. എനിക്കു ബാങ്കില്‍ ജോലി മേടിച്ചു തന്നതു സതീഷേട്ടനാണു, എന്റെ ജേഷ്ട്ടനു ലോണ്‍ ശരിയാക്കിക്കൊടുത്തതും അനുജത്തിക്ക് കോളേജില്‍ സീറ്റ് മേടിച്ചു തന്നതും സതീഷേട്ടന്റെ പാര്‍ട്ടി സ്വാദീനമുപയോഗിച്ചാണു, അദ്ദേഹത്തിനീ ഗതി വന്നല്ലോ... അദ്ദേഹത്തിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.. എനിക്കു വിഷമം തോന്നി.. എന്റെയീ മരണം നേരത്തയായില്ലേ????? ഇനി എന്തു ചെയ്യും...
ഉം കാലന്‍ വരട്ടേ പറഞു നോക്കാം...
വൈകാതെ കാലനെത്തി.. കുറേ പറഞു നോക്കിയെങ്കിലും കാലന്‍ സമ്മതിച്ചില്ല... ഡ്യൂട്ടി ഈസ് ഡ്യൂട്ടി.. കൂടെപ്പോവുകതന്നെ വേണമെന്നു കാലന്‍ നിര്‍ബ്ബന്ദിച്ചു പറഞു, അയാള്‍ക്കു തീരുമാനമെടുക്കന്‍ കഴിയില്ലത്രേ... ദൈവത്തിനോട് നേരിട്ടു പറഞാല്‍ ചിലപ്പം സമ്മതിക്കുമത്രേ..
അങനെ എന്റെ ചലനമറ്റുകിടക്കുന്ന ശരീരത്തെ തനിച്ചാക്കി ഞാന്‍ കാലനോടൊപ്പം യാത്രയായി.
ഏഴാകശവും കടന്നു ഞാന്‍ ദൈവത്തിന്റടുക്കലെത്തി. കാലന്റെ സ്പെഷ്യല്‍ റെക്കമ്മെന്റേഷന്‍ കാരണം എനിക്കു ദൈവത്തെ വേഗം തന്നെ നേരില്‍ കാണാന്‍ കഴിഞു. ഒരു പാവം മനുഷ്യന്‍.. ദൈവമാണെന്ന ഒരഹങ്കാരവുമില്ല..
“ ഉം എന്താ കാര്യം?”
“ ദൈവം, ഞാനിന്നലെ ആത്മഹത്യ ചെയ്തു”
“ഉം നല്ല കാര്യം, അതുകൊണ്ടല്ലേ ഇവിടെ എത്തിയേ ???ബാക്കി പറയൂ ”
“ ദൈവം , ദൈവം.. ആത്മഹത്യ ചെയ്യുമ്പം എനിക്കു ചെയ്തു തീര്‍ക്കാന്‍ വെറെ ഒന്നുമുണ്ടായിരുന്നില്ല”
“ ഉം , എന്നിട്ടു?”
“ പക്ഷെ ഇങോട്ടു വരാന്‍ കാലനെ കാത്തു നില്‍ക്കുംമ്പോഴാണു ഞങടെ പാറ്ട്ടി സെക്രട്ടറി സതീഷേട്ടന്റെ അനുജനെ ആരോ കൊലപ്പെടുത്തിയ വിവരം അറിഞതു”
“ ഉം അതിനു?”
“ അല്ല ദൈവം, നിങള്‍ക്കറിയാമല്ലോ സതീഷെട്ടനെ, എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ടദ്ദേഹം, അയാള്‍ക്കു വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ലാ...”
“ ഉം നിങ്ങള്‍ക്കിപ്പം എന്തു വേണം ?. അതു പറയൂ ”
“ ദൈവം എനിക്കൊരു ചാന്‍സു കൂടെ തരണം... രണ്ടേ രണ്ടു ദിവസം മതി.. സതീഷെട്ടന്റെ അനുജന്റെ കാതകരെ ഞാന്‍ കൊല്ലും, എന്നിട്ടു ഞാന്‍ വേഗം തിരിച്ചു വരും സാര്‍ ”
അതു കേട്ടതും ദൈവം നെറ്റി ചുളിച്ചു, തലയില്‍ ചൊറിഞു... “ മരിച്ചതു സതീഷന്റെ അനുജനാണോ????“ ദൈവം ചോദിച്ചു..
“ അതെ സാര്‍”
‘ ഉം നിന്റെ വികാരം ഞാന്‍ മനസ്സിലക്കുന്നു.. മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയുടെ കാര്യമാവുമ്പം എനിക്ക് എതിര്‍ത്തു പറയാനും പറ്റില്ല..ഉം പോയി വരൂ.....
മിസ്റ്ററ് കാലന്‍ ഇയാളെ തിരിച്ചു ഡ്രോപ്പ് ചെയ്യൂ”
ഇതു കേട്ടതും ഞാന്‍ ശരിക്കും ഞെട്ടി...
ദൈവമേ..... പാര്‍ട്ടി സെക്രട്ടറിയേ ദൈവത്തിനു പോലും പേടിയോ????
*****************************************************************************************************************************
കൂട്ടുകാരെ എന്റെ ഈ ചെറു കഥ ഗള്‍ഫ് മനോരമയില്‍ പ്രസിദ്ദീകരിച്ചു വന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ലിങ്ക് താഴെ:
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=7564615&programId=6722890&tabId=15&contentType=EDITORIAL&BV_ID=@@@

Tuesday, July 20, 2010

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം.




എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ പുതിയ ബി എസ് എല്ലാര്‍ സൈക്കിള്‍ ചവിട്ടാം, ഉച്ചക്കു ഉമ്മ വാഴയിലയില്‍ പൊതിഞു തരുന്ന ചോറിന്റെ കൂടെയുള്ള ഓം‌ലെറ്റ് ഒറ്റക്കു കഴിക്കാം, പിന്നെ ഞങ്ങടെ ക്ലാസിലെ മിസ് കുണ്ടൂര്‍ക്കുന്ന് സിതാര എസ് നായരെ കൂ‍ട്ടോരോടപ്പം കൂടി പഞ്ചാരയടിക്കാം, ഞങ്ങടെ സ്കൂളിലെ മുഴുവന്‍ മാഷെന്മാരുടേയും ഉറക്കം കളയുന്ന സുന്ദരിയായ ബയോളജി മിസ് സുമലത ടീച്ചറെ കണ്ടോണ്ടിരിക്കാമെന്നുള്ളതൊക്കെ ആയിരിന്നു. അക്കാലത്ത് എനിക്കീ ഐശ്വര്യാ റായ് പ്രിയങ്കാ ചോപ്രയേമൊക്കെ ഇന്നത്തത്ര പരിചയമില്ലാത്ത കാരണം വലുതാവുമ്പം സുമലതി ടീച്ചറുടെ അത്ര ഭം‌ഗിയുള്ള ഒരു ഭാര്യയെ കിട്ടണേന്നു ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..

സ്കൂളില്‍ പോവാന്‍ സ്വന്തമായൊരു സൈക്കിള്‍ എന്ന എന്റെ തികച്ചും ന്യായമായ ഡിമാന്റ് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ദുരിതാശ്വാസ ഫണ്ടിന്റെ അപേക്ഷ പോലെ, “നിനക്കു ഒറ്റക്കു റോഡിലൂടെ സൈക്കിള്‍ ചവിട്ടാന്‍ പ്രായമായിട്ടില്ലടാ” ന്നു പറഞു പ്രാധമിക ഘട്ടത്തിലെ തന്നെ എന്റെ ഫാദര്‍ ഡിസൂസ തള്ളിക്കളയുകയാരിന്നു . ഹും അപ്പനൊക്കെ എന്തുമാവാലോ!!!

രാവിലേയും വൈകീട്ടും സ്വന്തം സൈക്കിളില്‍ ബാഗെല്ലാം പുറകെ വെച്ചു ഹമ്മറില്‍ സല്‍മാന്‍ ഖാന്‍ കണക്കെ വന്നിറങുന്ന ജിത്തുവിനെ ഞങ്ങടെ ക്ലാസിലെ ചുള്ളത്തികളായ ഗ്രീഷ്മയും സിതാരയടക്കമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ നോക്കിനില്‍ക്കുന്ന കാഴ്ച്ച എനിക്കു സഹിക്കാവുന്നതിലുമപ്പുറമായിരിന്നു.‍ സ്വന്തമായി ഉപഗ്രഹമില്ലെന്നു കരുതി ഇന്ത്യക്കു ബഹിരാകാശ പരീക്ഷണം നടത്താണ്ടിരിക്കാന്‍ പറ്റില്ലല്ലോ??? എനിക്കു സ്കൂളില്‍ പോവാണ്ടിരിക്കാനും.... അതുകൊണ്ടാണു ചെറുപ്പം മുതലേ എന്നെ എല്ലാ കളികളിലും തോല്‍പ്പിച്ചിട്ടുള്ള എന്റെ ആജന്മ ശത്രു, ജിത്തുവിനു ഞാന്‍ വാങിക്കുന്ന എല്ലാ ലക്കം ചിത്രഭൂമിയും വായിക്കാന്‍ കൊടുത്തും എന്റെ വീട്ടിലുണ്ടായ അടക്കാപ്പഴം ദിവസം നാലെണ്ണം വെച്ചു മുണുങ്ങാന്‍ കൊടുത്തും ഞ്ഞങ്ങള്‍ തമ്മില്‍ ഒരു കരാറുണ്ടാക്കിയത്. രാവിലെ സ്കൂളിലേക്കു സൈക്കിള്‍ ജിത്തു ചവിട്ടും ഞാന്‍ പുറകിലിരിക്കും, വൈകീട്ടു ഞാ‍ന്‍ ചവിട്ടും ജിത്തു പുറകിലും.. രണ്ട് പേര്‍ക്കും സ്വീകാര്യമായ ഒരു ബാര്‍ട്ടര്‍ സിസ്റ്റം... എങ്കിലും സ്കൂളിലാര്‍ക്കും എന്നോടൊരു മതിപ്പില്ലാ. ചിത്രഭൂമീടേം അടക്കാപ്പഴത്തിന്റേം രഹസ്യ കരാറൊന്നും അവര്‍ക്കറിയില്ലല്ലോ.. ബ്ലഡീ കണ്ട്രി ഇന്ത്യന്‍സ്...

ഒടുവില്‍ അറ്റകണക്കിനു മുട്ടയില്‍ ഒരു പ്രയോഗം നടത്തി, അപ്പന്റെ മനസ്സു മാറ്റിയാലോന്നു വരെ ആലോചിച്ചു. ബട്ട് വേണ്ടാ, പാവം അപ്പന്‍... ഇനി ഒറ്റ വഴിയെ ഉള്ളൂ.. ഉമ്മ വഴി കേന്ദ്രത്തില്‍ അച്ചന്റെ അടുക്കല്‍ ഒരു റെക്കമ്മെന്റേഷന്‍... അങ്ങനെ ഒരു ദിവസം മെല്ലെ ഉമ്മയുടെ അടുത്തു കൂടി കാര്യമവതരിപ്പിച്ചു... കാര്യം സൈക്കിള്‍ ഉമ്മക്കും ഇഷ്ട്ടമല്ലെങ്കിലും എന്റെ കടുത്ത ഭീഷണികള്‍ ( ഉപാഹാരമടക്കമുള്ള സമരങ്ങള്‍ ) ഭയന്നു ഉമ്മ ഫാദറിനോടു കാര്യം പറഞു.. അതില്‍ അപ്പന്‍ വീണു, സൈക്കിള്‍ മേടിച്ചു തരാമെന്നു അപ്പന്‍ സമ്മതിച്ചു, ബട്ട് സബ്ജെക്ട് ടു വണ്‍ കണ്ടീഷന്‍, ഹാല്‍ഫ് ഇയര്‍ലി എക്സാമിനു എല്ലാ വിശയത്തിലും 75 നു മുകളില്‍ മാര്‍ക്കു മേടിക്കണം.. ദേ കിടക്കുണു, ദിം തരികിട താ...

ലോക സൈക്കിള്‍ ടൂറിനു വിട്ടോ, ഞാന്‍ കപ്പു കൊണ്ടുവരും, സാറ്റ് കളിക്കോ ചട്ടിപ്പന്തു കളിക്കോ വിട്ടോ, ഇനി അതുമല്ലേല്‍ കബടിക്കോ, പൂജ്യം വെട്ടിക്കളിക്കോ വിട്ടോ, എല്ലാ ലോക കീരിടവും ഞങ്ങടെ വീട്ടിലെ ഷോക്കേസിലിരിക്കും... ബട്ട് ദിസ് ഈസ് ടൂ മച്ച് അപ്പാ, ടൂ മച്ച്.... ഈ പറഞ മാര്‍ക്കു മാത്രം ഞാന്‍ വാങൂല്ലാന്നു മാത്രല്ല അതിനടുത്തൂടെ പോലും പോവൂല്ലാന്ന എനിക്കും അതിനേക്കാള്‍ കൂടുതല്‍ എന്റെപ്പനും നന്നായിട്ടറിയാം.. അപ്പനാരാ മോന്‍!!!
ഒരു ഭാഗത്ത് സ്വന്തമായി ഒരു ഹെര്‍ക്കുലിസ് സൈക്കിളെന്ന എന്റെ സ്വപ്നവും മറുഭാഗത്ത് അപ്പന്റെ 75 മാര്‍ക്കും കൂടെ ഹാല്‍ഫ് ഇയര്‍ലി എക്സാമും.. ഐശ്വര്യാ റായിയേയും ബിന്‍ലാദനേം ഒരുമിച്ചു കണ്ട അവസ്ഥ...
പടിച്ചിട്ടു ഞാന്‍ എന്തായലും സൈക്കിള്‍ പോയിട്ടു സൈക്കിള്‍മാര്‍ക്ക് അഗര്‍ബത്തിപോലും മേടിക്കില്ല.. വാട്ട് ട്ടു ഡു??? ഒരൊറ്റ വഴിയേ ഉള്ളൂ.. ജന്മനാ സിദ്ദിച്ച കോപ്പിയടി വൈദഗ്ദ്യം...

അങ്ങനെ ആദ്യത്തെ പരൂക്ഷ വന്നു, സോഷ്യല്‍ സറ്റഡീസ്.. എന്നെകൊണ്ടു കഴിയും വിധം കുറച്ചൊക്കെ പടിച്ച്, തലേന്നു തന്നെ തയ്യാറാക്കിയിരുന്ന കോപ്പിയടിക്കാനുള്ള കടലാസു തുണ്ടുകളെല്ലാം കുറച്ചു അരയിലും, ഷൂസിനിടയിലും ബെഞ്ചിന്റെ മൂലയിലും എല്ലാം ഭദ്രമായി വെച്ചു.
എസ്സേക്കു വരാന്‍ സാധ്യതയുള്ള “ഒന്നാലോക മഹായുദ്ദത്തിന്റെ പ്രധാന കാരണങ്ങള്‍“ ഷൂസിനടിയിലും, “ഫ്രഞ്ചു വ്പ്ലവത്തിന്റെ കാരണങ്ങള്‍“ അരയിലും ‘റഷ്യന്‍ വിപ്ലവവും” “ബോസ്റ്റണ്‍ ടീപാര്‍ട്ടിയുമെല്ലാം“ ബെഞ്ചിന്റെ വിവിധ മൂലകളിലായും സ്ഥലം പിടിച്ചു.

പരീക്ഷ തുടങി, ശാന്ത ടീച്ചറായിരിന്നു എക്സാമിനര്‍.. ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പം തന്നെ പകുതി ടെന്‍ഷന്‍ തീര്‍ന്നു. കുറേ ഉത്തരം അറിയാം , ബാക്കി ഉത്തരങ്ങള്‍ അരയിലും ബന്‍ചിലുമൊക്കെ ഉണ്ട് താനും, പോരാത്തതിനു എസ്സേ “ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണങ്ങളും’... ഇന്നു ഞാനൊരു കലക്കു കലക്കുമെന്റെ കലക്കി കുട്ടാന്നു മനസ്സില്‍ പറഞു സിതാരയെ ഒന്നു ഒളികണ്ണിട്ടു നോക്കി എക്സാം എഴുതാന്‍ തുടങി.

അങനെ ഒരു വിധം എല്ലാം എഴുതി. ഇനി എഴുതാന്‍ ഞമ്മടെ “ഫ്രഞ്ച്” എസ്സേ മാത്രേ ഉള്ളൂ. . കോപ്പിയടിക്കാന്‍ വെച്ചിരുന്ന കടലാസിനായ് മെല്ലെ കൈ ഇട്ടു അരയില്‍ തപ്പിയ ഞാന്‍ ശരിക്കും ഞെട്ടി. ഈശ്വരാ അരയില്‍ വെച്ചിരിന്ന “ഫ്രഞ്ച് വിപ്ലവം“ കാണുന്നില്ല.. ടീചര്‍ കാണാതെ ഷര്‍ട്ട് പൊക്കി ഒന്നുടെ തപ്പി.. അയ്യോ.. ഫ്രഞ്ച് വിപ്ലവം അരയിലുരുന്ന് ബോറടിച്ചു പാന്റ്സിനിടയിലൂടെ താഴെക്കിറങിയിരിക്കുന്നെന്നു തോന്നുന്നു. ഞാന്‍ ഒന്നു ഇളകിയിരുന്ന് അരയിലൂടെ കയ്യിട്ടതും തൊട്ടപ്പുറത്തിരിന്നു പരൂക്ഷ എഴുതുന്ന സിതാര എന്നെ തുറിച്ചു നോക്കുന്നു. ഈശ്വരാ എല്ലാം പോയി. ഇവളിതെന്തു നോട്ടാ നോക്കുന്നേ.. “പെണ്ണേ നീ നിന്റെ പണി നോക്ക്, ഞാനാ ഫ്രഞ്ചു വ്പ്ലവം ഒന്നു തപ്പട്ടേ” എന്നുപറയണമെന്നുണ്ട്.. ബട്ട് ലവള്‍ വിടുന്നില്ല.. അവളുടേ നോട്ടം അരയിലെ എന്റെ കയ്യിലാ...
“അയ്യേ, ഈ പെണ്ണിനിതെന്തു കേടാ.. ട്രീ ഞാന്‍ അത്തരക്കാരനല്ല..അയ്യേ..അല്ലേ അല്ല..നീ വെറുതെ തെറ്റിദ്ദരിക്കല്ലെ’ എന്നു മെല്ലെ ഞാന്‍ പിറു പിറുത്ത് വീണ്ടും അരയില്‍ തപ്പി. ഈശ്വരാ പാന്റിനടിയില്‍ എല്ലാമുണ്ട്, എന്റെ സ്ഥാപക ജന്‍‌ഗമ വസ്തുക്കളെല്ലാം.. ബട്ട് ദേര്‍ ഇസ് നോ ഫ്രഞ്ച് വിപ്ലവം..
ഇന്റെ ഈ പരവശം കണ്ട്, ഈശ്വരാ ഇത്രേം കുട്ടികളുടെ ഇടയിലിരുന്നു ഈ എക്സാമിന്റെ സമയത്തു ഇവനിത്രേം വൃത്തികേടു കാണിക്കുന്നോ എന്ന ഭാവത്തോടെ സിതാര വീണ്ടും എന്നെതന്നേ നോക്കിയിരുപ്പാ.. “പെണ്ണേ, ഇതു നീ വിചാരിക്കുന്ന പോലല്ലാ, ഞാന്‍ എന്റെ പാന്റിനടിയിലെ ഫ്രഞ്ചു വിപ്ലവം തപ്പുവാ,ഇന്നിവിടെ ഫ്രഞ്ചു വിപ്ലവം നടന്നില്ലേ, റിസള്‍ട്ട് വന്നാ എന്റെ വീട്ടീ ഒന്നും രണ്ടും കഴിഞു മൂന്നാം ലോക മഹായുദ്ദം നടക്കും ” എന്നു വീണ്ടും മനസ്സില്‍ പറഞു ഞാന്‍ ഒന്നു കൂടെ കുനിഞിരിന്നു തപ്പാന്‍ തുടങി.
“സിതാരാ, എന്താ, എവിടയാ നോക്കിയിരിക്കുന്നേ??? എഴുതി തീര്‍ന്നോ???”ഞ്ഞങ്ങള്‍ രണ്ട്പേരേയും നെട്ടിച്ചു കൊണ്ട് ശാന്ത ടീച്ചര്‍ ചോദിച്ചു..
“ഇല്ല, ടീച്ചര്‍, ദോണ്ടെ ഇവിടെ പോക്കിരി കോപ്പിയടിക്കുന്നു!!!”
ഹാവൂ, സധാമാനായി... പുവര്‍ ഗേള്‍... ഞാന്‍ തെറ്റിദ്ദരിച്ചു.
“പോക്കിരി, നിന്നെ ഞാന്‍ കുറേ നേരായി ശ്രദ്ദിക്കുന്നു, നീ എന്തെടുക്കുവാ അവിടേ” ശാന്ത ടീച്ചര്‍...
“ അതു, ടീച്ചറേ ഞാനിവിടെ കുറച്ചു മുത്തും പവിഴവും വാരുവാ, എന്താ വരുന്നോ, ഒരു മിച്ചു വാരാം” എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാന്‍ തല താഴ്ത്തി മെല്ലെ പറഞു.. “ടീച്ചറേ എന്റെ പെന്‍സിലു താഴെപോയതാ”
“ഉം ഉം ടാ അധികം വിളച്ചിലെടുക്കാതെ അറിയുന്നതെഴുതി പോവാന്‍ നോക്ക്”...
“ ന്നാലും എന്റെ ടീച്ചറേ, ആ ഫ്രഞ്ചു വിപ്ലവം ഒന്നു തപ്പട്ടേ’ ന്നു പറയണമെന്നുണ്ടായിരിന്നു.. ബട്ട് വേണ്ടാ, കാരണം ഇനിയും കളിച്ചാ ടീച്ചറിടിച്ചെന്റെ കുത്തുബ് മിനാറിളക്കും..
“ന്നാലും സിതാരേ ക്രൂരേ, നീ എന്റെ വീടിന്റെ മുന്നിലൂടെയല്ലേ പള്ളീ പോവാ, എന്റെയുള്ളിലുറങിക്കിടക്കുന്ന ടി ജി രവിയെയാ നീ നോവിച്ചു വിട്ടേക്കണേ..“ ന്നു മനസ്സില്‍ കരുതി ഒന്നും മിണ്ടാതെ അറിയുന്നതെഴുതി പോവാന്നു കരുതി വെറുതെ ഒന്നു ബാക്കിലേക്ക തിരിഞു നോക്കിയ ഞാന്‍ കണ്ട കാഴ്ച്ച “ എന്റെ ഫ്രഞ്ചു വിപ്ലവം പേപ്പറിനടിയില്‍ വെച്ചു സുഖമായി പരൂക്ഷ എഴുതുന്ന എന്റെ ഫ്രണ്ട് മണ്ടരി മനീഷിനെയായിരിന്നു....
ന്നാല്ലൂന്റെ മനീഷേ...!!!!