Monday, August 23, 2010

വെല്‍ക്കം ടു ഊട്ടിഹോളിഡേസുകളില്‍ മണല്‍ വാരി വാരി ഉണ്ടാക്കിയ കാശുപയോഗിച്ച് ജീവിതത്തില്‍ ആദ്യമായി ടൂറു പോയി എന്ന ഒറ്റകാരണം കൊണ്ട് വിദ്യാ കോളേജിലെ പ്രി ഡിഗ്രി പടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഫുള്‍ ടൈം മണല്‍ വാരല്‍ ജീവനക്കാരനായി മാറേണ്ടി വന്ന ഞങ്ങടെ ക്ലാസ് മേറ്റ് സുരേഷിന്റെ കഥയാണിത്.


ആറടി നീളം, പാതി തിന്ന പഞ്ഞിമിട്ടായി പോലെ എണീറ്റു നില്‍ക്കുന്ന തലമുടി, ഉമിക്കരി പറ്റിപ്പിടിച്ച പോലത്തെ നനുത്ത മീശ, ഗ്യാരണ്ടി കളര്‍, അന്തര്‍മുഖന്‍, അന്തവും കമ്മി , ഇതൊക്കെയായിരിന്നു സുരേഷിന്റെ ശരീരത്തിന്റെ ഒരേകദേഷ ബയോളജി. പുതിയ റിലീസ് സിനിമകള്‍ , ക്രിക്കറ്റ് കളി (ടെസ്റ്റുള്‍പ്പെടെ) , WWF റെസ്റ്റ്ലിങ്ങ്, ഹിന്ദിപാട്ടുകള്‍ എന്നിവയായിരിന്നു ടിയാന്റെ ഏരിയാ ഓഫ് ഇന്ററസ്റ്റ്.

സുരേഷ് ഏഴാം ക്ലാസില്‍ പടിക്കുമ്പം വല്യാപ്പന്‍ കാലൊടിഞു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കടന്നപ്പം വിസിറ്റ് ചെയ്യാന്‍ പോയ വഴി തൃശൂര്‍ മൃഗശാല ഒന്നു കണ്ടൊതൊഴിച്ചാല്‍ അന്നേവരെ സുരേഷ് ഒരു ടൂറു പോലും പോയിട്ടില്ലായിരിന്നു. ഊട്ടി-മൈസൂരിലേക്കൊരു ടൂറുണ്ട് താല്‍പ്പര്യമുള്ളവര്‍ പേരു തരുവാ, എന്നു വിജയന്‍ മാഷ് പറയുമ്പോള്‍ വണ്‍‌ഡേയില്‍ ഇന്ത്യ സിംബാബ്‌വെയോടു വീണ്ടും തോറ്റു എന്ന വാര്‍ത്ത കേള്‍ക്കുന്ന ലാഘവത്തോടെയായിരിന്നു സുരേഷ് അതിനെ കണ്ടത്. കാരണം നോ മണി, സൊ നോ ഹണി, എന്ന പക്ഷക്കാരനായിരിന്നു സുരേഷ്.


ഒടുവില്‍ അറ്റകയ്യിനു, ഞങ്ങടെ കല്യാണി ടീച്ചറുടെ ഒരേയൊരു മോള്‍, ഡിഗ്രിക്കു പടിക്കുന്ന ഗ്രീഷ്മ അടക്കം 7 ചുള്ളത്തികളും ടൂറിനു വരുന്നുണ്ടെന്നും ഊട്ടി ബീച്ചില്‍ സ്വിം സ്യൂട്ടില്‍ എല്ലാവരും കൂടെ നീന്തല്‍ മത്സരമുണ്ടെന്നുമുള്ള അജീഷിന്റെ 916 ക്യാരറ്റ് നുണയില്‍ കമഴന്നടിച്ചു വീണു ടൂറിനു പേരു നല്‍കുകയായിരിന്നു പാവം സുരേഷ്. സില്ലി ബോയ്...!!!

പിറ്റേന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം ലീവെടെത്തു മണല്‍ വാരി ഉണ്ടാക്കിയ കാശ്, ടൂറിനു വിട്ടില്ലേല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു സുരേഷിന്റമ്മ സരസു ഏട്ടത്തിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് , വിജയന്‍ സാറിന്റെ മുന്നിലേക്കു പുല്ലുപോലെ എറിഞു കൊടുത്തിട്ടേ പിന്നെ സുരേഷ് ക്ലാസില്‍ വന്നുള്ളൂ.

ജീവിതത്തിലാദ്യമായി സുരേഷ് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്കാക്കി ഇന്‍സൈഡ് ചെയ്തതും ഈ ടൂറിനു വേണ്ടിയായിരിന്നു.


അങ്ങിനെ മഞ്ഞു പെയ്യുന്ന ജാനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, ഞങ്ങള്‍ 12 ചുള്ളന്മാരും 6 ചുള്ളത്തികളും വിജയന്‍ മാഷും കല്യാണി ടീച്ചറുമടക്കം 20 അം‌ഗ സഘം, നീലക്കുറിഞ്ഞികള്‍ പൂക്കാറുള്ള നീലഗിരിയുടെ താഴ്വാരത്തിലെ പൂന്തോട്ട നഗരം ഊട്ടിയില്‍ എത്തിച്ചേര്‍ന്നു. സൌഹൃദ ബന്ദങ്ങള്‍‍ക്കു പുതിയ മാനങ്ങള്‍ കൈവരുന്ന കലാലയ ജീവിതത്തിലെ ഈ വിനോദയാത്രയിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ മതി മറന്ന് കളിയും ചിരിയും തമാശകളുമായി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും ബോട്ട് ഹൌസിലും ഫ്ലവര്‍ ഗാര്‍ഡനിലുമെല്ലാം അടിച്ചു പൊളിച്ച് ജീവിതത്തിലെ മറക്കാനാവാത്തൊരു ദിവസം സമ്മാനിക്കുകയായിരിന്നു ഊട്ടി ഞങ്ങള്‍ക്ക്..( ഹോ മുടിഞ നെസ്റ്റാള്‍ജിയ... സെന്റി മ്യൂസിക് ബാക് ഗ്രൌണ്ടില്‍....♪ ലാ ലാലലാ ♪ )... ശോ ഒരു നിമിശം ഞാന്‍ മാറ്ററീന്നു മാറിപ്പോയി..


രാവിലെ മുതല്‍ വൈകുന്നേരം വരെ അങ്ങാടി പശുക്കളെ പോലെ അലഞ്ഞു തിരിഞു നടന്നു രാത്രിയായപ്പോള്‍, ഊട്ടിയിലെ ഒരു ചെറിയ ഹോട്ടലില്‍ ഒരു ഹാളും ഒരു റൂമുമടങുന്ന വലിയ ഒരു ഡോര്‍മെറ്ററി വിജയന്‍ മാഷ് സംഘടിപ്പിച്ചു. ഞങ്ങള്‍ ആണ്‍കുട്ടികളും വിജയന്‍ മാഷും ഹാളിലും കല്യാണി ടീച്ചറും പെണ്‍ കുട്ടികളും റൂമിലും കിടന്നു. ഞങ്ങള്‍ കിടക്കുന്ന ഹാളിന്റെ വലതു ഭാഗത്തായിരിന്നു ബാത് റൂം. ഇടതു ഭാഗത്ത് ലേഡീസിന്റെ റൂമും.


പകലുമുഴുവന്‍ അലഞു തിരിഞു നടന്നതിന്റെ ക്ഷീണവും ഊട്ടിയിലെ കൊടും തണുപ്പും കാരണം തലയിലൂടെ പുതപ്പെല്ലാം വാരിപ്പുതച്ച് “ഉത്തരാധുനികത്തിലേക്ക്” കയ്യും തിരുകി, കൂര്‍ക്കവും വലിച്ചു , ഗ്രീഷ്മേടെ കയ്യു പിടിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ കുതിരപ്പുറത്ത് സവാരി നടത്തുന്നത് സ്വപ്നവും കണ്ട് ഉറങ്ങുന്ന എന്നെ പെട്ടെന്നാണു ആരോ തട്ടിയുണര്‍ത്തിയത്. കണ്ണു പാതി തുറന്നു നോക്കുമ്പം ബാറ്റണ്‍ കയ്യില്‍ പിടിച്ച് 400 മീറ്റര്‍ റിലേക്ക് വിസിലു കാത്തുനില്‍ക്കുന്നതു പോലെ അക്ഷമനായി നില്‍ക്കുന്ന സുരേഷ്.

‘എന്ത്രാ, മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല്ലടൈ?’

‘അളിയാ, എനിക്കൊന്നു മുള്ളണം, വെരി അര്‍ജെന്റാ‍ാ!!!’

‘ആഹാ... നിനക്കു മുള്ളാനെന്തിട്രാ ഞാന്‍??? നിന്റെ മഷീന്‍ ഗണ്‍ എന്റട്ത്താ??’

‘അതല്ലളിയാ, ഈ ബാത് റൂമെവിടാ.. ഒന്നും കാണണില്ലാ, ലൈറ്റിടാന്‍ പറ്റുവോ??’

‘ലൈറ്റിട്ടാ കൊല്ലും നിന്നെ ഞാന്‍ , നിന്റെ വലതു ഭാഗത്താ ബാത് റൂം, അതിനുള്ളീ പോയീ ലൈറ്റിട്ടാ മതി, നീ പോയേച്ച് വാ !! ഞാനിവിടെ കിടന്നോണ്ട് നോക്കിയേക്കാം..!!!’ തലയിലൂടെ പുതപ്പൊന്നു കൂടെ വലിച്ചിട്ടു ഞാന്‍ പറഞു.

ഹും വെട്ട് തടുത്താലും മുട്ട് തടുക്കാന്‍ പറ്റില്ലല്ലോ..!! ഇങ്ങ് തലക്കല്‍ ചന്തുവിന്റവിടം വരെ എത്തിയ മുട്ടുകാരണം സകല കണ്ട്രോളും പോയ സുരേഷ് ഇരുട്ടില്‍ വലതും ഇടതുമറിയാതെ തപ്പി തടഞു ശബ്ദമുണ്ടാക്കാതെ ബാത് റൂമാണെന്ന് കരുതി നേരെ പോയത് , ഗേള്‍സ് കിടക്കുന്ന റൂമിലേക്കായിരിന്നു.


റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ലൈറ്റിനായ് ചുമരില്‍ തപ്പി. ശോ ലൈറ്റ് കാണുന്നില്ല. ഇനിയും പിടിച്ചു നില്ക്കാന്‍ തനിക്കു കഴിയില്ലാന്നു മനസ്സിലാക്കിയ സുരേഷ് ഒരു ബല പരീക്ഷണത്തിനു നില്‍ക്കാതെ ‘ എന്തായാലും ബാത് റൂമിലല്ലേ’ ന്നു വിചാരിച്ച് പാന്റിന്റെ സിബ്ബഴിച്ച് , മുള്ളലിന്റെ ആദ്യാക്ഷരങ്ങള്‍ പറഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് ഹിന്ദുസ്ഥാനി രാഗത്തില്‍ തന്നെ ഒരലക്കങ്ങലക്കി.. ഹാവൂ ടാര്‍ജറ്റ് അച്ചീവ്ട്..


ഊട്ടിയിലെ കൊടും തണുപ്പ് സഹിക്കാന്‍ വയ്യാത്തോണ്ട് ഉടുത്തിരുന്ന സാരിയും പുതച്ച് ഗ്രീഷ്മയേം കെട്ടിപ്പിടിച്ചുറങുകയായിരിന്നു കല്യാണി ടിച്ചര്‍. കള കളമൊഴുകുന്ന ഏതോ കൊച്ചരുവിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പം കഴിഞാഴച്ച പോയ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്വപനം കണ്ടെതാണെന്നു കരുതി ടീച്ചര്‍ ഒന്നു മലര്‍ന്നു കടന്നു. ആതിരപ്പള്ളിയുടെ മനോഹാരിതയും സ്വപനം കണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ആസ്വദിച്ച് കിടന്നിരുന്ന ടീച്ചര്‍ ഒറ്റചാട്ടത്തിനു ഞെട്ടിയെണീറ്റത് വീഗാര്‍ഡ് പമ്പിനേക്കാള്‍ ശക്തിയില്‍ വരുന്ന ഈ വെള്ളച്ചാട്ടം കുറച്ച് ടീച്ചറുടെ മുഖത്തേക്ക് തന്നെ പമ്പു ചെയ്തപ്പൊഴായിരിന്നു. ഞെട്ടിയുണര്‍ന്ന് സ്ഥലകാല ബോധമുണ്ടായ ടീച്ചര്‍ ഉപ്പുരസമുള്ള ഈ വെള്ളച്ചാട്ടം എവിടുന്നാന്നൊരു പിടിയും കിട്ടാതെ മഴപെയ്തു മുകളീന്നു ചോര്‍ന്നൊലിക്കുവാണോ, അതോ തന്റെ മോള്‍ ഗ്രീഷ്മ തന്നെ ഉറക്കത്തില്‍ അറിയാതെ പണി പറ്റിച്ചതാണോ എന്നറിയാതെ കുഴങ്ങി. വെള്ളച്ചാട്ടത്തിനു കുറവില്ലെന്നു കണ്ട ടീച്ചര്‍ ഗ്രീഷ്മയെ വിളിച്ചുണര്‍ത്തി മെല്ലെ ചോദിച്ചു “ മോളെ നീ എങ്ങാനും അറിയാതെ ബെഡ്ഡില്‍ മുള്ളിയോ? ” ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി ബെഡ്ഡില്‍ മുള്ളണോന്നു ചോദിക്കുന്ന ടീച്ചറെ കാര്യമാക്കതെ ഗ്രീഷ്മ തിരിഞു കിടന്നു പറഞു “ ഈ അമ്മക്കെന്താ വട്ടായാ, അമ്മ ആ ലൈറ്റിട്ടൊന്നു നോക്കിയേ ..!!!”


ഒന്നുമറിയാതെ സുഖമായുറങ്ങുന്ന മോളല്ല കാര്യം നടത്തിയേന്നു മനസ്സിലാക്കിയ കല്യാണി ടീച്ചര്‍ മെല്ലെ തപ്പിത്തടഞ് എണീറ്റ് ലൈറ്റിട്ടതും “എന്റമ്മേ“ എന്നലറി ബോധം കെട്ടു വീണതും ഒരുമിച്ചായിരിന്നു. ടീച്ചര്‍ടെ ഈ അലര്‍ച്ച കേട്ടു ഞെട്ടി എണീറ്റു നോക്കിയ പെണ്‍കുട്ടികള്‍ കണ്ട കാഴ്ച്ച ശരീരം മുഴുവന്‍ പുതപ്പെല്ലാം പുതച്ച് മുണ്ടും പൊക്കി എന്തോ ഒരു “സാധനം“ കയ്യില്‍ പിടിച്ചു സംഭവിച്ചെതെന്താന്നു ഒരു പിടിയും കിട്ടാതെ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന സുരേഷിനേയായിരിന്നു...
---------------------------------------------------------------------------------------
നേരം വെളുത്ത് നോക്കുമ്പം ബെഡ്ഡില്‍ സുരേഷില്ല. പകരം ഒരു കുറിപ്പ് മാത്രം “ നിങ വിട്ടോ, ഞാ വന്നോളാം”


-------------------------------------------------------------------------------------

ഡിസ്ക്ലൈമര്‍ : ഈ കഥയിലെ നായകനും കഥാകാരനും തമ്മില്‍ ഒരു ബന്ദവും ഇല്ല.. ഇനി വല്ല ബന്ദവോ അസബന്ദവോ ആര്‍കെങ്കിലും തോന്നിയാല്‍ അവരോടൊരു വാക്ക് “ ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല ..”


ചിത്രം: ഗൂഗിള്‍

Monday, August 2, 2010

ആ കുത്ത് മാറിക്കൊണ്ടു...ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ ഫ്രണ്ട് മണ്ടരി മനീഷിന്റെ പോയന്റ് ഓഫ് വ്യൂ. ഹല്ലേലും 50 ഓവര്‍ ബാറ്റ് ചെയ്തിട്ടു ഒരു ബൌണ്ടറി പോലുമടിച്ചില്ലേല്‍ പിന്നെ ക്രിക്കറ്റ് കളിക്കാതിരിരിക്കുന്നതാ നല്ലതെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു കാരണം സെക്കന്റ് ബീകോമായിട്ടും ഇന്നേവരെ പ്രേമവും ഞാനും തമ്മില്‍ നയന്‍ താരയും തലയിലെ താരനും തമ്മിലുള്ള ബന്ദം പോലുമുണ്ടായിരുന്നില്ല.

ലൂസായി അടിച്ചാല്‍ കൊറേകാലം ഉപയോഗിക്കാമെന്നു പറഞ്ഞു ചുരിദാറുപോലെ നീളമുള്ള ഷര്‍ട്ടും, അധികം നീളം കൂടിയാല്‍ നിലത്തിട്ടടിച്ച് വേഗം കീറുമെന്നു പറഞു കാല്‍ മുട്ടിനു താഴെ വരെ മാത്രം നീളമുള്ള പാന്റും, ഉപയോഗിച്ചു കഴിഞ്ഞ ടൂത്ത് പേസ്റ്റ് കണക്കേ മാത്രം ലുക്കും ആഗസ്റ്റ് പതിനഞ്ചിനു കൊടിനാട്ടുന്ന തൂണു കണക്കേ ഉയരവുമുള്ള എന്നെ കണ്ടമാത്രയില്‍ പെണ്‍കുട്ട്യോള്‍ വന്നു കെട്ടിപ്പിടിച്ചു കിസ്സു ചെയ്യാന്‍ ഞാന്‍ ഷാഹിദ് കപൂറൊന്നുമല്ലല്ലോ. ഇനി ഷാഹിദ് കപൂറ് പാണ്ടിവണ്ടികേറി, മലമ്പനി പിടിച്ചു, കത്തിക്കരിഞ വിറകുകൊള്ളിയായാല്‍ പോലും ഞാനവന്റെ ലുക്കുമാവൂല്ലാന്നു എനിക്കുമറിയാം. ബട്ട് ഒരു ലുക്കില്ലെന്നു കരുതി കാമ്പസ് ലൈഫില്‍ പ്രണയിക്കാതിരുന്നാല്‍, കാത്തു കാത്തു നിന്നു ബസ്സു വന്നപ്പം കേറാന്‍ മറന്ന അവസ്ഥയാവുമെന്നാ മനീഷിന്റെ ഒപീനിയന്‍.

അങ്ങനെ പ്രണയകാര്യത്തില്‍ തികച്ചും കന്യകനായിരുന്ന എന്റെ എല്ലാ കന്യകത്വവും തകര്‍ന്നതു ഫസ്റ്റ് ബി കോമിലെ ലതിക പി മേനോനെ കണ്ടതോടെയായിരിന്നു. ഫ്രഷേര്‍സ് ഡേക്കു “വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...“ എന്ന പാട്ടു പാടി ലതിക വന്നതു ഫസ്റ്റ് ബീകോമിലേക്കായിരുന്നില്ല, എന്റെ മനസ്സിന്റെ ഫസ്റ്റ്ക്ലാസിലേക്കായിരിന്നു. കണ്ണഞ്ചിപ്പിക്കുന്ന 100 വാള്‍ട്ട്‌ ഫ്ലൂറസന്റ്‌ ബള്‍ബിന്റെ നിറം,പിന്നില്‍ നിന്നു നോക്കിയാല്‍ ജയഭാരതിയേയും, മുന്നില്‍ നിന്നു നോക്കിയാല്‍ സാനിയ മിര്‍സയേയും അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി,ആകെ മൊത്തം ഐശ്വര്യാ റായിക്ക് ഹൃതിക് റോഷനില്‍ ഉണ്ടായപോലെത്തെ ഒരു ചുള്ളത്തിയായിരിന്നു ലതിക.

പരിചയപ്പെട്ടു മൂന്നാം നാളുതന്നെ ലതിക എന്റേം മനീഷിന്റേം ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്ത് ഞങ്ങളെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ്ഡി. രാവിലേം ഉച്ചക്കും വൈകീട്ടും എന്നു വേണ്ടാ സമയം കിട്ടിയപ്പോഴെല്ലാം ഞാന്‍ ലതികക്കു സ്ക്രാപ്പയച്ചും മെസ്സേജസ് ഫോര്‍വേഡ് ചെയ്തും അവളുടെ ഫ്രന്റ്സിന്റടുത്ത് അവളെ കുറിച്ച് രസകരമായ ടെസ്റ്റിമോണിയത്സ് പറഞും അവളുടെ മനസ്സില്‍ കേറിപ്പറ്റാന്‍ ശ്രമം തുടങി.

ഊണിലും ഉറക്കത്തിലും എന്റെ മനസ്സില്‍ ലതിക, ലതികയെ കുറിച്ചു മാത്രമായി ചിന്തകള്‍. ഉമ്മ തലയിലൂടെ വെള്ളമൊഴിച്ച് വിളിച്ചുണര്‍ത്താന്‍ വൈകുന്ന എന്റെ പുലര്‍കാല വേളകളില്‍ ഞാനും ലതികയും മൌറീഷ്യസിലെ നീല തടാകത്തില്‍ സ്പീട് ബോട്ടില്‍ ഉല്ലാസ സവാരി നടത്തി, പിന്നേം വൈകിയാല്‍, മഞ്ഞണിഞ ആല്‍‌പ്സ് പര്‍വത നിരകളില്‍ രണ്ടുകയ്യിലും മഞുവാരി പരസ്പരം എറിഞ്ഞു തണുപ്പാസ്വദിക്കാന്‍ വരെ പോയി ഞങ്ങള്‍. മണല്‍ വാരി വാരിയുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മനീഷു വാങിച്ച അവന്റെ സോണി വാക്മാനില്‍ രാത്രിമുഴുവന്‍ ഞാന്‍ “വരമഞളാടിയ രാവിന്റെ മാറില്‍ ” കേട്ടു കേട്ടു ഒടുവില്‍ കാസറ്റിന്റെ ഓല ചുറ്റി പണ്ടാരടങ്ങുന്നതു വരെ ആസ്വദിച്ചു ഒടുവില്‍ എപ്പൊഴൊക്കെയോ ഉറങി. ലതികയെ കാണാന്‍ പറ്റാത്തതു കാരണം ഹോളിഡേസുകള്‍ എനിക്കു അടൂറിന്റെ സിനിമ പോലെ ഇഴഞ്ഞിഴഞും ക്ലാസുള്ള ദിവങ്ങള്‍ സിദ്ദീക് ലാല്‍ സിനിമ പോലെ ആസ്വദിച്ചു പെട്ടെന്നും കടന്നു പോയി.ടിവിയിലും സിനിമയിലും ആരെ കണ്ടാലും അവര്‍ക്കെല്ലാം ലതികയുടെ മുഖം മാത്രം, എന്തിനധികം ഏഷ്യാനെറ്റില്‍ സ്ഥിരമായി വാര്‍ത്ത വായിക്കുന്ന മായക്കും മണിചിത്ര താഴിലെ ശോഭനക്കും വരെ ലതികയുടെ മുഖമായെനിക്ക് തോന്നി.

ലതികക്കു വേണ്ടി എന്റെ ഔട്ട് ലുക്കും ഫേസ് ബുക്കും എന്തിനു എന്റെ പ്രൊഫൈല്‍ വരെ ഞാന്‍ അപ്ഡേറ്റ് ചെയ്തു . മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ നിന്ന് എന്റെ അനിയത്തീടെ കുട്ടിക്കൂറ പൌഡറും ഫേരാന്‍ ലൌലിയും അവള്‍ കാണാതെ അര ഇഞ്ചു കനത്തില്‍ തേച്ചു പിടിപ്പിച്ചു. മെക്കപ്പ് കഴിഞാ ടൈല്‍‌സ് ഇട്ട തറയില്‍ ചാണകമെഴുകിയ ഒരു ലുക്കാണെങ്കിലും അതെന്റെ ആത്മവിശ്വാസം എവറസ്റ്റിനോളം ഉയര്‍ത്തിയിരിന്നു.

വൈകീട്ടു ക്ലാസ് കഴിഞു ഞാനും മനീഷും ലതികയും കൂട്ടുകാരി സുമതിയും ബസ്സു കേറി പോവുന്നതു വരെ ബസ്സ് സ്റ്റോപ്പില്‍ അവര്‍ക്കു കാവല്‍ നിന്നു. ആ സമയങ്ങളിലെല്ലാം ഞാന്‍ ലതികയുടെ കണ്ണില്‍ നോക്കി കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞു, കാലു കൊണ്ടവള്‍ ചിത്രം വരച്ചു എന്തിനധികം ഫുട്ബോളും ക്രിക്കറ്റും വരെ കളിച്ചു. ബട്ട് എന്റെ ഉദാത്ത പ്രണയം തുറന്നു പറയാന്‍ മാത്രം എന്റെ ഹാര്‍ട്ട് ഡിസ്കിനു കപ്പാസിറ്റി ഉണ്ടായുരുന്നില്ല.

ഒടുവില്‍ എന്റെ ഈ അവസ്ഥ കണ്ടു മണ്ണു ചാരിനിന്നവന്‍ പെണ്ണുകാരണം മണ്ണായിപോവുമെന്നു തോന്നി എന്റെ പ്രണയം തുറന്നു പറയാന്‍ മനീഷു തന്നെ എനിക്കു പ്രോത്സാഹനം തന്നു കൊണ്ടിരിന്നു. പക്ഷെ ലതികയെ നെരിട്ടു കണ്ടാല്‍ “ ഐ ലവ് യു ലതികേ” എന്നു പോയിട്ടു, “നിനക്കു അയല ഇഷ്ട്ടമാണോ ലതികേ“ എന്നു ചോദിക്കാന്‍ പോലുമുള്ള ധൈര്യം എനിക്കില്ലായിരിന്നു. മാത്രല്ല ഞങ്ങടെ ക്യാമ്പസിലെ ഏറ്റവും വലിയ തരികിട സുമതി സദാസമയവും ലവളുടെ കൂടെ ഉണ്ടാവേം ചെയ്യും. സുമതിയെ കുറിച്ച് പറയുകയാണേല്‍ ആറടി നീളത്തില്‍ യൂക്കാലിപ്‌സ്‌ മരം പോലെ നീണ്ട ഒരു ഫിഗര്‍,തടിച്ചു കറുത്ത ഗ്യാരന്റി കളര്‍, കുളിക്കാറില്ലെങ്കിലും എന്നും മുടിഞ മേക്കപ്പ് കാരണം കറുത്ത ഹല്‍‌വേല്‍ പൂപ്പല്‍ പിടിച്ച കളര്‍, ഏഷണി , കുശുമ്പ്, അസൂയ എന്നീ സല്‍ഗുണ സമ്പന്ന. ഒറ്റനോട്ടത്തില്‍ കോര്‍ട്ട്‌നി വാല്‍ഷിനു , വീനസ്‌ വില്ല്യംസില്‍ ഉണ്ടായ പോലത്തെ ഒരു സാധനം. അവളെങ്ങാന്‍ അറിഞാ പിന്നെ ബിബിസിയില്‍ പോലും കൊടുക്കേണ്ടി വരില്ല എന്റെ കാര്യം. അത്രക്കു നന്നാക്കി അവളാ വാര്‍ത്ത മാര്‍ക്കറ്റിങ്ങ് നടത്തും.

ഒടുവില്‍ അറ്റ് എനി കോസ്റ്റ്, കോമ്മേര്‍സ് ഡേയുടെ അന്നു ഞാന്‍ എന്റെ പ്രണയം തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു. ഉച്ചക്കു ഭക്ഷണം കഴിച്ചു കാന്റീനില്‍ നിന്നു തനിച്ചു മന്ദം മന്ദം നടന്നു വരുന്ന ലതികയെ കണ്ടതും ഞാന്‍ തീരുമാനിച്ചു, ഇതു തന്നെ പറ്റിയ അവസരം. ലതികക്കു ഓപ്പോസിറ്റായി നടന്നു ചെന്നു “ ലതികേ എനിക്കൊരു കാര്യം പറയാനുണ്ട്” എന്നു പറയാന്‍ വാക്ക് നായില്‍, ച്ഛേ, നാക്ക് വായില്‍ നിന്നെടുത്തതും ലതിക ഇങോട്ടു കേറി എന്നോടു പറഞു “ എനിക്കു നിങ്ങളോടു കുറച്ചു സംസാരിക്കാനുണ്ട്, തിരക്കില്ലെങ്കില്‍ ഞമുക്കു കാന്റീനില്‍ പോയിരുന്നു സംസാരിക്കാം”
ഈശ്വരാ.. അഞ്ചു രൂപക്കു ഫ്ലാറ്റാവാന്‍ പോയപ്പം വഴീ നടന്ന പാട്ടു കോമ്പിറ്റീഷനു 5 കോടിയുടെ ഫ്ലാറ്റ് സമ്മാനമായി കിട്ടിയവന്റെ അവസ്ഥ..
കാന്റീനിലെ ആളൊഴിഞ്ഞ മൂലയിലിരുന്ന് വികാര നിര്‍നിമിഷയായി ലതിക 2 നിമിഷം എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു.. എന്നിട്ടു എന്നോടു മെല്ലെ മെല്ലെ പറഞു...
“അതേയ്....
അതേയ്... നിങ്ങളെ..
നിങ്ങളെ ... നിങ്ങളെ എന്റെ ഫ്രണ്ട് സുമതിക്കു ഭയങ്കര ഇഷ്ട്ടാ.. ഈ കത്ത് അവളു തന്നതാ... “.
ഈശ്വരാ... എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. കാന്റീന്‍ മൊത്തം കറങുന്നതു പോലെ തൊന്നിയെനിക്കു.എന്റെ ഉണ്ടായിരുന്ന ബോധവും ഒറ്റടിക്കു പോയി.
ആ സമയത്തു കാന്റീനിലെ റേഡിയോവില്‍ : “ആകാശവാണി, കൊച്ചി കോഴിക്കോട്, തിരുവനന്തപുരം. അടുത്ത പരിപാടി പ്രശസ്ഥ കാഥികന്‍ വി ടി രാജപ്പന്‍ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസം‌ഗം “ ആ കുത്ത് മാറി കൊണ്ടു, അല്ലെങ്കില്‍ മാറികൊണ്ട കുത്ത്...“
---------------------------------------------------------------------------

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍.

Monday, July 26, 2010

ദൈവത്തിനും പേടിയോ?
ഇന്നലെ കൃത്യം പത്തു മണിക്കു ഞാന്‍ മരിച്ചു.ക്ഷമിക്കണം,ആരെയും അറിയിക്കാന്‍ കഴിഞില്ല. എല്ലാം പെട്ടെന്നായിരിന്നു. തിരക്കിനിടയില്‍ അറിയിക്കാന്‍ വിട്ടു പോയതില്‍ ഖേദിക്കുന്നു. അല്ലേലും ഇനിയെനിക്കു മരിക്കാമല്ലോ!! കാരണം ചെയ്തു തീര്‍ക്കാന്‍ അവശേഷിക്കുന്നതൊന്നുമില്ല. അവസാനമായൊരാഗ്രഹമുണ്ടായിരിന്നു ഞങ്ങളുടെ പാര്‍ട്ടിയുടെ സംസഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു, അതും കഴിഞാഴ്ച്ച സാധിച്ചു . പാര്‍ട്ടിക്കു വേണ്ടി രക്ത സാക്ഷിയാവാനെനിക്കു വളരെയധികം ആഗ്രഹമായിരിന്നു, പക്ഷെ അവസരം ഒത്തു വന്നില്ല. എന്തായാലും എല്ലാം കഴിഞ്ഞ സ്ഥിതിക്കു ഇനിയും ഈ അറുബോറന്‍ ലൈഫ് തുടരുന്നതില്‍ അര്‍ത്ഥമില്ലന്നു തോന്നി. അച്ചനും അമ്മയേയും ജേഷ്ട്ടന്‍ നോക്കും, ഭാര്യയുടേയും മകളുടെയും പേരില്‍ ഇന്‍ഷൂറന്‍സുണ്ട്, പിന്നെന്തിനു ഞാനിവിടെ ഇനി. അതുകൊണ്ട് പെട്ടെന്നു പോയി.
ആത്മഹത്യയായിരിന്നു, എങനെ എന്നു ചോദിക്കരുതു, പറഞുതരില്ല, വേദനിക്കാതെ ആരെയുമറിയിക്കാതെ പെട്ടെന്നൊരു മരണം. മരിച്ചതും ഭാര്യയും മകളും വന്ന് കെട്ടിപ്പിടിച്ചു കരഞു. ശബ്ദം കേട്ടു അച്ചനുമമ്മയുമെത്തി. അവരും കരയാന്‍ തുടങ്ങി. പിന്നെ ആകെ ബഹളമയം. ഒരു മണിക്കൂര്‍ കൊണ്ടു വീടു മരണ വീടായി. എന്റെ വീട്ടുകാരും അടുത്ത ബന്ദുക്കാരും കരയുന്നു, നാട്ടുകാരും മറ്റുള്ളവരുമെല്ലാം എന്നെക്കുറിച്ച് പുകഴ്ത്തി പറയുന്നു. ചിലര്‍ പന്തലിടുന്നു, ചെറിയച്ചന്‍ അറിയാത്തവരെ ഫൊണ്‍ വിളിച്ചറിയിക്കുന്നു, എല്ലാരും തിരക്കിലാണു. എത്രയോ സിനിമകളില്‍ കണ്ടു മടുത്ത സ്ഥിരം കാഴ്ച്ചകള്‍. ഇതെല്ലാം കണ്ടു ബോറടിച്ച കാലനെ കാത്തു നില്‍ക്കുന്ന എന്റെ ആത്മാവു മാത്രം ഒന്നും ചെയ്യാനില്ലാതെ അവിടയിവിടെ കറങി നടന്നു.
“ ഈങ്കുലാബ് സിന്ദാബാദ്, ഈങ്കുലാബ് സിന്ദാബാദ്, വാടാ , വാടാ മുട്ടാടാമുട്ടണമെങ്കില്‍ മുട്ടിക്കോതട്ടണമെങ്കില്‍ തട്ടിക്കോചോരക്കു ചോരജീവനു ജീവന്‍”
എന്താ വഴിയില്‍ നിന്നൊരു ശബ്ദം. എന്റെ അത്മാവു അവിടെക്കു നോക്കി. ആഹാ ഞങളുടെ പാര്‍ട്ടിയുടെ പ്രകടനമാണു. ഇങനൊരു പ്രകടനത്തിന്റെ കാര്യമെന്താ ഇപ്പം??? ആരോടാ ചോദിക്കാ?? ഉം ചോദിക്കാന്‍ പറ്റില്ലല്ലോ... ആത്മാവിനു പ്രകടനത്തിലെന്തു കാര്യം???
‘ ചോരക്കു ചോര, ജീവനു ജീവന്‍.. പകരം ഞങ്ങള്‍ ചോദിക്കും”
എല്ലാം കേട്ടപ്പം കാര്യം മനസ്സിലായി. ഞങ്ങടെ പാര്‍ട്ടി സെക്രട്ടറിയുടെ അനുജനെ ഇന്നലെ ഏതോ അഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു.
ഈശ്വരാ... എന്തു നല്ല വ്യക്തിയാണു, പാര്‍ട്ടി സെക്രട്ടറി സതീഷേട്ടന്‍.. എനിക്കു ബാങ്കില്‍ ജോലി മേടിച്ചു തന്നതു സതീഷേട്ടനാണു, എന്റെ ജേഷ്ട്ടനു ലോണ്‍ ശരിയാക്കിക്കൊടുത്തതും അനുജത്തിക്ക് കോളേജില്‍ സീറ്റ് മേടിച്ചു തന്നതും സതീഷേട്ടന്റെ പാര്‍ട്ടി സ്വാദീനമുപയോഗിച്ചാണു, അദ്ദേഹത്തിനീ ഗതി വന്നല്ലോ... അദ്ദേഹത്തിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.. എനിക്കു വിഷമം തോന്നി.. എന്റെയീ മരണം നേരത്തയായില്ലേ????? ഇനി എന്തു ചെയ്യും...
ഉം കാലന്‍ വരട്ടേ പറഞു നോക്കാം...
വൈകാതെ കാലനെത്തി.. കുറേ പറഞു നോക്കിയെങ്കിലും കാലന്‍ സമ്മതിച്ചില്ല... ഡ്യൂട്ടി ഈസ് ഡ്യൂട്ടി.. കൂടെപ്പോവുകതന്നെ വേണമെന്നു കാലന്‍ നിര്‍ബ്ബന്ദിച്ചു പറഞു, അയാള്‍ക്കു തീരുമാനമെടുക്കന്‍ കഴിയില്ലത്രേ... ദൈവത്തിനോട് നേരിട്ടു പറഞാല്‍ ചിലപ്പം സമ്മതിക്കുമത്രേ..
അങനെ എന്റെ ചലനമറ്റുകിടക്കുന്ന ശരീരത്തെ തനിച്ചാക്കി ഞാന്‍ കാലനോടൊപ്പം യാത്രയായി.
ഏഴാകശവും കടന്നു ഞാന്‍ ദൈവത്തിന്റടുക്കലെത്തി. കാലന്റെ സ്പെഷ്യല്‍ റെക്കമ്മെന്റേഷന്‍ കാരണം എനിക്കു ദൈവത്തെ വേഗം തന്നെ നേരില്‍ കാണാന്‍ കഴിഞു. ഒരു പാവം മനുഷ്യന്‍.. ദൈവമാണെന്ന ഒരഹങ്കാരവുമില്ല..
“ ഉം എന്താ കാര്യം?”
“ ദൈവം, ഞാനിന്നലെ ആത്മഹത്യ ചെയ്തു”
“ഉം നല്ല കാര്യം, അതുകൊണ്ടല്ലേ ഇവിടെ എത്തിയേ ???ബാക്കി പറയൂ ”
“ ദൈവം , ദൈവം.. ആത്മഹത്യ ചെയ്യുമ്പം എനിക്കു ചെയ്തു തീര്‍ക്കാന്‍ വെറെ ഒന്നുമുണ്ടായിരുന്നില്ല”
“ ഉം , എന്നിട്ടു?”
“ പക്ഷെ ഇങോട്ടു വരാന്‍ കാലനെ കാത്തു നില്‍ക്കുംമ്പോഴാണു ഞങടെ പാറ്ട്ടി സെക്രട്ടറി സതീഷേട്ടന്റെ അനുജനെ ആരോ കൊലപ്പെടുത്തിയ വിവരം അറിഞതു”
“ ഉം അതിനു?”
“ അല്ല ദൈവം, നിങള്‍ക്കറിയാമല്ലോ സതീഷെട്ടനെ, എന്നെ ഒരു പാടു സഹായിച്ചിട്ടുണ്ടദ്ദേഹം, അയാള്‍ക്കു വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ലാ...”
“ ഉം നിങ്ങള്‍ക്കിപ്പം എന്തു വേണം ?. അതു പറയൂ ”
“ ദൈവം എനിക്കൊരു ചാന്‍സു കൂടെ തരണം... രണ്ടേ രണ്ടു ദിവസം മതി.. സതീഷെട്ടന്റെ അനുജന്റെ കാതകരെ ഞാന്‍ കൊല്ലും, എന്നിട്ടു ഞാന്‍ വേഗം തിരിച്ചു വരും സാര്‍ ”
അതു കേട്ടതും ദൈവം നെറ്റി ചുളിച്ചു, തലയില്‍ ചൊറിഞു... “ മരിച്ചതു സതീഷന്റെ അനുജനാണോ????“ ദൈവം ചോദിച്ചു..
“ അതെ സാര്‍”
‘ ഉം നിന്റെ വികാരം ഞാന്‍ മനസ്സിലക്കുന്നു.. മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയുടെ കാര്യമാവുമ്പം എനിക്ക് എതിര്‍ത്തു പറയാനും പറ്റില്ല..ഉം പോയി വരൂ.....
മിസ്റ്ററ് കാലന്‍ ഇയാളെ തിരിച്ചു ഡ്രോപ്പ് ചെയ്യൂ”
ഇതു കേട്ടതും ഞാന്‍ ശരിക്കും ഞെട്ടി...
ദൈവമേ..... പാര്‍ട്ടി സെക്രട്ടറിയേ ദൈവത്തിനു പോലും പേടിയോ????
*****************************************************************************************************************************
കൂട്ടുകാരെ എന്റെ ഈ ചെറു കഥ ഗള്‍ഫ് മനോരമയില്‍ പ്രസിദ്ദീകരിച്ചു വന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ലിങ്ക് താഴെ:
http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=7564615&programId=6722890&tabId=15&contentType=EDITORIAL&BV_ID=@@@

Tuesday, July 20, 2010

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം.
എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ പുതിയ ബി എസ് എല്ലാര്‍ സൈക്കിള്‍ ചവിട്ടാം, ഉച്ചക്കു ഉമ്മ വാഴയിലയില്‍ പൊതിഞു തരുന്ന ചോറിന്റെ കൂടെയുള്ള ഓം‌ലെറ്റ് ഒറ്റക്കു കഴിക്കാം, പിന്നെ ഞങ്ങടെ ക്ലാസിലെ മിസ് കുണ്ടൂര്‍ക്കുന്ന് സിതാര എസ് നായരെ കൂ‍ട്ടോരോടപ്പം കൂടി പഞ്ചാരയടിക്കാം, ഞങ്ങടെ സ്കൂളിലെ മുഴുവന്‍ മാഷെന്മാരുടേയും ഉറക്കം കളയുന്ന സുന്ദരിയായ ബയോളജി മിസ് സുമലത ടീച്ചറെ കണ്ടോണ്ടിരിക്കാമെന്നുള്ളതൊക്കെ ആയിരിന്നു. അക്കാലത്ത് എനിക്കീ ഐശ്വര്യാ റായ് പ്രിയങ്കാ ചോപ്രയേമൊക്കെ ഇന്നത്തത്ര പരിചയമില്ലാത്ത കാരണം വലുതാവുമ്പം സുമലതി ടീച്ചറുടെ അത്ര ഭം‌ഗിയുള്ള ഒരു ഭാര്യയെ കിട്ടണേന്നു ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..

സ്കൂളില്‍ പോവാന്‍ സ്വന്തമായൊരു സൈക്കിള്‍ എന്ന എന്റെ തികച്ചും ന്യായമായ ഡിമാന്റ് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ദുരിതാശ്വാസ ഫണ്ടിന്റെ അപേക്ഷ പോലെ, “നിനക്കു ഒറ്റക്കു റോഡിലൂടെ സൈക്കിള്‍ ചവിട്ടാന്‍ പ്രായമായിട്ടില്ലടാ” ന്നു പറഞു പ്രാധമിക ഘട്ടത്തിലെ തന്നെ എന്റെ ഫാദര്‍ ഡിസൂസ തള്ളിക്കളയുകയാരിന്നു . ഹും അപ്പനൊക്കെ എന്തുമാവാലോ!!!

രാവിലേയും വൈകീട്ടും സ്വന്തം സൈക്കിളില്‍ ബാഗെല്ലാം പുറകെ വെച്ചു ഹമ്മറില്‍ സല്‍മാന്‍ ഖാന്‍ കണക്കെ വന്നിറങുന്ന ജിത്തുവിനെ ഞങ്ങടെ ക്ലാസിലെ ചുള്ളത്തികളായ ഗ്രീഷ്മയും സിതാരയടക്കമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ നോക്കിനില്‍ക്കുന്ന കാഴ്ച്ച എനിക്കു സഹിക്കാവുന്നതിലുമപ്പുറമായിരിന്നു.‍ സ്വന്തമായി ഉപഗ്രഹമില്ലെന്നു കരുതി ഇന്ത്യക്കു ബഹിരാകാശ പരീക്ഷണം നടത്താണ്ടിരിക്കാന്‍ പറ്റില്ലല്ലോ??? എനിക്കു സ്കൂളില്‍ പോവാണ്ടിരിക്കാനും.... അതുകൊണ്ടാണു ചെറുപ്പം മുതലേ എന്നെ എല്ലാ കളികളിലും തോല്‍പ്പിച്ചിട്ടുള്ള എന്റെ ആജന്മ ശത്രു, ജിത്തുവിനു ഞാന്‍ വാങിക്കുന്ന എല്ലാ ലക്കം ചിത്രഭൂമിയും വായിക്കാന്‍ കൊടുത്തും എന്റെ വീട്ടിലുണ്ടായ അടക്കാപ്പഴം ദിവസം നാലെണ്ണം വെച്ചു മുണുങ്ങാന്‍ കൊടുത്തും ഞ്ഞങ്ങള്‍ തമ്മില്‍ ഒരു കരാറുണ്ടാക്കിയത്. രാവിലെ സ്കൂളിലേക്കു സൈക്കിള്‍ ജിത്തു ചവിട്ടും ഞാന്‍ പുറകിലിരിക്കും, വൈകീട്ടു ഞാ‍ന്‍ ചവിട്ടും ജിത്തു പുറകിലും.. രണ്ട് പേര്‍ക്കും സ്വീകാര്യമായ ഒരു ബാര്‍ട്ടര്‍ സിസ്റ്റം... എങ്കിലും സ്കൂളിലാര്‍ക്കും എന്നോടൊരു മതിപ്പില്ലാ. ചിത്രഭൂമീടേം അടക്കാപ്പഴത്തിന്റേം രഹസ്യ കരാറൊന്നും അവര്‍ക്കറിയില്ലല്ലോ.. ബ്ലഡീ കണ്ട്രി ഇന്ത്യന്‍സ്...

ഒടുവില്‍ അറ്റകണക്കിനു മുട്ടയില്‍ ഒരു പ്രയോഗം നടത്തി, അപ്പന്റെ മനസ്സു മാറ്റിയാലോന്നു വരെ ആലോചിച്ചു. ബട്ട് വേണ്ടാ, പാവം അപ്പന്‍... ഇനി ഒറ്റ വഴിയെ ഉള്ളൂ.. ഉമ്മ വഴി കേന്ദ്രത്തില്‍ അച്ചന്റെ അടുക്കല്‍ ഒരു റെക്കമ്മെന്റേഷന്‍... അങ്ങനെ ഒരു ദിവസം മെല്ലെ ഉമ്മയുടെ അടുത്തു കൂടി കാര്യമവതരിപ്പിച്ചു... കാര്യം സൈക്കിള്‍ ഉമ്മക്കും ഇഷ്ട്ടമല്ലെങ്കിലും എന്റെ കടുത്ത ഭീഷണികള്‍ ( ഉപാഹാരമടക്കമുള്ള സമരങ്ങള്‍ ) ഭയന്നു ഉമ്മ ഫാദറിനോടു കാര്യം പറഞു.. അതില്‍ അപ്പന്‍ വീണു, സൈക്കിള്‍ മേടിച്ചു തരാമെന്നു അപ്പന്‍ സമ്മതിച്ചു, ബട്ട് സബ്ജെക്ട് ടു വണ്‍ കണ്ടീഷന്‍, ഹാല്‍ഫ് ഇയര്‍ലി എക്സാമിനു എല്ലാ വിശയത്തിലും 75 നു മുകളില്‍ മാര്‍ക്കു മേടിക്കണം.. ദേ കിടക്കുണു, ദിം തരികിട താ...

ലോക സൈക്കിള്‍ ടൂറിനു വിട്ടോ, ഞാന്‍ കപ്പു കൊണ്ടുവരും, സാറ്റ് കളിക്കോ ചട്ടിപ്പന്തു കളിക്കോ വിട്ടോ, ഇനി അതുമല്ലേല്‍ കബടിക്കോ, പൂജ്യം വെട്ടിക്കളിക്കോ വിട്ടോ, എല്ലാ ലോക കീരിടവും ഞങ്ങടെ വീട്ടിലെ ഷോക്കേസിലിരിക്കും... ബട്ട് ദിസ് ഈസ് ടൂ മച്ച് അപ്പാ, ടൂ മച്ച്.... ഈ പറഞ മാര്‍ക്കു മാത്രം ഞാന്‍ വാങൂല്ലാന്നു മാത്രല്ല അതിനടുത്തൂടെ പോലും പോവൂല്ലാന്ന എനിക്കും അതിനേക്കാള്‍ കൂടുതല്‍ എന്റെപ്പനും നന്നായിട്ടറിയാം.. അപ്പനാരാ മോന്‍!!!
ഒരു ഭാഗത്ത് സ്വന്തമായി ഒരു ഹെര്‍ക്കുലിസ് സൈക്കിളെന്ന എന്റെ സ്വപ്നവും മറുഭാഗത്ത് അപ്പന്റെ 75 മാര്‍ക്കും കൂടെ ഹാല്‍ഫ് ഇയര്‍ലി എക്സാമും.. ഐശ്വര്യാ റായിയേയും ബിന്‍ലാദനേം ഒരുമിച്ചു കണ്ട അവസ്ഥ...
പടിച്ചിട്ടു ഞാന്‍ എന്തായലും സൈക്കിള്‍ പോയിട്ടു സൈക്കിള്‍മാര്‍ക്ക് അഗര്‍ബത്തിപോലും മേടിക്കില്ല.. വാട്ട് ട്ടു ഡു??? ഒരൊറ്റ വഴിയേ ഉള്ളൂ.. ജന്മനാ സിദ്ദിച്ച കോപ്പിയടി വൈദഗ്ദ്യം...

അങ്ങനെ ആദ്യത്തെ പരൂക്ഷ വന്നു, സോഷ്യല്‍ സറ്റഡീസ്.. എന്നെകൊണ്ടു കഴിയും വിധം കുറച്ചൊക്കെ പടിച്ച്, തലേന്നു തന്നെ തയ്യാറാക്കിയിരുന്ന കോപ്പിയടിക്കാനുള്ള കടലാസു തുണ്ടുകളെല്ലാം കുറച്ചു അരയിലും, ഷൂസിനിടയിലും ബെഞ്ചിന്റെ മൂലയിലും എല്ലാം ഭദ്രമായി വെച്ചു.
എസ്സേക്കു വരാന്‍ സാധ്യതയുള്ള “ഒന്നാലോക മഹായുദ്ദത്തിന്റെ പ്രധാന കാരണങ്ങള്‍“ ഷൂസിനടിയിലും, “ഫ്രഞ്ചു വ്പ്ലവത്തിന്റെ കാരണങ്ങള്‍“ അരയിലും ‘റഷ്യന്‍ വിപ്ലവവും” “ബോസ്റ്റണ്‍ ടീപാര്‍ട്ടിയുമെല്ലാം“ ബെഞ്ചിന്റെ വിവിധ മൂലകളിലായും സ്ഥലം പിടിച്ചു.

പരീക്ഷ തുടങി, ശാന്ത ടീച്ചറായിരിന്നു എക്സാമിനര്‍.. ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പം തന്നെ പകുതി ടെന്‍ഷന്‍ തീര്‍ന്നു. കുറേ ഉത്തരം അറിയാം , ബാക്കി ഉത്തരങ്ങള്‍ അരയിലും ബന്‍ചിലുമൊക്കെ ഉണ്ട് താനും, പോരാത്തതിനു എസ്സേ “ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണങ്ങളും’... ഇന്നു ഞാനൊരു കലക്കു കലക്കുമെന്റെ കലക്കി കുട്ടാന്നു മനസ്സില്‍ പറഞു സിതാരയെ ഒന്നു ഒളികണ്ണിട്ടു നോക്കി എക്സാം എഴുതാന്‍ തുടങി.

അങനെ ഒരു വിധം എല്ലാം എഴുതി. ഇനി എഴുതാന്‍ ഞമ്മടെ “ഫ്രഞ്ച്” എസ്സേ മാത്രേ ഉള്ളൂ. . കോപ്പിയടിക്കാന്‍ വെച്ചിരുന്ന കടലാസിനായ് മെല്ലെ കൈ ഇട്ടു അരയില്‍ തപ്പിയ ഞാന്‍ ശരിക്കും ഞെട്ടി. ഈശ്വരാ അരയില്‍ വെച്ചിരിന്ന “ഫ്രഞ്ച് വിപ്ലവം“ കാണുന്നില്ല.. ടീചര്‍ കാണാതെ ഷര്‍ട്ട് പൊക്കി ഒന്നുടെ തപ്പി.. അയ്യോ.. ഫ്രഞ്ച് വിപ്ലവം അരയിലുരുന്ന് ബോറടിച്ചു പാന്റ്സിനിടയിലൂടെ താഴെക്കിറങിയിരിക്കുന്നെന്നു തോന്നുന്നു. ഞാന്‍ ഒന്നു ഇളകിയിരുന്ന് അരയിലൂടെ കയ്യിട്ടതും തൊട്ടപ്പുറത്തിരിന്നു പരൂക്ഷ എഴുതുന്ന സിതാര എന്നെ തുറിച്ചു നോക്കുന്നു. ഈശ്വരാ എല്ലാം പോയി. ഇവളിതെന്തു നോട്ടാ നോക്കുന്നേ.. “പെണ്ണേ നീ നിന്റെ പണി നോക്ക്, ഞാനാ ഫ്രഞ്ചു വ്പ്ലവം ഒന്നു തപ്പട്ടേ” എന്നുപറയണമെന്നുണ്ട്.. ബട്ട് ലവള്‍ വിടുന്നില്ല.. അവളുടേ നോട്ടം അരയിലെ എന്റെ കയ്യിലാ...
“അയ്യേ, ഈ പെണ്ണിനിതെന്തു കേടാ.. ട്രീ ഞാന്‍ അത്തരക്കാരനല്ല..അയ്യേ..അല്ലേ അല്ല..നീ വെറുതെ തെറ്റിദ്ദരിക്കല്ലെ’ എന്നു മെല്ലെ ഞാന്‍ പിറു പിറുത്ത് വീണ്ടും അരയില്‍ തപ്പി. ഈശ്വരാ പാന്റിനടിയില്‍ എല്ലാമുണ്ട്, എന്റെ സ്ഥാപക ജന്‍‌ഗമ വസ്തുക്കളെല്ലാം.. ബട്ട് ദേര്‍ ഇസ് നോ ഫ്രഞ്ച് വിപ്ലവം..
ഇന്റെ ഈ പരവശം കണ്ട്, ഈശ്വരാ ഇത്രേം കുട്ടികളുടെ ഇടയിലിരുന്നു ഈ എക്സാമിന്റെ സമയത്തു ഇവനിത്രേം വൃത്തികേടു കാണിക്കുന്നോ എന്ന ഭാവത്തോടെ സിതാര വീണ്ടും എന്നെതന്നേ നോക്കിയിരുപ്പാ.. “പെണ്ണേ, ഇതു നീ വിചാരിക്കുന്ന പോലല്ലാ, ഞാന്‍ എന്റെ പാന്റിനടിയിലെ ഫ്രഞ്ചു വിപ്ലവം തപ്പുവാ,ഇന്നിവിടെ ഫ്രഞ്ചു വിപ്ലവം നടന്നില്ലേ, റിസള്‍ട്ട് വന്നാ എന്റെ വീട്ടീ ഒന്നും രണ്ടും കഴിഞു മൂന്നാം ലോക മഹായുദ്ദം നടക്കും ” എന്നു വീണ്ടും മനസ്സില്‍ പറഞു ഞാന്‍ ഒന്നു കൂടെ കുനിഞിരിന്നു തപ്പാന്‍ തുടങി.
“സിതാരാ, എന്താ, എവിടയാ നോക്കിയിരിക്കുന്നേ??? എഴുതി തീര്‍ന്നോ???”ഞ്ഞങ്ങള്‍ രണ്ട്പേരേയും നെട്ടിച്ചു കൊണ്ട് ശാന്ത ടീച്ചര്‍ ചോദിച്ചു..
“ഇല്ല, ടീച്ചര്‍, ദോണ്ടെ ഇവിടെ പോക്കിരി കോപ്പിയടിക്കുന്നു!!!”
ഹാവൂ, സധാമാനായി... പുവര്‍ ഗേള്‍... ഞാന്‍ തെറ്റിദ്ദരിച്ചു.
“പോക്കിരി, നിന്നെ ഞാന്‍ കുറേ നേരായി ശ്രദ്ദിക്കുന്നു, നീ എന്തെടുക്കുവാ അവിടേ” ശാന്ത ടീച്ചര്‍...
“ അതു, ടീച്ചറേ ഞാനിവിടെ കുറച്ചു മുത്തും പവിഴവും വാരുവാ, എന്താ വരുന്നോ, ഒരു മിച്ചു വാരാം” എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാന്‍ തല താഴ്ത്തി മെല്ലെ പറഞു.. “ടീച്ചറേ എന്റെ പെന്‍സിലു താഴെപോയതാ”
“ഉം ഉം ടാ അധികം വിളച്ചിലെടുക്കാതെ അറിയുന്നതെഴുതി പോവാന്‍ നോക്ക്”...
“ ന്നാലും എന്റെ ടീച്ചറേ, ആ ഫ്രഞ്ചു വിപ്ലവം ഒന്നു തപ്പട്ടേ’ ന്നു പറയണമെന്നുണ്ടായിരിന്നു.. ബട്ട് വേണ്ടാ, കാരണം ഇനിയും കളിച്ചാ ടീച്ചറിടിച്ചെന്റെ കുത്തുബ് മിനാറിളക്കും..
“ന്നാലും സിതാരേ ക്രൂരേ, നീ എന്റെ വീടിന്റെ മുന്നിലൂടെയല്ലേ പള്ളീ പോവാ, എന്റെയുള്ളിലുറങിക്കിടക്കുന്ന ടി ജി രവിയെയാ നീ നോവിച്ചു വിട്ടേക്കണേ..“ ന്നു മനസ്സില്‍ കരുതി ഒന്നും മിണ്ടാതെ അറിയുന്നതെഴുതി പോവാന്നു കരുതി വെറുതെ ഒന്നു ബാക്കിലേക്ക തിരിഞു നോക്കിയ ഞാന്‍ കണ്ട കാഴ്ച്ച “ എന്റെ ഫ്രഞ്ചു വിപ്ലവം പേപ്പറിനടിയില്‍ വെച്ചു സുഖമായി പരൂക്ഷ എഴുതുന്ന എന്റെ ഫ്രണ്ട് മണ്ടരി മനീഷിനെയായിരിന്നു....
ന്നാല്ലൂന്റെ മനീഷേ...!!!!

Tuesday, May 11, 2010

എന്റെ പ്രിയപ്പെട്ട ഉമ്മാക്കായ്...
എന്റെ പ്രിയപ്പെട്ട ഉമ്മാ....
അവിടത്തെ കാല്‍ക്കല്‍ എന്തു കൊണ്ടു വെച്ചാലാണു , എനിക്കു തന്ന സ്നേഹത്തിനു പകരമാവുക...
എനിക്കുവേണ്ടിയനുഭവിച്ച വെദനകള്‍ക്കെങെനെയാണു ഞാന്‍ നന്ദി പറയുക...
ഒരിക്കലും ആ വറ്റാത്ത ആ സ്നേഹത്തിനു പകരം വെക്കാന്‍ ഈ ലോകത്തെന്താണുള്ളതു.....
ഇനിയുമുണ്ടെരു ജെന്മമെങ്കില്‍ , ഞാനാഗ്രഹിച്ചു പോകുന്നു എന്റെ പ്രിയപ്പെട്ട ഉമ്മയുടെ മകനായിപ്പീറക്കാന്‍........
പ്രവാസ ജീവിതത്തിന്റെ വരണ്ട നാളുകളില്‍ ഞാനറിയുന്നുമ്മാ നിങള്‍ കൂടെയില്ലാത്തതിന്റെ കടിന വേദന...

ഇവിടെ എന്നെ വിളിച്ചുണര്‍ത്താന്‍ , എനിക്കു നല്ലതു പറഞു തരാന്‍, മടിയില്‍ തലവെച്ചുറങ്ങാന്‍, സ്നേഹത്തിന്റെ മധുരം കൂട്ടി ചൊറുരുട്ടിത്തരാന്‍, തലയില്‍ എണ്ണയിട്ടു കുളിപ്പിക്കാന്‍ ഇവിടെയെനിക്കാരുമില്ലുമ്മാ‍ാ....

എങ്കിലും ദിവസവും ഞാന്‍ കാണുന്നുണ്ടെന്റുമ്മയെ, അറിയുന്നെന്റുമ്മയെ, എന്റ്റെ കൂടെ,ഓരോ നിമിഷവും, എന്റെ എല്ലാ പ്രവര്‍ത്തികളിലും എനിക്കുള്ള ആവേശമായ്, എനിക്കുള്ള താങായ്,തണലായ്.....

നമസ്കാര റൂമില്‍ നിന്നറങ്ങാതെ ഞങ്ങള്‍ക്കായ് പ്രാര്‍ത്തിക്കുന്ന എന്റ്റുമ്മാ , നിങ്ങളുടേ പ്രാര്‍ഥനയാണു, നിങളുടെ സ്നേഹമാണു, അനുഗ്രമാണു ഞങ്ങളുടെ ശക്തി....‍

ഇനിയും ഒരു നൂറുവര്‍ഷം ഈ സാമീപ്യവും പ്രാര്‍ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവട്ടേ എന്നു സര്‍വ്വശക്തനായ ദൈവത്തിനോടു ഉള്ളൂരുകി പ്രാര്‍തിച്ചുകൊണ്ടു...

എന്റുമ്മ്യ്യുടെ കവിളില്‍ ഒരായിരം ചുടു ചുംബനങ്ങളോടെ

എന്റുമ്മയുടെ പ്രിയപ്പെട്ട മകന്‍....

ഒരിക്കല്‍ കൂടി ഈ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃ ദിനാശംസകള്‍..

Monday, May 10, 2010

ലേഡീസ് ഹോസ്റ്റല്‍

പ്രധാനമായും മൂന്നു ആരാധനാലയങ്ങളാണു ഞങ്ങടെ കോളേജ് സ്ഥിതി ചെയ്യുന്ന മമ്പാട് ഉണ്ടായിരുന്നത്. ഒന്നു ഒരു മുസ്ലിം പള്ളി, പിന്നെ ഒരു ക്രിസ്റ്റ്യന്‍ ചര്‍ച്ച്, മൂന്നാമതായി ജാതി ഭേദമന്യേ മമ്പാട്ടുകാര്‍ എല്ലാം ആരാധിച്ചുപോരുന്ന വിളിച്ചാല്‍ ഉടനെ വിളികേള്‍ക്കുന്ന ദേവീ മൂര്‍ത്തികളുള്ള ഞങ്ങടെ കോളേജ് ലേഡീസ് ഹോസ്റ്റല്‍.

മമ്പാട് കോളേജിനു നേരെ മുന്‍വശത്തു കോളേജ് ലൈബ്രറിക്കു തൊട്ടു പുറകിലായിട്ടാണു മമ്പാട്ടുകാരും ഞങ്ങള്‍ വിദ്ദ്യാര്‍ഥികളും ജാതി മത ഭേതമന്യേ ഒരു പോലെ വാഴ്ത്തപ്പെടുന്ന ലേഡീസ് ഹോസ്റ്റല്‍ എന്ന ഈ വിശുദ്ദ ദേവാലയം സ്ഥിതി ചെയ്യുന്നതു. 2003-04 കാലഘട്ടത്ത് മലപ്പുറം ,നിലംബൂര്‍ വണ്ടൂര്‍, അരീക്കോട്‌,പെരിന്തല്‍മണ്ണ , മഞ്ചേരി എന്നീ പ്രാന്ത പ്രദേശങ്ങളിലെ വീട്ടില്‍ കാശുള്ള കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ട്യോള്‍ടെ അത്യപൂര്‍വ്വമായ കലവറ തന്നെയായിരിന്നു ഈ ഹോസ്റ്റല്‍. അങ്ങു കത്രീന കൈഫു മുതല്‍ ഇങ്ങു നമ്മൂടെ ബീനാ അന്റണിയെ വെരെ വെല്ലുന്ന സാധനുങ്ങളുണ്ടവിടെ. ചുമ്മാ പറഞ്ഞതല്ല.. എന്റമ്മച്ചിയാണെ സത്യം.

എന്നും രാവിലെ ഒരൊമ്പതു ഒമ്പതരയാവുമ്പോള്‍ പല കളറിലുള്ള ലഗോണ്‍ കോഴിക്കുഞ്ഞുങ്ങളെ കൂടു തുറന്നു പുറത്തു വിട്ടതു പോലെ പല സൈസിലും നിറത്തിലുമൂള്ള ഒറിജിനല്‍ ഒരുപ്പടികള്‍ ക്ളാസിലേക്കു ക്യാറ്റ് വാക്കു നടത്തുന്നതു കാണാന്‍ ആ നാട്ടിലെ ആണായിപ്പിറന്നവന്മാരെല്ലാം അങ്ക കച്ചയും കെട്ടി, കുട്ടിക്കൂറ പൌഡറും ഇട്ടു ഫെയറാന്‍ ലൌലിയും തേച്ചു ഒരു മുടക്കവും കൂടതെ നേരം പെര പെരാ വെളുക്കുന്നതിനു മുമ്പേ തന്നെ ഞങ്ങടെ കോളെജിന്റെ വാതില്‍ക്കല്‍ നില്പ്പുണ്ടാവും. പെണ്ണു കെട്ടാന്‍ മുട്ടി 5 ദിര്‍ഹംസിന്റെ റോയല്‍ മിറാഷിന്റെ സ്പ്രേം അടിച്ചു നാട്ടിലെത്തുന്ന ഗള്‍ഫുകാരു മുതല്‍ വാര്‍ക്കാ പണിക്കു പോവുന്ന നമ്മടെ ഫ്രണ്ട്‌ ഈയാന്‍പാറ്റ ശശി വരെ ഈ ഗ്രൂപ്പില്‍ ആക്റ്റീവ്‌ അംഗങ്ങളായിരിന്നു. വ്രത്തി കെട്ടവന്മാര്‍. ഹൌവെവെര്‍, ദി അള്‍ട്ടിമേറ്റ്‌ സംരക്ഷണം ആന്റ്‌ ഓദറൈസ്ട്‌ പഞ്ചാരയടിക്കല്‍ ഒഫ്‌ ദീസ്‌ ഒരുപ്പടികള്, സഹപാടികള്‍ എന്നുള്ള നിലക്കു ഞങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിന്നു..

ഹോസ്റ്റെല്‍ മെസ്സില്‍ നിന്നും മൂന്നു നേരവും ഒരു മുടക്കവും കൂടാതെ നല്ലോം വെട്ടി വിഴുങ്ങുക, വൈകുന്നേരം വരെ കാണാന്‍ കൊള്ളുന്ന ലവളുമാരുമായി ലൈബ്രറിയിലിരിന്നു ആഗോളപ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, പുതിയ റിലീസു ചിത്രങ്ങള്‍ റിലീസിന്റെ അന്നു തന്നെ ഒരു വഴിപാടു പോലെ മുടങ്ങാതെ കാണുക , എന്നീ ചീത്ത സ്വഭാവങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കാകെ ഉണ്ടായിരിന്ന സല്‍ഗൂണം എന്നു പറയുന്നതുദിവസവും ലാഡീസ്‌ ഹോസ്റ്റലിലെ സഹപാടികളുടെ സുഖവിവരങ്ങള്‍ അന്വേശിച്ചു അവരുടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നോക്കി നടത്തുക എന്നതായിരിന്നു. അല്ലേലും വീട്ടില്‍ നിന്നും മാറി താമസിക്കുന്ന ഞമ്മുടെ നല്ലവരായ സഹോദരിമാര്‍ക്കു ഞങ്ങളല്ലതെ വേറെ ആരാ ഉള്ളേ??? ങ്ങേ? ങ്ങേ??? അങനെ അവര്‍ക്കു വേണ്ട എല്ലാ സഹായ സഹകരണങ്ങളും മുന്നില്‍ നിന്നു ചെയ്തു ഞങ്ങള്‍ ഈ വിശ്വാസവും അതിന്റെ കൂടെ അവരുടെ പലതും ഞങ്ങള്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു.

അക്കാലത്തു ജീവിതം, പ്രത്യേകിച്ചു ഒരു കാരണവുമില്ലെങ്കിലും, ഏഷ്യാനെറ്റിന്റെ പരസ്യ വാചകം പോലെ അഘോഷിക്കു ഒരോനിമിഷവും എന്ന തത്ത്വത്തില്‍ വിശ്വസിച്ചു അഘോഷമാകിയിരുന്ന കാലമായിരിന്നു. ആഘോഷിക്കാന്‍ എല്ലാര്‍ക്കും ഒരോകാരണമുണ്ട്, എന്നാല്‍ ഞങ്ങള്‍ക്കു എല്ലാ ദിവസവും ഒരു കാരണമില്ലെങ്കിലും ആഘോഷമായിരിന്നു. അതിപ്പം കോളെജു ഡേ അയാലൂം യൂണിയന്‍ ഡേ ആയാലും കോമ്മേര്‍സ് ഡേ ആയാലും ഞങള്‍ ഹോസ്റ്റലുകാര്‍ ഒരുമിച്ചാഘോഷക്കും.

എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം ഒദറൈസ്ട് ആയിരുന്നെങ്കില്‍ ഇതൊന്നു മല്ലാതെ ഞങ്ങള്‍ മെന്സ് ഹോസ്റ്റലുകാര്‍ മാത്രം അണ്‍ ഓദറൈസ്ട്ആയി ആഘോഷിക്കുന്ന ഒരു പ്രത്യേക ദിവസമുണ്ട്. ഒരു വര്‍ഷം മുഴുവന്‍ ഞങ്ങള്‍ കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ചു കാത്തിരിക്കുന്ന ദിവസം. അതെ അതാണു ദി ഗ്രേറ്റ് ലേഡീസ് ഹൊസ്റ്റല്‍ ഡേ. അതായതു ലെഡീസ് ഹോസ്റ്റലിലെ ചെല്ലക്കിളികള്‍ കൈ മെയ് മറന്നു അര്‍മ്മാദിക്കുന്ന ദിവസം. അവരുടേ മാത്രം ഡേ. രാത്രി 8 മണിക്കു തുടങ്ങുന്ന അര്‍മ്മാദം 12 മണിവരെ ഉണ്ടാവും. പ്രവേശനം സ്തീകള്‍ക്കു മാത്രം, ന്നു വെച്ചാ പ്രോഗ്രാംസില്‍ പങ്കെടുക്കാനും കാണാനും ഹോസ്റ്റലിലെ സ്ഥിരം മെംബെര്‍സിനു പുറമെ അവരുടെ അടുത്ത കൂട്ടുകാരികള്‍, സഹോദരിമാര്‍‍ പിന്നെ ക്ഷണിക്കപ്പേടുന്ന കുറച്ചു ലാഡീസ് ടീച്ചേര്‍സിനും മാത്രം. സ്ഥിരം കലാപരിപാടികളായ മിമിക്രി, മൊണോ ആക്ട്, ശാസ്തിയ സഗീതം,സമൂഹ ഗാനം , ഭരതനാട്യം , കഥകളി എന്നി ലോക്കല്‍ പരിപാടികള്‍ക്കു പുറമേ സെപെഷ്യല്‍ ഐറ്റംസായി ഡപ്പാന്‍ കൂത്ത് , സിനിമാറ്റിക് ഡന്‍സു, വെസ്റ്റേണ്‍ ഡാന്‍സ് മുത ഫാഷന്‍ പരേട് വരെ ഉണ്ടാവും പ്രോഗ്രാമായിട്ടു.

2003 ഡിസംബര്‍,അന്നൊരു വെള്ളിയാഴ്ച്ചയായിരിന്നു. അമാവാസി നാളായതിനാലാവണം ആസ് യൂശ്വല്‍ ഭയങ്കര ഇരുട്ട്. അതെ ഇന്നാണു ദി ഗ്രേറ്റ് ലേഡീസ് ഹൊസ്റ്റല്‍ ഡേ. സമയം രാത്രി പത്തു മണി. മണ്ടരി മനീഷിന്റെ നേത്രത്തത്തില്‍ ഞാനും അലമ്പു ദാസനും രമേഷുമടക്കം നാലംഗ സഘം ഹോസ്റ്റലിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലൂടേ ലേഡീസ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു .

വളരെ ശ്രദ്ദിച്ചു വേണം ഓരോ നീക്കവും, കാരണം പിടിക്കപ്പെട്ടാല്‍ മാനഹാനി, ശരീര ക്ഷതം, ധന നഷ്ട്ടം എന്നിവക്കു പുറമേ സെക്കന്റ് ബീകോമിലെ രമ്യാ എസ് പിള്ളക്കു ഞാന്‍ കൊടുത്ത അപ്ലിക്കേഷന്‍ ഒറ്റയടിക്കു റിജക്റ്റാവൂന്നു മാത്രല്ല ക്രൂരനായ എന്റപ്പന്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിട്ടു താങും. മറിച്ചു പിടിക്കപ്പെടാതിരുന്നാല്‍ സുവോളജിയിലെ സുമലതടത്രേം ലുക്കുള്ള സുമയുടെ സിനിമാറ്റിക് ഡാന്‍സ്, ബീ കോമിലെ നിഷ എസ് നായരുടെ വെസ്റ്റേണ്‍ ഡേന്‍സ് , പിന്നെ ഞങ്ങടെ കംബസിലെ സപൈസ് ഗേള്‍സ് എന്നറിയപ്പെടുന്ന സുജ , ലത, മഞ്ചു, ധന്യ എന്നീ ചുള്ളത്തികള്‍ മുഴുവന്‍ അഭിനയ ശേശിയും പുറത്തെടുത്തഭിനയിക്കുന്ന ഫഷന്‍ പരേടും ലൈവായിക്കാണം.. ഹോ ഓര്‍ക്കുമ്പം തന്നെ മനസ്സില്‍ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി. അങിനെ ഒരില അനങ്ങിയാല്‍ പോലും ചാടി എണീറ്റു "അങ്കെ യാറടാ തിരുട്ടു പയലുകളെ" എന്നു ചോദിക്കുന്ന വാച്ചര്‍ മുത്തുവിനെയും പറ്റിച്ചു, ശബ്ദമുണ്ടാക്കാതെ ഞങ്ങള്‍ ലേഡീസ് ഹോസറ്റലിന്റെ പിന്‍ ഭാഗത്തു സൈഫ് ആയി ലാന്റ് ചെയ്തു.

ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹോസ്റ്റെലിന്റെ ഉള്ളിലേക്ക് ചാഞു നില്‍ക്കുന്ന മാവിലേക്കു ശബ്ദം ഉണ്ടാക്കാതെ കേറി ആരും കാണാതെ എന്നാല്‍ പ്രോഗ്രാം എല്ലാം കാണാന്‍ പറ്റുന്ന തരത്തില്‍ സൈഫായി ഒരു കൊമ്പില്‍ ഇരിക്കുക എന്നുള്ളതാണു. ഓരൊരുത്തരായി മെല്ലെ മെല്ലെ കെറി ഒരൊരോ കൊമ്പിലായി അവരവരുടെ സ്ഥാനത്തിരുന്നു. എറ്റവും മുകളിലെ കൊമ്പില്‍ തന്നെ മണ്ടരി മനീഷിനു പ്ലൈസ്മെന്റ് കിട്ടി, ഭാഗ്യവാന്‍, എല്ലാം ഭംഗിയായി കാണം. നെരെ എതിര്‍വശത്തായി അലമ്പു ദാസന്‍ മറ്റൊരു കൊമ്പില്‍, പക്ഷെ ഇരുത്തം ശരിയാകാത്തതു കാരണം പരിപാടികള്‍ വ്യക്തമായി കാണാന്‍ പറ്റാത്തതിന്റെ നിരാശ അവന്റെ മുഖത്തുണ്ട്. ഞാനും രമേട്ടന്നും താഴെയായി കിട്ടിയ കൊമ്പില്‍ സ്ഥാനം പിടിച്ചു.


സ്റ്റേജില്‍ “അപലകള്‍ക്കൊരാലയം” തടിച്ചി അശ്വതിയും സംഘവും അവതരിപ്പിക്കുന്ന നാടകം അരങു തകറ്ക്കുന്നു. വേദിയിലെ മുന്‍ നിരയില്‍ ശോശാമ ടീച്ചറും സരിത ടീച്ചറും പിന്നെ ഞങ്ങളുടെ പ്രിന്‍സിപ്പലിന്റെ ഭാര്യയും ഹോസ്റ്റല്‍ വാര്‍ഡനുമായ ഹസീന ടീചറുമടങുന്ന പുലികള്‍ , അതിനു തൊട്ടു പിന്‍ നിരയില്‍ രമ്യ, സുധ , സുമ, മഞ്ചു തുടങി എല്ലാ ചുള്ളത്തികളും... ഹോ മനസ്സില്‍ വീണ്ടും ഒരായിരം ലഡു ഒരു മിച്ചു പൊട്ടി.

നാടകം തീര്‍ന്നതും , “ ജഡ്ജസ്റ്റ് പ്ലീസ് നോട്ട് ദി നെക്സ്റ്റ് ഐറ്റെം ഫാഷന്‍ പരേഡ് ബൈ സുജ ആന്‍ ഗ്രൂപ്പ് ഓണ്‍ ദ സ്റ്റേജ്” എന്ന അനൌണ്‍സ്മെന്റ് കേട്ടതും ദാസന്റെ മുഖം സന്തോഷം കൊണ്ടു ഒന്നുകൂടെ കറുത്തു. ചുള്ളത്തികള്‍ ഒന്നൊന്നായി സ്റ്റേജ്ജിലേക്ക് ക്യാറ്റ് വാക്കു തുടങിയതും അലമ്പു ദാസനു ആവേശം അടക്കാനായില്ല. ചുള്ളത്തികളെ വ്യക്തമായി കാണാത്തതു കാരണം അവന്‍ ഇരിക്കുന്ന കൊമ്പില്‍ നിന്നൊന്നു നീങിയിരിന്നു.

ഭാവിയിലെ ഐശ്വര്യാ റായ്, സുസ്മിതാ സെന്‍ ശ്രേണിയിലേക്കുള്ള അടുത്ത സംഭവന ഞങ്ങടെ കോളേജീന്നായിരിക്കുമെന്നു തെളിയിക്കുന്ന തരത്തിലുള്ള ചുള്ളത്തികളുടെ ഈ അപാര പ്രകടനം കണ്ടു കണ്ണൂ തള്ളിയിരിക്കുന്ന ദാസന്‍ തന്റെ ഇരിപ്പിടത്തില്‍ ആരോ നുള്ളുന്നതു പോലെ തോന്നിയെങ്കിലും ആവേശം കാരണം തീരെ മൈന്റിയില്ല. ഒന്നു കൂടെ അമര്‍ന്നിരുന്നു. പോരേ പൂരം. കൊടുത്താല്‍ കൊമ്പിലായാലും കൂമ്പിനിട്ടു കിട്ടുമെന്നു ദാസനറിയില്ലല്ലോ. കാരണം ദാസന്‍ ഇരുന്നിരുന്നതു ആ മാവില്‍ വര്‍ഷങളായി കുടുംബ സമേദം സന്തോഷത്തോടെ ജീവിതം നയിച്ച് പ്പൊന്നിരുന്ന ഏതോ നല്ല ഉശിരന്‍ ചോണോനുറുമ്പിന്‍ കൂട്ടത്തിന്റെ മുകളിലായിരിന്നു. ദാസന്റെ പെട്ടെന്നുള്ള ഈ കടന്നാക്രമണതില്‍ ക്ഷുഭിതരായ ഉറുമ്പിന്‍ കൂട്ടം പല ദിക്കുകളായി തിരിഞു താലിബാന്‍ അമേരിക്കയെ ആക്രമിച്ച പോലെ ദാസന്റെ കള്ളിമുണ്ടിനിടയിലൂടെ കേറി കുത്തുബു മീനാര്‍ കണക്കേ ഉയര്‍ന്നു നില്‍ക്കുന്ന ദാസന്റെ പെന്റഗണ്‍ തന്നെ നോക്കി വമ്പന്‍ ആക്രമണം ഒരു മുന്നറിയുപ്പുമില്ലാതെ അഴിച്ച് വിട്ടു. ഈശ്വരാ ഭാവിയില്‍ മൂന്നു കോടിക്കും മുന്നൂറു പവനും വേണ്ടി ഉഴിഞിട്ടിരിക്കുന്ന തന്റെ മര്‍മ്മത്തു തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന ഈ ആക്രമണത്തില്‍ ഒന്നു ഞെട്ടിയ ദാസന്‍ കൊമ്പിലെ പിടുത്തം വിട്ട് ഇരിക്കുന്നതെവിടെന്നു പോലുമാലോചിക്കാതെ ആക്രമണം നടന്ന സ്ഥലത്തു ചോറിഞ്ഞു. കൊമ്പിലെ ആകെ ഉണ്ടായിരുന്ന പിടുത്തം വിട്ടതോടെ ദാസന്റെ എല്ലാ ബാലന്‍സും ഒരുമിച്ചു നഷ്ട്ടമവുകയും അടുത്ത നിമിഷത്തില്‍ തന്നെ ദാസന്‍ “എന്റമ്മേഏഏഏഏഏഎഏ” എന്നാലറി വളരെ ഭംഗിയയി താഴെക്കു ക്രാഷ് ലാന്റു ചെയ്യുകയും ചെയ്തു . ആക്ച്വലി സംഭവിച്ചെതെന്തെന്നു അറിയാതെ ഞെട്ടിത്തരിച്ച ഞങ്ങള്‍ താഴേക്കു നോക്കുമ്പോള്‍ കണ്ടതു വേദിക്കു നടുവിലായി മലര്‍ന്നടിച്ചു രണ്ടു കാലും കയ്യും മുകളിലേക് നീട്ടി മലര്‍ന്നു കടന്നു നിലവിളിക്കുന്ന പാവം ദാസനേയായിരിന്നു. ബട്ട് വാട്ട് ദ ഹെല്‍. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയ ഞങള്‍ ഞെട്ടിന്നു മാത്രല്ല, ശെരിക്കും ഞെട്ടി,കാരണം ദാസന്റെ ഉടുമുണ്ടു കാണുന്നില്ല. വെറും അണ്ടര്‍ വിയര്‍ മാത്രം ഇട്ടു ദാസന്‍ കിടക്കുന്ന കിടപ്പു കണ്ടാ വി ഐ പി കളസത്തിന്റെ മോഡല്‍ കിടക്കുവാന്നു തോന്നും. മുണ്ടിനെന്തു പറ്റിയെന്നറിയാന്‍ മുകളിലെക്കു നൊക്കിയ ഞങ്ങള്‍ കണ്ട കാഴ്ച്ച പെട്ടെന്നുള്ള വീഴ്ച്ചയില്‍ യജമാന സ്നേഹമില്ലാത്ത ദാസന്റെ മുണ്ട് മാവിന്‍ കൊമ്പില്‍ കുടുങുകയും, ആഗസ്റ്റ് 15 നു ഞങ്ങടെ കൊളേജില്‍ ഉയര്‍ത്തുന്ന ഇന്ത്യയുടെ തിവര്‍ണ്ണ പതാക പാറുന്ന കണക്കെ കാറ്റത്തു പാറിക്കളിക്കുകയുമായിരിന്നു.


ഓ ടോ: അതിനു ശേഷം ഇന്നേവരെ മമ്പാട് ഹോസ്റ്റലില്‍ ഹോസ്റ്റല്‍ ഡേ നടത്തിയിട്ടില്ല. (ഞങ്ങളെകൊണ്ടു അത്രേ പറ്റൂ).

ഡിസ്‌ക്ലൈമര്‍ : 'ജീവിച്ചു പോയവരോ മരിച്ചിരിക്കുന്നവരോ ' ആയ ആരെങ്കിലും വന്നു ഈ കഥയിലെ കഥാപാത്രമാണെന്നോ,അല്ലെന്നോ പറയുകയും എനിക്കെതിരെ ബൂലോക കോടതിയില്‍ പീഡനക്കേസ്‌ ഫയലുചെയ്യുകയും ചെയ്താല്‍ എനിക്കൊരു കുന്തോല്ലാ... ഹല്ല പിന്നെ...