
“അമ്മേ ഓടിവായേ, സുമേ,രമേ, സൌമ്യേ ഓടിവായേ, ദോണ്ടേ ഈ വാസു എന്റെ..........” എന്നുള്ള ലീലയുടെ കാള മൈക്കിലെ ശബ്ദം പോലെയുള്ള കരച്ചില് കേട്ടു കൂട്ടികളെല്ലാം അങോട്ടു നോക്കി. അവിടെയതാ നമ്മുടെ ക്ലാസ് ടീച്ചര്‍ ശോശാമ ടീച്ചറുടെ പുന്നാര മോള് ലീല അന്നു രാവിലെ മുഖത്തു വാരിപ്പൊത്തിയ കണ്മഷിയും പൌഡറും എല്ലാം മുഖത്താകെ തേച്ചു പിടിപ്പിച്ചു മുടിയെല്ലാം കാറ്റില്‍ പറത്തി കയ്യില്‍ ഒരു കോമ്പസും പിടിച്ച് മണിച്ചിത്രത്താഴിലെ ശോഭന നിക്കുന്ന കണക്കെ നിക്കുന്നു.കണ്ണില്‍ നിന്നും കണ്ണുനീര് ഭാരതപ്പുഴ കരകവിഞൊഴുകും പോലെ നിറഞൊഴുകുന്നു. അവളുടെ തൊട്ടടുത്തു തന്നെ പുതിയതായി വാങ്ങിയ ഷൂ ഇട്ടു കല്ല്യാണത്തിനു പോകൂമ്പോള് ചാണകത്തില്‍ ചവിട്ടിയ മുഖഭാവവുമായി ഞാന്‍ തല കുനിച്ചു നില്ക്കുന്നു. ദൈവമെ എന്തു പറ്റി വാസു അവളയെങ്ങാനും പീഡിപ്പിച്ചോ അതോ പേഡിപ്പിച്ചോ? ലോക പീഡന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പീഡന കഥ ചരിത്രത്താളുകളില്‍ എഴുതിവെക്കാന്‍ വെമ്പുന്ന മുഖ ഭാവത്തോടെ ക്ലാസിലെ എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു.
അന്നു ഞാന്‍ മണ്ണാര്‍ക്കാടു പോലീസ് സ്റ്റേഷനടുത്തുള്ള യു . പി സ്കൂളില്‍ ഏഴാം ക്ലാസില്‍ അഭ്യാസം നടത്തുന്നു. കയ്യില്‍ കിട്ടുന്ന ചില്ലറ കാശിനു കൂടെയുള്ളവര്‍ക്കെല്ലാം ഉണ്ടപ്പൊരിയും കോലൈസും വാങിക്കൊടുത്തു സ്വന്തമായി അഞ്ചാറു അംഗരക്ഷകരെയും വെച്ച് ഞാന്‍ ഉഗ്രപ്രതാപിയായി വാഴുന്ന കാലം.
ഞങ്ങളുടെ ക്ലാസിലായിരുന്നു ശോശാമ ടീച്ചറുടെ പുന്നാര മോള് ലീല പഠിച്ചിരുന്നത്.തനി പഠിപ്പിസ്റ്റായിരുന്ന അവള്‍ക്കു ,ഞങളുടെ സ്കൂളിലെ മുഴുവന്‍ അടിപിടി കേസുകളും കൊട്ടേഷന്‍ എടുത്തു നടക്കുന്ന എന്നെ കാണുന്നതു തന്നെ കലിയായിരിന്നു. അങ്ങനെയിരിക്കെയാണു ലീല പുതിയതായി ഒരു ബാഗ് മേടിച്ചത്. ഉച്ച കഞിക്കുള്ള പാത്രം ഇട്ടുകൊണ്ടുവരുന്ന ഒരു കവര്‍ മാത്രം സ്വന്തമായിയുള്ള എനിക്കാ ബാഗ് വളരെ അധികം ഇഷ്ട്ടമായി. ആ ഇഷ്ട്ടം കാരണം എന്റെ കയ്യിലെ കോമ്പസു കൊണ്ട് ഞാന്‍ ലീല യുടെ ബാഗില്‍ ഒരു ചെറിയ ചിത്രം വരച്ചു. ബാഗാത്രെ ബാഗ്, നൂറ്റന്പതു രൂപയുടെ ജെനുവിന് ലെതറായിട്ടെന്താ, സാധനം കീറി.നമ്മളെ കൊണ്ട് അത്രെ അല്ലെ ചെയ്യാന്‍ പറ്റൂ.
അങ്ങനെ ഹെഡ്മാഷും , ശോശാമ ടീച്ചറും, മറ്റു മൂന്നു ടീച്ചര്‍മാരും ചെര്‍ന്ന അഞ്ചംഗ കമ്മിറ്റിക്കു മുന്നില്‍ എന്നെ വിചാരണ ചെയ്തു. “ടീച്ചറെ ഞാന്‍ അറിഞു കൊണ്ട് ചെയ്തല്ലാ, മനപ്പൂര്‍വ്വം പറ്റിയതാ“ എന്നു ഒരു പാടു പറഞ്ഞു,..“എടാ, നിന്നെ ഒന്നും ഉപദേശിച്ചിട്ടു ഒരു കാര്യവും ഇല്ല,കാര്ണം നായ് കാട്ടം എത്ര കഴുകിയാലും നന്നാവില്ലാ“ എന്നു പറഞു എന്റെ ചന്തിക്കു ടീച്ചര്‍ വലിച്ചു നീട്ടി നാലടി. കുറച്ചു കഴിഞു തപ്പി നോക്കിയപ്പോള്‍ റോഡിലെ ഹമ്പിന്റെ രൂപത്തില്‍ നാലു വര.അതോടെ ഞാന്‍ അന്നോളം ഉണ്ടാക്കി വെച്ച എന്റെ എല്ലാ ഇമേജും കമ്പ്ലീറ്റ് ഇല്ലാതായി, മാത്രമല്ല അന്നുമുതല്‍ക്ക് ടീച്ചര്‍ക്കെന്നെ കാണുമ്പോ എന്തൊ ഒരു ചതുര്‍ഥിയാ.അതു കൊണ്ട് തന്നെ,ടീച്ചറുടെ ക്ലസ്സില്‍ ഞാന്‍ മിണ്ടാറില്ല.. എന്തിനാ വെറുതെ അടികൊടുത്ത് വടി മേടിക്കുന്നെ.
പതിവുപോലെ അന്നും ശോശാമ ടീച്ചര്‍ ക്ലാസിലെത്തി,സയന്‍സ് പഠിപ്പിക്കാന്‍. അന്നും ടീച്ചര്‍ വന്ന ഉടനെ എന്നെ ഒന്നു ഇരുത്തി നോക്കി. ഹും പടക്കക്കച്ചവടക്കാരന്റെ നായയെ ഇടക്ക കൊട്ടി പേടിപ്പിക്കുന്നു ,എന്നു മനസ്സില്‍ കരുതി ഞാന്‍ അതു കര്യമാക്കാതെ മിണ്ടാണ്ടിരിന്നു . ടീച്ചര്‍ ക്ലാസ്സു തുടങി.“കുട്ടികളെ ഞാന്‍ നിങ്ങളൊടു,ഇന്നലെ പടിപ്പിച്ച പാഠത്തിലെ കുറച്ചു ചോദ്യങള്‍ ചോദിക്കാന്‍ പോവുകയാണ്..അറിയുന്നവര്‍ എണീറ്റു നിക്കുക“…
“ആദ്യ ചൊദ്യം: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്റെ പേരെന്താണ്??? “
ചുറ്റുപാടും ഒന്നു തിരിഞു നോക്കിയപ്പോള്‍ ആരും എണീറ്റുനില്‍ക്കുന്നില്ല, ഈശ്വരാ…ഉത്തരം ആര്‍ക്കും അറിയില്ല, എത്ര നിസ്സാരമായ ചോദ്യം.പക്ഷെ ആര്‍ക്കും അറിയില്ല .എന്റെ തലയിലെ എല്ലാ ബള്ബ്ബുകളും ഒരേ സമയം മിന്നിക്കത്തി , രണ്ട് നിമിഷത്തിനകം ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ക്ലാസിലെ പുലികള്‍ക്കു പോലും അറിയാത്ത ആ ഉത്തരം എനിക്കറിയാം. ഈശ്വരാ..ഇതു തന്നെ അവസരം. ടീച്ചറുടെ ദേഷ്യം മാറ്റേം ചെയ്യാം, നഷ്ട്ടപ്പെട്ട എന്റെ ഇമേജ് തിരിച്ചു പിടിക്കേം ചെയ്യാം, മോറോവര്‍ ലീലയുടെ മുന്നില്‍ ഒന്നു ആളാവുകേം ചെയ്യാം. ഞാന്‍ മെല്ലെ എണീറ്റു നിന്നു. ലോകാല്ഭുതങ്ങളെല്ലാം ഒരുമിച്ചു കണ്ട ആശ്ചര്യത്തോടേ മുഴുവന്‍ കുട്ടികളും എന്നെ തുറിച്ച് നോക്കുന്നു.,ഇവന് ഇതെങനെ പടിച്ചു എന്ന ഭാവത്തില്‍..
ടീച്ചര്‍ക്കു വളരെ സന്തോഷമായി. ഒരാളെങ്കിലും ഉണ്ടല്ലോ. ടീച്ചര്‍ കൂട്ടികളൊടു പറഞു” നിങ്ങള്‍ എല്ലാവരും വാസുവിനെ കണ്ട് പടിക്കണം,അവന് കളിച്ചു നടന്നാലും പഠിക്കും“, . എനിക്കെന്നോടു തന്നെ ബഹുമാനം തോന്നിയ എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം,എന്നെ പരിഹസിച്ചവരോടെനിക്കു പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഞാന്‍ ലീലയെ ഒന്നു ഇടങ്കണ്ണിട്ടു നോക്കി, അവളുടെ മുഖത്തൊരു പുഛ്ചഭാവം.
“വാസൂ നീ ആ ഉത്തരം ഉറക്കെ ഇവര്ക്കൊന്നു പറഞു കൊടുത്തെ “
ഞാനെന്റെ പരമാവധി ശബ്ദ്ത്തില്‍ ക്ലാസു മുഴുവന്‍ കേള്ക്കുമാര് ഉത്തരം പറഞു.” ചട്ടകം” !!!
ഇതു കേട്ടതും കുട്ടികള്‍ എല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ഞെട്ടിത്തരിച്ച ടീച്ചര്‍ ദേഷ്യത്തൊടെ എന്നെ തുറിച്ചു നോക്കി. എന്നിട്ടു ച്യോദിച്ചു” വസു നിനക്കു ഞാന്‍ ചോദിച്ച ചോദ്യം എന്താണെന്നു അറിയോ???
““ഓ അറിയാം“.,
“എന്താ ഞാന്‍ ചോദിച്ചെ ? പറഞേ…“
“ഞാന്‍ മെല്ലെ പറഞു: “ഉപ്പുമാവു ഇളക്കുന്ന ഉപകരണത്തിന്റെ പേരല്ലെ?
.
.
.
.
.
.
.
അന്നു മുതല്‍ ക്ലാസ്സില്‍ എനിക്കു പുതിയ വിളിപ്പേരായി
“ ചട്ടകോമീറ്റര്‍ ”